Source :- EVARTHA NEWS
യാത്രകളിലൂടെയും വിത്യസ്തമായ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ സഞ്ചാരിയാണ് ബാക്ക്പാക്കർ അരുണിമ. അരുണിമയുടെ യാത്രാവിശേഷങ്ങൾ പലപ്പോഴും വലിയ തോതിലുള്ള വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും വഴിവെക്കാറുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഘാനയിലെ വെള്ളച്ചാട്ടത്തിന് സമീപം മസാജ് ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവാദം.
ഈ വീഡിയോയ്‌ക്കെതിരെ ഉയർന്ന രൂക്ഷമായ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി അരുണിമ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. യാത്രയെന്നാൽ ലക്ഷ്വറി ഹോട്ടലുകളിൽ താമസിച്ച് കാഴ്ചകൾ കണ്ട് മടങ്ങുന്നതല്ലെന്നും, ലോകത്തെ തൊട്ടറിഞ്ഞ് സംസ്കാരങ്ങൾ മനസ്സിലാക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നും അരുണിമ വ്യക്തമാക്കുന്നു. ഘാനയിലെ മസാജ് അനുഭവവും അത്തരത്തിൽ ഒന്നായിരുന്നുവെന്നും അത് തന്റെ യാത്രയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്ന ഒന്നായിരുന്നുവെന്നും അവർ പറയുന്നു. ക
മെന്റ് ബോക്സുകളിൽ നിറയുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും തന്റെ ലക്ഷ്യത്തെ ബാധിക്കില്ലെന്നും അരുണിമ കൂട്ടിച്ചേർത്തു. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടിരിക്കുമെന്നും അതിനു പിന്നാലെ പോയാൽ തനിക്ക് ഒരിടത്തും എത്താനാവില്ലെന്നും അരുണിമ തുറന്നടിച്ചു. തന്റെ ജീവിതം, തന്റെ യാത്ര, തന്റെ തിരഞ്ഞെടുപ്പ് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അരുണിമ, താൻ അത്രമേൽ യാത്രയെ പ്രണയിക്കുന്നുവെന്നും മരണം വരെ സഞ്ചരിച്ചുകൊണ്ടേയിരിക്കുമെന്നും വ്യക്തമാക്കി. എന്ത് സംഭവിച്ചാലും യാത്രയുടെ പാതയിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനമാണ് അരുണിമ പങ്കുവെക്കുന്നത്.

