Home LATEST NEWS malyalam പുതിയ വാർത്ത രോഹിത് ആക്ട്; ഇരകള്‍ ശബ്ദമുയര്‍ത്തുന്നു

രോഹിത് ആക്ട്; ഇരകള്‍ ശബ്ദമുയര്‍ത്തുന്നു

18
0

Source :- SIRAJLIVE NEWS

1927 മാര്‍ച്ച് 20ന് മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സമ്മേളിച്ചു. മഹദിലെ പൊതുജലസംഭരണി അധീനപ്പെടുത്തി വെച്ചിരുന്ന സവര്‍ണ മേധാവിത്വത്തിനെതിരെയായിരുന്നു ആ ചരിത്ര സമരം. വാസ്തവത്തില്‍, ദളിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള ആശയപ്പോരാട്ടങ്ങളില്‍ ഏറ്റവും ജ്വലിക്കുന്ന ഓര്‍മയാണ് മഹദ് സത്യാഗ്രഹം. ‘നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍’ എന്ന ഭരണഘടനാ ആമുഖവാക്യം എല്ലാത്തരം വൈവിധ്യങ്ങള്‍ക്കിടയിലും നാം ഒന്നാണെന്ന സുന്ദരമായ പ്രസ്താവനയാണ് നല്‍കുന്നത്. പക്ഷേ, നമ്മുടെ രാജ്യത്ത് ജാതിയുടെ പേരില്‍ അടിസ്ഥാനവര്‍ഗ ജനങ്ങള്‍ ഇപ്പോഴും നിരവധിയായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യന്‍ ക്യാമ്പസുകളില്‍ ദളിത് വിദ്യാര്‍ഥികള്‍ ഒട്ടേറെ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. സവര്‍ണ ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൊടിയ പീഡനങ്ങള്‍ക്ക് രാജ്യത്തെ കലാലയങ്ങളിലെ ദളിത് വിദ്യാര്‍ഥികള്‍ ഇരയാകുന്നുണ്ട് എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ‘എന്റെ ജനനമാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്’ എന്ന് കുറിച്ച് വെച്ച്, ജാത്യാധികാരം കൊലയ്ക്കു കൊടുത്ത രോഹിത് വെമുല എന്ന വിദ്യാര്‍ഥിയെ എങ്ങനെയാണ് നമുക്ക് മറക്കാന്‍ സാധിക്കുക?

ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (എ ഐ എസ് എച്ച് ഇ) റിപോര്‍ട്ട് പ്രകാരം, 2024-25 അധ്യയന വര്‍ഷത്തില്‍ 66 ലക്ഷം ദളിത് വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 10 ശതമാനത്തോളം വര്‍ധനവ് ക്യാമ്പസുകളില്‍ ഉണ്ടായിട്ടുണ്ടെന്നും ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇതില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം 51 ശതമാനമായി വര്‍ധിച്ചുവെന്നും റിപോര്‍ട്ട് തെളിയിക്കുന്നു. പി ജി വിഭാഗത്തില്‍ 15 ശതമാനത്തോളം ദളിത് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ഇത്തരത്തില്‍ രാജ്യത്തെ ക്യാമ്പസുകളില്‍ എത്തുന്ന വലിയൊരു ശതമാനം ദളിത് വിദ്യാര്‍ഥികളും ക്രൂരമായ രീതിയിലുള്ള വിവേചനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. മുംബൈയിലെ മെഡിക്കല്‍ കോളജില്‍ ജാതീയമായ അധിക്ഷേപങ്ങള്‍ കാരണം മനംനൊന്ത് ആത്മഹത്യ ചെയ്ത ഡോ. പായല്‍ തദ്്വി നമ്മുടെ മുമ്പില്‍ വലിയൊരു ചോദ്യചിഹ്നമായി ഇന്നും നില്‍ക്കുന്നു. ഐ ഐ ടി ബോംബെയിലെ ദര്‍ശന്‍ സോളങ്കി എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനുള്ള കാരണവും ജാതീയമായ അധിക്ഷേപമായിരുന്നു. ഡല്‍ഹി ഐ ഐ ടിയിലെ ബി ടെക് വിദ്യാര്‍ഥി അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണവും ദളിത് വിവേചനത്തിന്റെ ഭയാനകമായ ഉള്ളറകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇരുപതിലേറെ ദളിത് വിദ്യാര്‍ഥികളാണ് ജാതീയമായ അധിക്ഷേപങ്ങള്‍ക്ക് ഇരയായി ആത്മഹത്യ ചെയ്തത്. ചുരുക്കിപ്പറഞ്ഞാല്‍, നമ്മുടെ ക്യാമ്പസുകളില്‍ ദുസ്സഹമായ സാഹചര്യങ്ങളിലൂടെയാണ് ദളിത് വിദ്യാര്‍ഥികള്‍ കടന്നുപോകുന്നത്. ഈ വിവേചനങ്ങള്‍ക്ക് കലാലയങ്ങളിലെ അധ്യാപകര്‍ പോലും കുടപിടിക്കുന്നവരായി മാറിയിരിക്കുന്നു എന്നത് എത്രമാത്രം പരിതാപകരമാണ്?

