Home LATEST NEWS malyalam പുതിയ വാർത്ത വനിതകൾക്കായി സ്കോളർഷിപ്പുകൾ

വനിതകൾക്കായി സ്കോളർഷിപ്പുകൾ

7
0

Source :- SIRAJLIVE NEWS

ന്താരാഷട്ര വനിതാ ദിനത്തോടനബന്ധിച്ച് സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് വിവിധ സംഘടനകളും സ്ഥാപനങ്ങളും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സ്‌കോളർഷിപ്പുകളും ഫെലോഷിപ്പുകളുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ പൂർണ ധനസഹായമുള്ള അന്താരാഷ്ട്ര സ്‌കോളർഷിപ്പുകൾ മുതൽ സൗജന്യ മാനേജ്‌മെന്റ് പ്രോഗ്രാമുകളും ഗവേഷണ ഫെലോഷിപ്പുകളും വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഉന്നത വിദ്യാഭ്യാസം, നേതൃത്വം, നവീകരണം എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തലാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ബ്രിട്ടീഷ് കൗൺസിൽ സ്കോളർഷിപ്പ്

2026-27 അധ്യയന വർഷത്തേക്ക് യു കെയിൽ സ്റ്റെം (സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ്) കോഴ്‌സുകൾ പഠിക്കുന്നതിനായി സ്ത്രീകൾക്ക് ബ്രിട്ടീഷ് കൗൺസിൽ പൂർണ ധനസഹായമുള്ള സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നു. ശാസ്ത്രത്തിലും നവീകരണത്തിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഓരോ സ്‌കോളർഷിപ്പിനും കുറഞ്ഞത് 40,000 പൗണ്ട് (ഏകദേശം 36.16 ലക്ഷം ഇന്ത്യൻ രൂപ) നൽകും. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, യാത്രാ, വിസാ ചെലവുകൾ, ആരോഗ്യ പരിരക്ഷ, ഇംഗ്ലീഷ് ഭാഷാ പഠനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ഗവേഷണത്തിനും അക്കാദമിക് മികവിനും പേരുകേട്ട യു കെയിലെ പ്രമുഖ സർവകലാശാലകളിൽ പഠിക്കാൻ അവസരം ലഭിക്കും.

സർവകലാശാല

  • എഡിൻബർഗ്
  • ഗ്ലാസ്‌ഗോ
  • മാഞ്ചസ്റ്റർ
  • ലണ്ടൻ ക്വീൻ മേരി
  • ലണ്ടൻ ബ്രൂണൽ

അപേക്ഷകർക്ക് ഒന്നിലധികം സർവകലാശാലകളിലേക്ക് അപേക്ഷിക്കാം. ഓരോ സ്ഥാപനത്തിനും വെവ്വേറെ അപേക്ഷകൾ നൽകണം. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ, സമയപരിധി എന്നിവ സർവകലാശാലകളിലുടനീളം വ്യത്യാസപ്പെടുന്നു.

യു പി ഇ എസ്

ഡെറാഡൂണിലെ പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് സർവകലാശാല (യു പി ഇ എസ്), 2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് “1,000 സ്ത്രീകൾ – 1,000 സ്വപ്നങ്ങൾ’ എന്ന പദ്ധതി ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള അർഹരായ സ്ത്രീകൾക്ക് ഓൺലൈൻ എം ബി എ പ്രോഗ്രാമിനായി പൂർണ ട്യൂഷൻ ഫീസ് ഇളവ് നൽകുന്നതാണ് പദ്ധതി. സ്‌കോളർഷിപ്പുകൾ മൂന്ന് മുൻഗണനാ വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്.

1. സായുധ സേനാ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകൾ

സായുധ സേനയുമായി ബന്ധപ്പെട്ട സ്ത്രീകൾക്ക് 300 സ്‌കോളർഷിപ്പുകൾ നൽകും. ഇതിൽ കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥർക്കും സേവനത്തിലിരിക്കുന്നതോ വിരമിച്ചതോ ആയ പ്രതിരോധ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്കും പെൺമക്കൾക്കും 100 വീതം സ്കോളർഷിപ്പുകൾ നൽകും.

2. ടെക്, സ്റ്റാർട്ടപ്പുകൾ

സാങ്കേതിക കമ്പനികളിൽ ജോലി ചെയ്യുന്നതോ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതോ ആയ സ്ത്രീകൾക്കായി 250 സ്‌കോളർഷിപ്പുകൾ നീക്കിവെച്ചിട്ടുണ്ട്.

3. ഓപൺ വിഭാഗം

ബാക്കിയുള്ള 450 സ്‌കോളർഷിപ്പുകൾ ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾക്ക് ലഭ്യമാകും. ഇതിൽ യു പി ഇ എസിലെ യോഗ്യരായ വനിതാ ജീവനക്കാർക്കും ലഭിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റായ https://apply.upes.ac.in/courses/ൽ ലഭ്യമാണ്.

ഗവ. സ്‌കോളർഷിപ്പുകൾ

ഇന്ത്യ സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ (ഐ എസ് ടി ഐ) സ്ത്രീകൾക്കായി നിരവധി സ്കോളർഷിപ്പുകൾ നൽകി വരുന്നു. ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ്‌ഡോക്ടറൽ മേഖലകളിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

പ്രധാനപ്പെട്ടവ

  • ഇൻസ്പെയർ- ഷീ (ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പ്)
  • ഒറ്റ പെൺകുട്ടികൾക്കുള്ള ബിരുദാനന്തര ഇന്ദിരാഗാന്ധി സ്‌കോളർഷിപ്പ്
  • സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള പെൺകുട്ടികൾക്കുള്ള പ്രഗതി സ്‌കോളർഷിപ്പ്
  • വൈസ് സ്കോപ് ഫെലോഷിപ്പ്
  • വനിതകൾക്കുള്ള യു ജി സി പോസ്റ്റ്- ഡോക്ടറൽ ഫെലോഷിപ്പ്
  • വിദ്യുഷി- ശാസ്ത്രീയ മേഖലയിലുള്ള സ്കോളർഷിപ്പ്
  • വൈസ് പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ്
  • വനിതാ ശാസ്ത്രജ്ഞ സ്‌കീം- എ
  • വനിതാ ശാസ്ത്രജ്ഞ സ്‌കീം- ബി
  • വനിതാ ശാസ്ത്രജ്ഞ സ്‌കീം- സി

കേന്ദ്ര സർക്കാർ, സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പ്, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ, ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ വഴിയാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.