Source :- SIRAJLIVE NEWS
ആലപ്പുഴ | മൂന്നു ദിവസം ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് തന്നെ പിന്തുണക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നും സി പി എം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍മന്ത്രി ജി സുധാകരന്‍. താന്‍ ജയിക്കാനാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഇതുവരെ ഒന്നും പറയുന്നില്ലെങ്കില്‍ കുറച്ചുദിവസം കാത്തിരിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. സുധാകരനെ പിന്തുണക്കുന്നതില്‍ പ്രതിഷേധവും കോണ്‍ഗ്രസില്‍ ശക്തമാണ്. സി പി എം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍മന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി എം ജെ ജോബ് പാര്‍ട്ടി വിടുകയും തുടര്‍ന്ന് ബി ജെ പിയില്‍ അംഗത്വം എടുക്കുകയും ചെയ്തു.
അമ്പലപ്പുഴയില്‍ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് ജി സുധാകരന്‍. ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോള്‍ താന്‍ വിജയം ഉറപ്പിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു.



