Home LATEST NEWS malyalam പുതിയ വാർത്ത റമസാനിലെ അവസാന വെള്ളി; വിശ്വാസികളാല്‍ നിറഞ്ഞ് ഇരുഹറമുകള്‍

റമസാനിലെ അവസാന വെള്ളി; വിശ്വാസികളാല്‍ നിറഞ്ഞ് ഇരുഹറമുകള്‍

5
0

Source :- SIRAJLIVE NEWS

മക്ക/മദീന | വിശുദ്ധ റമസാന്റെ അവസാനത്തെ പത്തിലെ വെള്ളിയാഴ്ചയില്‍ ഇരുഹറമുകള്‍ വിശ്വാസികളാല്‍ നിറഞ്ഞു. അവസാന ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രിയോടെ തന്നെ ഇരുഹറമുകളും ലക്ഷ്യമാക്കി വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. രാവിലെയായപ്പോള്‍ ഹറം പള്ളികളുടെ അകവും മുറ്റവും സമീപത്തെ റോഡുകളുമെല്ലാം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു.

പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ: അഹമ്മദ് ബിന്‍ അലി അല്‍-ഹുദൈഫിയും മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. ഫൈസല്‍ ഗസ്സാവിയും ജുമുഅ ഖുത്ബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.

റമസാന്‍ മാസം നമ്മെ വിട്ടുപോകുകയും കടന്നുപോകുകയും ചെയ്യും. അല്ലാഹുവിനോടുള്ള ഉടമ്പടിയില്‍ എപ്പോഴും വിശ്വസ്തത പുലര്‍ത്തി ആരാധനാ കര്‍മങ്ങളില്‍ മുഴുകി ജീവിതം ധന്യമാക്കണം. തന്റെ അടിമകള്‍ക്ക് സ്രഷ്ടാവ് കാരുണ്യത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ നാഥന്റെ പ്രതിഫലം പ്രതീക്ഷിച്ച് അത് ഉപയോഗപ്പെടുത്തുന്നത് ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്. പാപമോചനത്തിന്റെ അവസാന മാസത്തിലാണ് നാം. പശ്ചാത്തപിക്കാന്‍ തിടുക്കം കൂട്ടുകയും അത് വൈകിപ്പിക്കാതിരിക്കുകയും വേണം. റമസാനില്‍ പശ്ചാത്തപിക്കാത്തവന്‍ എപ്പോള്‍ പശ്ചാത്തപിക്കും. ഈ അനുഗൃഹീത രാത്രികളില്‍ തന്റെ നാഥന്റെ അടുക്കലേക്ക് മടങ്ങാത്തവന്‍ എപ്പോള്‍ മടങ്ങിവരും. പശ്ചാത്തപിക്കുന്നവന് ഏറ്റവും നല്ല ദിവസം അവന്റെ പശ്ചാത്താപത്തിന്റെ ദിവസമാണെന്നും ഇമാം ഖുതുബയില്‍ ഉണര്‍ത്തി

റമസാനിലെ അവസാന പത്ത് ദിനങ്ങളില്‍ പുണ്യ നഗരികളിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചതോടെ ഈ വര്‍ഷം ഇരുഹറം കാര്യാലയത്തിന്റെ നേതൃത്വത്തില്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും സുഗമമായി ആരാധനകള്‍ നിര്‍വഹിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കനത്ത തിരക്ക് നിയന്ത്രിക്കുന്നത്.

ഹറമുകളിലേക്കുള്ള സഞ്ചാരം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി വഴികളില്‍ ആളുകളുടെ ഇരുത്തവും കിടത്തവും പൂര്‍ണമായും ഒഴിവാക്കുകയും കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കുകയും ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.