Source :- SIRAJLIVE NEWS
കൊച്ചി | യുഡിഎഫ് സ്ഥാനാര്‍ഥികളെ അടുത്ത 24 മണിക്കൂറിനുള്ളില്‍ പഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കേരളത്തില്‍ ഒരിടത്തും തര്‍ക്കങ്ങളില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. വിജയസാധ്യത കണക്കാക്കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. 18 ാം തിയതിയായിരുന്നു തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നത്. പുതിയ സ്ഥാനാര്‍ഥികള്‍ക്ക് കുറച്ച് നാള്‍ മാത്രമേ കിട്ടൂ എന്നത് മാത്രമാണ് പ്രശ്നം.യുഡിഎഫിലെ എല്ലാ ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് അര മണിക്കൂര്‍ മതി. ഇന്ന് ലീഗുമായി അരമണിക്കൂറാണ് ചര്‍ച്ച നടന്നത്. യുഡിഎഫിന്റെ കാര്യമൊക്കെ നാളെ പറയാം. ഇക്കാര്യത്തില്‍ ധ്യതി കൂട്ടേണ്ട യെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഒരു പുതുയുഗപ്പിറവിക്ക് തുടക്കമിടും. ഞങ്ങള്‍ പൂര്‍ണമായ പ്രതീക്ഷയോടു കൂടി നിറഞ്ഞ ആത്മവിശ്വാസത്തോടുകൂടി ടീം യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. നൂറിലധികം സീറ്റുമായി കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേയ്ക്ക് തിരിച്ചുവരും എന്നാണ് വിശ്വാസം.
ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 30 വര്‍ഷക്കാലത്തെ പഞ്ചായത്ത് രാജ്, നഗരപാലിക സംവിധാനം കേരളത്തിലുണ്ടായതിന് ശേഷം ഏറ്റവും ശ്രദ്ധേയമായ പെര്‍ഫോമന്‍സാണ് ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത്. ടീം യുഡിഎഫ് ഈ ഗവണ്‍മെന്റിന്റെ തെറ്റായ നടപടികള്‍ ജനങ്ങളുടെ മുന്നില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.എവിടെയെല്ലാം ഗവണ്‍മെന്റ് പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള കൃത്യമായ പദ്ധതികളും പരിപാടികളുമായിട്ടാണ് യുഡിഎഫ് മുന്നോട്ടു വരുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു



