Source :- SIRAJLIVE NEWS
സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകമാണ് കുടുംബം. അത് വ്യക്തികളെ സമൂഹവുമായി കണ്ണിചേര്‍ക്കുന്ന പാലമാണ്. വ്യക്തികളുടെ ആരോഗ്യകരമായ വ്യക്തിത്വ വികാസത്തിന് കെട്ടുറപ്പുള്ള കുടുംബം അവര്‍ക്കുണ്ടാകുക എന്നത് അത്യന്താപേക്ഷിതമാണ്. വര്‍ത്തമാന കേരളം നേരിടുന്ന പ്രധാനപ്പെട്ട സാമൂഹിക പ്രശ്‌നങ്ങളിലൊന്ന് കുടുംബ കോടതികളുടെ തിണ്ണ നിരങ്ങുന്ന നമ്മുടെ കുടുംബങ്ങളാണ്.
ഓരോ വര്‍ഷവും 30,000ത്തിന് മുകളിലാണ് കുടുംബ കോടതികളില്‍ എത്തുന്ന വിവാഹ മോചന കേസുകള്‍. നിലവില്‍ 28 കുടുംബ കോടതികളാണുള്ളത്. ശരാശരി 80-90 വിവാഹ മോചന കേസുകളാണ് പുതുതായി ഓരോ ദിവസവും ഫയല്‍ ചെയ്യപ്പെടുന്നത്. 2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ കുടുംബ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണം 1,11,667 ആണ്. കുടുംബ കോടതികളില്‍ എത്താതെ തന്നെ തകരുന്ന കുടുംബങ്ങള്‍, വേര്‍പിരിഞ്ഞു താമസിക്കുന്ന ആളുകള്‍ ഇവരെക്കൂടി ചേര്‍ത്താല്‍ ദിനംപ്രതി തകര്‍ച്ചയിലേക്ക് പതിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഇനിയും കൂടും. കൃത്യമായ സമയത്ത് വിവാഹ മോചനം ചെയ്യാതെ ആത്മഹത്യയിലേക്കും പങ്കാളിയുടെ കൊലപാതകത്തിലേക്കും കുടുംബ പ്രശ്‌നങ്ങള്‍ വളരുന്നത് ഇന്ന് കേരളത്തില്‍ ഒരു വാര്‍ത്തയേ അല്ലാതായിട്ടുണ്ട്.
കുടുംബ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ തടസ്സമായി വരുന്നത് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്. ഒന്ന്, പങ്കാളികളുടെ മാനസിക ഘടനയിലെ വൈകല്യങ്ങളും മറ്റൊന്ന് ദമ്പതികളുടെ പ്രശ്‌നം മറ്റുള്ളവര്‍ ഏറ്റെടുക്കുകയും ഭാര്യക്കും ഭര്‍ത്താവിനും അവരുടെ പ്രശ്‌നത്തിന്റെ പരിഹാരത്തില്‍ യാതൊരു വിധ പങ്കാളിത്തവും കൊടുക്കാതെ മറ്റുള്ളവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നതുമാണ്. കുടുംബ പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വില്ലന്‍ സംശയരോഗമാണ്. മറ്റൊന്ന് പങ്കാളികളില്‍ ഒരാളുടെയോ രണ്ട് പേരുടെയോ ചിത്തഭ്രമമാണ്, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള മാനസിക- പെരുമാറ്റ വൈകല്യങ്ങളാണ്. പെരുമാറ്റ വൈകല്യങ്ങളും ചിത്തഭ്രമം പോലുള്ള ഗൗരവതരമായ പ്രശ്‌നങ്ങളുമായി ആളുകള്‍ കുടുംബ കോടതിയിലേക്ക് എത്തുമ്പോള്‍ കോടതികള്‍ ഇത്തരം വിഷയങ്ങളുടെ നെല്ലും പതിരും വേര്‍തിരിക്കാന്‍ പറ്റുന്ന പ്രൊഫഷനലുകളുടെ സഹായത്തോടെ മാത്രമേ തീരുമാനത്തിലെത്താന്‍ പാടുള്ളൂ. എന്നാല്‍ പലപ്പോഴും യഥാര്‍ഥ പ്രശ്‌നത്തെ കണ്ടെത്താനുള്ള ആഴത്തിലുള്ള ശ്രമങ്ങളൊന്നും നടക്കാറില്ല എന്നതാണ് സത്യം. ഒരാളുടെ മനോവൈകല്യത്തിന്റെ ഇരയാകുന്ന ആളോട് ഇതൊക്കെ നിങ്ങളുടെ തോന്നലാണ് അല്ലെങ്കില്‍ അയാളെ കണ്ടിട്ട് അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ എന്നുള്ള തരത്തിലുള്ള മറുപടികള്‍ പരാതിക്കാര്‍ക്ക് ഗുണകരമായതല്ല.
