Source :- SIRAJLIVE NEWS
ഭരണനിർവഹണ, നിയമനിർമാണ, നീതിന്യായ വിഭാഗങ്ങൾ തമ്മിലുള്ള സന്തുലനവും പരസ്പര നിയന്ത്രണവുമാണ് ഇന്ത്യൻ ഭരണവ്യവസ്ഥയെ കരുത്തുറ്റതാക്കുന്നത്. ഒന്ന് മറ്റൊന്നിന്റെ അധികാര പരിധിയിലേക്ക് കടന്നു കയറുന്നില്ല. എന്നാൽ ഒരു വിഭാഗവും സർവതന്ത്ര സ്വതന്ത്രവുമല്ല.
നിയമനിർമാണ സഭ പാസ്സാക്കുന്ന നിയമം ഭരണഘടനാനുസൃതമാകാരിതിരിക്കുകയോ രാജ്യത്തെ നയിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് കടകവിരുദ്ധമാകുകയോ ചെയ്യുമ്പോൾ ജുഡീഷ്യറിക്ക് അത് പരിശോധനക്ക് വിധേയമാക്കാൻ സാധിക്കും. ഭരണഘടനപാരമല്ലെന്ന് ബോധ്യപ്പെട്ടാൽ ഭാഗികമായോ പൂർണമായോ അസാധുവാക്കാനും കഴിയും. ഏതെങ്കിലും നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് തോന്നിയാൽ ആർട്ടിക്കിൾ 13 പ്രകാരമോ ആർട്ടിക്കിൾ 32 പ്രകാരമോ ജുഡീഷ്യൽ പരിശോധന ആവശ്യപ്പെടാൻ സാധിക്കും.
ഈ സന്തുലനത്തിലേക്ക് കടന്നുകയറുന്നുവെന്ന് വ്യാഖ്യാനിക്കാവുന്ന നീക്കമാണ് രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ് രാഷ്ട്രപതി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് നിർണായകമായ ആ വിധിപ്രസ്താവം നടത്തിയത്. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറുകളുടെ തീരുമാനം മാനിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നും മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കേണ്ടയാളാണ് ഗവർണറെന്നും സുപ്രീം കോടതി ബഞ്ച് അർഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയായിരുന്നു.
ഗവർണർമാർക്ക് മാത്രമല്ല രാഷ്ട്രപതിക്കും വീറ്റോ അധികാരമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കോടതി ചെയ്തത്. നിയമനിർമാണ സഭകളുടെ മുകളിൽ സൂപ്പർ പവറായി ആരും ഉണ്ടാകേണ്ടതില്ലെന്ന് തന്നെയാണ് നിലപാട്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ മാറ്റിവെക്കുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് ബഞ്ച്
വിധിച്ചത്. വിധിന്യായത്തിന്റെ 391ാം ഖണ്ഡികയിൽ, പരിഗണനക്കായി വിടുന്ന ബില്ലുകളിൽ രാഷ്ട്രപതി റഫറൻസ് ലഭിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ഇതിനപ്പുറം കാലതാമസമുണ്ടായാൽ ഉചിതമായ കാരണങ്ങൾ രേഖപ്പെടുത്തി സംസ്ഥാനത്തെ അറിയിക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 201 അനുസരിച്ച് രാഷ്ട്രപതി പ്രവർത്തിക്കേണ്ട സമയപരിധിയാണ് സുപ്രീം കോടതി നിശ്ചയിച്ചിരിക്കുന്നത്. സമയപരിധിക്കുള്ളിൽ രാഷ്ട്രപതി ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ അതിനെതിരെ സംസ്ഥാനങ്ങൾക്ക് ഹരജിയുമായി വരാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഈ വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടിയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധിയില്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടി
യിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് താൻ ഇക്കാര്യത്തിൽ വ്യക്തത തേടുന്നതെന്നും രാഷ്ട്രപതി സുപ്രീം കോടതിക്ക് കൈമാറിയ റഫറൻസിൽ അവകാശപ്പെടുന്നു.
