Source :- SIRAJLIVE NEWS
തൃശ്ശൂര്‍ | വന്‍ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്ത 34 അംഗ ഗുണ്ടാസംഘത്തെ തൃശ്ശൂരില്‍ പോലീസ് പിടികൂടി. കൊടകര കുഴല്‍പ്പണ കേസിലെ പ്രതി മാര്‍ട്ടിന്‍ അടക്കം നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍. 34 അംഗ സംഘടിത ഗുണ്ടാ സംഘത്തില്‍ (ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ്) കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങി നൂറിലധികം കേസുകളിലെ പ്രതികളാണ് ഉള്‍പ്പെടുന്നത്.
പനംകുളത്തെ വീട്ടില്‍ ഇവര്‍ ഒത്തുകൂടിയത് സംഘടിത കവര്‍ച്ച ലക്ഷ്യമിട്ടാണെന്നു പോലീസ് പറഞ്ഞു. വടിവാള്‍, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി തുടങ്ങി മാരകായുധങ്ങളും ഇവര്‍ കരുതിവെച്ചിരുന്നു. നാലു കാറുകളും 14 ബൈക്കുകളും മൂന്ന് ഐഫോണുകള്‍ അടക്കം 33 മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊടകര കുഴല്‍പ്പണ കേസിലെ പ്രതി മാര്‍ട്ടിനാണ് സംഘത്തലവന്‍. ബി എന്‍ എസ് 310,111,27 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.