പങ്കാളികളില്‍ ഒരാള്‍ക്കോ രണ്ട് പേര്‍ക്കോ മനോവൈകല്യങ്ങള്‍ ഉള്ള സാഹചര്യത്തില്‍ സാധാരണയുള്ള പ്രശ്‌നപരിഹാരങ്ങള്‍ അവരുടെ കാര്യത്തില്‍ ഫലപ്രദമാകില്ല.
കുടുംബ കോടതിയില്‍ എത്തുന്ന കേസുകളില്‍ യാതൊരുവിധ പ്രശ്‌നപരിഹാരവും സാധ്യമാകാത്ത രീതിയില്‍ പങ്കാളികളെ തമ്മില്‍ അകറ്റുന്ന മറ്റൊരു കാര്യം അവര്‍ പരസ്പരം കൊടുക്കുന്ന ഹരജികളില്‍ എതിര്‍കക്ഷിയെപ്പറ്റി ആരോപിക്കുന്ന കാര്യങ്ങളാണ്. പരപുരുഷ/ പരസ്ത്രീ ബന്ധങ്ങള്‍, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ ഒരിക്കലും ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്ത വിധം ആളുകളെ തമ്മില്‍ അകറ്റും. ആരോപണ പ്രത്യാരോപണങ്ങള്‍ പങ്കാളികള്‍ക്കിടയില്‍ മാത്രം ഒതുക്കാതെ അതിലേക്ക് അവരുടെ മാതാപിതാക്കളെ, സഹോദരങ്ങളെ വലിച്ചിടുക തുടങ്ങി ആത്മാഭിമാനമുള്ള ഒരാള്‍ക്കും ബന്ധം തുടരാന്‍ കഴിയാത്ത വിധത്തിലുള്ള ആരോപണങ്ങള്‍ പരസ്പരം ഉന്നയിക്കുക വഴി ചര്‍ച്ച പോയിട്ട് പരസ്പരമൊന്ന് കാണാന്‍ പോലും തയ്യാറില്ലാത്ത വിധം ആളുകള്‍ അകന്നുപോകുന്നു. കുടുംബ കോടതിയിലെ കേസുകളില്‍ പെടുന്ന ആളുകളെ വലിയ മനോസംഘര്‍ഷത്തിലേക്ക് നയിക്കുന്നതില്‍ ഇത്തരം കള്ളക്കഥകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. കേസ് ജയിക്കുകയെന്നത് വക്കീലിന്റെയും പങ്കാളിയെ മുട്ടുകുത്തിക്കുകയെന്നത് പരാതിക്കാരുടെയും ജീവന്മരണ പോരാട്ടമായി മാറുമ്പോള്‍ അവിടെ ജയത്തിനു വേണ്ടി എന്തും ചെയ്യുന്ന അനാരോഗ്യകരമായ സാഹചര്യം ഉണ്ടാകുന്നു. കള്ളക്കഥകള്‍ ആളുകളുടെ മനോവീര്യം തകര്‍ക്കുകയും പൊതുസമൂഹത്തില്‍ അവര്‍ നേടിയ മാന്യത നഷ്ടപ്പെടുത്തുകയും മറ്റുള്ളവരെ നേരിടാന്‍ കഴിയാത്ത വിധം ആളുകളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍ ആത്മഹത്യ ചെയ്യുകയോ അപരനെ കൊല്ലുകയോ ചെയ്യുന്നു.
കുടുംബ കോടതികളില്‍ എത്തുന്ന കേസുകളില്‍ വിധി എന്ത് തന്നെയായാലും അത്തരം കേസുകള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദം പറഞ്ഞറിയിക്കാനോ അളന്ന് തിട്ടപ്പെടുത്താനോ കഴിയുന്നതല്ല. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളുടെ മനോഘടനയെ തകര്‍ക്കുകയും ആര്‍ക്കൊപ്പം നില്‍ക്കണമെന്നറിയാത്ത ആശയക്കുഴപ്പം അവരിലുണ്ടാക്കുകയും ചെയ്യുന്നു. കോടതികള്‍ കുട്ടികളുടെ കസ്റ്റഡി ആര്‍ക്കാണോ കൊടുക്കുന്നത് അവരും അവരുടെ വീട്ടുകാരും ചേര്‍ന്ന് എതിരാളിക്കെതിരെ ഉപയോഗിക്കാനുള്ള ചാവേറുകളായി കുട്ടികളെ വളര്‍ത്തിയെടുക്കുന്നു എന്നത് കുടുംബ കോടതി കേസുകളിലെ ഏറ്റവും അരോചകമായ കാര്യമാണ്.