നിയമസഭകൾ പാസ്സാക്കിയ ബില്ലുകൾ ലഭിക്കുമ്പോൾ ഭരണഘടനയുടെ 200ാം അനുച്ഛേദപ്രകാരം ഗവർണർമാർക്ക് മുന്നിലുള്ള ഭരണഘടനപരമായ മാർഗങ്ങൾ എന്തൊക്കെ? ബില്ലുകളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥരാണോ? 200ാം അനുച്ഛേദപ്രകാരം ഗവർണർമാർ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ? 200ാം അനുച്ഛേദപ്രകാരം ഗവർണർമാർ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ? ബില്ലുകൾ നിയമമാകും മുമ്പ് അതിലെ ഉള്ളടക്കം ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോ? രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ കോടതിക്ക് കഴിയുമോ തുടങ്ങിയ ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിക്കുന്നത്.
ഈ റഫറൻസ് മുന്നോട്ടു വെക്കാൻ രാഷ്ട്രപതിക്ക് തീർച്ചയായും അവകാശവും അധികാരവമുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ആർക്കും പറയാനാകില്ല. ഇവിടെ പ്രശ്‌നം ഔചിത്യത്തിന്റെതാണ്. ഭരിക്കുന്നവരുടെ താത്പര്യത്തിന് രാഷ്ട്രപതി ഇങ്ങനെ കീഴ്‌പ്പെടണമായിരുന്നോ? ബി ജെ പിയിതര സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന കുത്തിത്തിരിപ്പുകൾ അവസാനിപ്പിക്കാനും ഫെഡറൽ ജനാധിപത്യക്രമം സംരക്ഷിക്കാനുമാണ് കോടതി ശ്രമിച്ചത്. നിയമനിർമാണ സഭയുടെ അധികാരത്തിലേക്ക് എക്‌സിക്യൂട്ടീവ് കടന്നു കയറുന്നതിനെയാണ് ബഞ്ച് വിമർശിച്ചത്. ഈ വിധി മറികടക്കാൻ ഇത്തരമൊരു നീക്കം രാഷ്ട്രപതി നടത്തുന്നതെന്തിനാണ്? അതിലെന്ത് ഉത്തമ താത്പര്യമാ
ണുള്ളത്. രണ്ടംഗ ബഞ്ചിന് മുന്നിൽ പുനഃപരിശോധനാ ഹരജിയുമായി പോകുന്നത് ഒഴിവാക്കാനും വിശാല ബഞ്ചിലേക്ക് കാര്യങ്ങളെത്തിക്കാനുമുള്ള തന്ത്രമാണ് രാഷ്ട്രപതിയിലൂടെ നടപ്പാകുന്നത്.
സമയപരിധി നിശ്ചയിച്ചത് ഭരണഘടനയിലുണ്ടോയെന്നാണ് ചോദ്യമെങ്കിൽ ഭരണഘടനയിൽ വാക്കാൽ പറയാത്ത എത്രയെത്ര വ്യാഖ്യാനങ്ങൾ കോടതികൾ നടത്തിയിട്ടുണ്ട്. അവയൊക്കെ പാലിക്കപ്പെടുന്ന ചട്ടങ്ങളായി മാറിയിട്ടില്ലേ എന്നതാണ് മറുചോദ്യം. ഭരണഘടനയുടെ അടിസ്ഥാന ഘടനയെന്ന ആശയം എഴുതിവെച്ചതിൽ കാണില്ല. എന്നിട്ടും നിരവധി കേസുകളിൽ ഈ ആശയം ഉയർന്നുവന്നു. ഭരണഘടന നിശബ്ദത പാലിച്ച നിരവധി മൂല്യങ്ങൾക്ക് ശബ്ദം നൽകാൻ കോടതിയുടെ ഇടപെടലുകൾക്ക് സാധിച്ചിട്ടുണ്ട്.