Home LATEST NEWS malyalam പുതിയ വാർത്ത മീനെന്തിനാണ് മരം കേറുന്നത്?!

മീനെന്തിനാണ് മരം കേറുന്നത്?!

4
0

Source :- SIRAJLIVE NEWS

“മീനുകൾക്ക് മിണ്ടാൻ കഴിയില്ല’ ചായപ്പീടികയിലിരുന്നുള്ള സ്ഥിരം തർക്കത്തിനിടയിൽ “മനുഷ്യരേക്കാൾ ബുദ്ധിയാണ് മീനുകൾക്ക്’ എന്ന മുല്ലാ നസ്റുദ്ദീന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് സുഹൃത്ത് ശബ്ദമുയർത്തി.

“നീ വെള്ളത്തിനടിയിലാണെങ്കിൽ നിനക്കും സംസാരിക്കാനാകില്ല’ എന്നായിരുന്നു അതിന് മുല്ലയുടെ മറുപടി. നമ്മുടെ കഴിവുകൾ, പെരുമാറ്റം, പ്രകടനം എന്നിവ പലപ്പോഴും നമ്മൾ ആയിരിക്കുന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരാളെയോ മറ്റെന്തെങ്കിലുമോ വിധിക്കുന്നതിനുമുമ്പ്, അവരുടെ പരിസ്ഥിതി, പരിമിതികൾ, സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഒരു സന്ദർഭത്തിൽ അസാധ്യമോ വിചിത്രമോ ആയി തോന്നുന്നത് മറ്റൊന്നിൽ സ്വാഭാവികവും അനായാസവുമാകാം. ആളുകളെ അവരുടെ ഒരു പ്രവൃത്തി അല്ലെങ്കിൽ ഒരു നേരത്തെ ഇടപെടൽ ശൈലി എന്നിവ വെച്ച് ലേബൽ ചെയ്യുന്നത് അവരുടെ വളർച്ചാ സാധ്യതകളേയും മാറാനുള്ള മാനസികശക്തിയെയും ഇല്ലാതാക്കും.

ഒരു മത്സ്യം വൃത്തിയുള്ള ജലത്തിൽ അതിന്റെ കഴിവ് തെളിയിക്കും. അതിനെ കരയിലേക്ക് കൊണ്ടുവന്ന് ഓടാൻ വെച്ചാൽ അതൊരു സമ്പൂർണ പരാജയമായിരിക്കും. കുരങ്ങിനെ കണ്ടില്ലേ അത് മരം കയറുന്നുണ്ടല്ലോ പിന്നെന്താ മത്സ്യത്തിനും കയറിയാൽ എന്ന് ചോദിക്കുന്നവൻ ഇതേ കുരങ്ങിനെ കടലിൽ ഇറക്കിയാൽ എന്താകും എന്ന് ആലോചിക്കുന്നില്ല. ഒരേ അളവുകോലിൽ ഒതുക്കി കുട്ടികളെയും സഹപ്രവർത്തകരെയും പരീക്ഷിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നത് വലിയ അനീതി തന്നെയാണ്. ഓരോരുത്തരുടെയും മികച്ചു നിൽക്കുന്ന വശം ഏത് എന്ന് കണ്ടെത്തി അതിൽ ഊന്നിയുള്ള ടാർഗറ്റുകളും ഉത്തരവാദിത്വങ്ങളും നൽകിയാൽ അവർ അത്യുജ്ജ്വലമായ ഫലങ്ങൾ നിർമിക്കും.

കലയിലും സാഹിത്യത്തിലും വലിയ പുരസ്കാരങ്ങൾ നേടിയ ആൾ എന്താ കാളപൂട്ടുമത്സരത്തിൽ പങ്കെടുക്കാത്തത് എന്ന് അതിശയിക്കുന്നതിൽ അർഥമില്ല. ഒരു വ്യക്തിയുടെ കഴിവുകൾ അവനിൽ നിന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ നമുക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ, അത് അയാളുടെ അർഹതയുടെ കുറവല്ല, മറിച്ച് അയാളുടെ പരിധികളെ ഉൾക്കൊള്ളാൻ പറ്റുന്ന അന്തരീക്ഷത്തിൽ മാത്രമേ അയാൾക്ക് തിളങ്ങാനാവുകയുള്ളു എന്നതാണ് കാര്യം എന്ന് മനസ്സിലാക്കണം.

“ഒരാളുടെ ഷൂസിൽ ഒരു മൈൽ നടക്കുന്നതുവരെ അയാളെ വിധിക്കരുത്.’ എന്ന് ഒരു അമേരിക്കൻ പഴഞ്ചൊല്ലുണ്ട്. ആളുകളെ അവർ ഉള്ളതുപോലെ കാണാൻ ശ്രമിക്കുന്നതിനു പകരം നമ്മുടെ കാഴ്ചാ പരിമിതിയിൽ തളച്ചിടുന്നതാണ് കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലും ഒക്കെ അസ്വാരസ്യങ്ങളും അടിച്ചു പിരിയലുകളും സൃഷ്ടിക്കുന്നത്. മനുഷ്യജീവിതം എന്നത് ഒരേ പോലെയുള്ള പരിചയങ്ങളുടെയും അനുഭവങ്ങളുടെയും കൂടിച്ചേരലല്ല.

ഓരോരുത്തരും തങ്ങളുടെ തനതായ ജീവിതയാത്രയുടെ ഭാഗമാണ്. ഓരോ വ്യക്തിയുടെയും ചിന്താവൈചിത്ര്യവും കഴിവുകളും പ്രവർത്തനശൈലികളും സ്വഭാവവും അവരെ വളർത്തിയ സാമൂഹിക, സാമ്പത്തിക, മാനസിക പശ്ചാത്തലങ്ങളുടെ ഫലമാണ്. “ഇയാളെന്താ ഇങ്ങനെ!’ എന്ന് കെറുവിക്കും മുമ്പ് “ഞാനും ഇങ്ങനെയൊക്കെ മറ്റു ചില സന്ദർഭങ്ങളിൽ ആണല്ലോ’ എന്ന് ആത്മവിചാരണ നടത്തിയാൽ മതി. കത്തിച്ച മെഴുകുതിരി പകൽ വെളിച്ചത്തിൽ കാര്യമായി പ്രഭയുള്ളതായി തോന്നില്ല. ഇരുട്ടിൽ അതു തെളിയിക്കുമ്പോഴേ അതിന്റെ യഥാർഥ മൂല്യം തിരിച്ചറിയൂ.