കുടുംബ കോടതികള്‍ പുരുഷന്മാര്‍ക്ക് എതിരാണ് എന്നൊരു തോന്നല്‍ പുരുഷന്മാര്‍ക്കിടയില്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. ഇതിലെത്രമാത്രം സത്യമുണ്ട് എന്നറിയാന്‍ കൃത്യമായ വിവരങ്ങള്‍ പൊതുമണ്ഡലത്തില്‍ ഇല്ല എന്നതാണ് സത്യം. കുട്ടികളുടെ കസ്റ്റഡി അമ്മമാര്‍ക്ക് ലഭിക്കുന്ന സാഹചര്യങ്ങളില്‍ മിക്കപ്പോഴും ഉയര്‍ന്ന പ്രതിമാസ ജീവനാംശം പിതാവില്‍ നിന്ന് ലഭിക്കാന്‍ ആളുകള്‍ കേസുകള്‍ കൊടുക്കാറുണ്ട്. കോടതികള്‍ മിക്കപ്പോഴും സ്ത്രീകള്‍ക്ക് അനുകൂലമായാണ് വിധികള്‍ പുറപ്പെടുവിക്കുക. അയാള്‍ക്ക് ചിലപ്പോള്‍ അയാളുടേതല്ലാത്ത കാരണത്താല്‍ കുടുംബവും കുഞ്ഞുങ്ങളും ഒക്കെ നഷ്ടപ്പെട്ടിരിക്കാം. അത്തരം നഷ്ടങ്ങള്‍ക്ക് പുറമേ വലിയ സാമ്പത്തിക ഭാരവും പേറേണ്ട ദുഃസ്ഥിതിയും അയാള്‍ക്ക് വന്നേക്കും.
കുടുംബ കോടതിയില്‍ കേസ് കൊടുക്കുന്ന മിക്ക സ്ത്രീകളും ഉന്തിനു പുറമേ ഒരു തള്ളുകൂടി ഇരിക്കട്ടെ എന്ന മട്ടില്‍ ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസ് കൂടി കൊടുക്കാറുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരാളെ എക്കാലവും കോടതിയുടെ തിണ്ണ നിരങ്ങേണ്ട അവസ്ഥയിലേക്ക് നയിക്കുക എന്നത് കുടുംബ കോടതിയെ സമീപിക്കുന്ന ആളുകളുടെ വിനോദമാണോ എന്ന് കരുതേണ്ടി വരും.
ആളുകള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മാത്രം നമ്മള്‍ തിരിച്ചറിയേണ്ട വിഷയങ്ങളല്ല കുടുംബ കോടതി കേസുകള്‍. മരിച്ചതിനു തുല്യമായി ജീവിക്കുന്ന ലക്ഷങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വിവാഹം എന്നത് ആത്യന്തികമായി രണ്ട് വ്യക്തികള്‍ ഒത്തുചേര്‍ന്ന് ജീവിക്കേണ്ട സംഗതിയാണല്ലോ. അതുകൊണ്ട് തന്നെ അവരുടെ മാനസികാരോഗ്യം മുഖ്യമാണ്.
സാമ്പത്തിക അരക്ഷിതാവസ്ഥ ശരാശരി മലയാളി കുടുംബങ്ങളുടെ അടിത്തറ മാന്തുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഇത് ആളുകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദം എത്രമേല്‍ വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമൂഹത്തില്‍, തൊഴിലിടത്തില്‍, സൗഹൃദവലയങ്ങളില്‍, അയല്‍പക്കങ്ങളില്‍ ഒക്കെ നിരന്തരം അന്യവത്കരിക്കപ്പെട്ടുപോകുന്ന മനുഷ്യര്‍ക്ക് തിരിച്ചു ചെല്ലാന്‍ ബാക്കിയുള്ള ഒരേയൊരിടം അവരുടെ വീടുകളാണ്. അതുകൂടി അവര്‍ക്ക് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ അതിലൂടെ കടന്നുപോകുന്നവര്‍ക്ക് മാത്രമേ അറിയൂ. വാദിയും പ്രതിയും സമൂഹവും തോല്‍ക്കുന്ന ഇടങ്ങളാണ് കുടുംബകോടതികള്‍.