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജെ എന്‍ യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ് ഒരു പോഡ്കാസ്റ്റില്‍ നല്‍കിയ വിവാദ പരാമര്‍ശങ്ങള്‍ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ദളിത് വിദ്യാര്‍ഥികള്‍ സ്ഥിരമായി ‘ഇരവാദം’ കളിക്കുന്നുവെന്നതാണ് വിവാദ പരാമര്‍ശം. യു ജി സി വിവേചനം തടയാന്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങളെ അവര്‍ പുച്ഛിച്ചുതള്ളുകയും ചെയ്തു. വി സിയുടെ ഈ ജാതീയ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ സമരമാണ് ജെ എന്‍ യുവില്‍ നടക്കുന്നത്. ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച്, വിദ്യാര്‍ഥികള്‍ തന്നെ ക്യാമ്പസില്‍ പ്രതീകാത്മക ക്ലാസ്സുകള്‍ സംഘടിപ്പിച്ച്് സമരം ചെയ്യുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. ശക്തമായ ഈ പ്രക്ഷോഭം ജെ എന്‍ യുവിനെ വീണ്ടും സമരമുഖരിതമാക്കിയിരിക്കുന്നു. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. വി സിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വിദ്യാര്‍ഥികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്ന ‘രോഹിത് ആക്ട്’ നടപ്പാക്കുക എന്ന ആവശ്യം തികച്ചും സ്വാഗതാര്‍ഹമാണ്. ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ജാതീയമായ അധിക്ഷേപങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കണമെന്ന് രോഹിത് ആക്ട് വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ നേരിടുന്ന ഇത്തരം ക്രൂര വിവേചനങ്ങള്‍ ഇല്ലാതാക്കാനുള്ള നിരവധി നിര്‍ദേശങ്ങള്‍ ഈ ആക്ട് മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കലാലയങ്ങളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യമുള്ള സ്വതന്ത്ര സമിതികള്‍ രൂപവത്കരിക്കണമെന്നും ഈ നിയമം അനുശാസിക്കുന്നു.

കാഞ്ച ഐലയ്യയെ പോലെയുള്ള പ്രമുഖ ദളിത് ചിന്തകരും പ്രൊഫ. രത്തന്‍ ലാലിനെ പോലെയുള്ള പണ്ഡിതരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഈ നിയമം നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്നവരാണ്. അടുത്തിടെ കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ‘രോഹിത് ആക്ട്’ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് വലിയൊരു ശുഭസൂചനയാണ് നല്‍കുന്നത്. തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കിയതായും വാര്‍ത്തകള്‍ വരുന്നു.

ഇന്ത്യയിലെ ക്യാമ്പസുകളിലെ ജാതീയ പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാന്‍ രോഹിത് ആക്ടിന് കഴിയും. ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്ന ഈ ആവശ്യം ജനാധിപത്യത്തെ കൂടുതല്‍ സുരക്ഷിതമാക്കും. എന്നാല്‍, ജെ എന്‍ യുവിലെ ഈ സമരത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ മുഖവിലക്കെടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല

എന്നിരുന്നാലും, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. സമഗ്രാധിപത്യം പ്രഖ്യാപിച്ച ഭരണകൂടങ്ങള്‍ നാടുവാണ കാലത്തെല്ലാം, അവര്‍ക്കെതിരെ സംഘടിതമായി പ്രക്ഷോഭം നയിച്ച ഗംഭീരമായ ഇന്നലെകളാണ് ഈ കലാലയത്തിന് പറയാനുള്ളത്. അടിയന്തരാവസ്ഥാ കാലത്തും, സി എ എ- എന്‍ ആര്‍ സി വിരുദ്ധ സമരകാലത്തും കണ്ടത് അത്തരത്തിലുള്ള ശക്തമായ പ്രക്ഷോഭങ്ങളാണ്. വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് മുമ്പില്‍ അനീതിയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ മുട്ടുമടക്കിയ ചരിത്രവുമുണ്ട്. അതിനാല്‍, രാജ്യത്തെ കലാലയങ്ങളെ ജാതിമുക്തമാക്കുക എന്ന ജെ എന്‍ യുവിലെ വിദ്യാര്‍ഥികളുടെ ആവശ്യം നാളത്തെ ഇന്ത്യയുടെ പൊതുശബ്ദമായി മാറട്ടെ.