Home LATEST NEWS malyalam പുതിയ വാർത്ത മര്‍കസ് റമസാന്‍ ക്യാമ്പയിന് തുടക്കം

മര്‍കസ് റമസാന്‍ ക്യാമ്പയിന് തുടക്കം

15
0

Source :- SIRAJLIVE NEWS

കോഴിക്കോട് | വിശുദ്ധ റമസാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും പുണ്യവും പൊതുജനങ്ങളിലെത്തിക്കാനും ആത്മീയ, ധാര്‍മിക ജീവിതത്തിലൂടെ സാമൂഹത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനും മര്‍കസ് സംഘടിപ്പിക്കുന്ന ‘ലയാലീ റമസാന്‍’ ക്യാമ്പയിന്‍ ആരംഭിച്ചു. അനുദിനം വര്‍ധിക്കുന്ന കൊലപാതകങ്ങള്‍ക്കും ലഹരി ഉപയോഗങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് എന്ന യാഥാര്‍ഥ്യം വിളംബരം ചെയ്യാനും ആത്മീയ ജീവിതത്തിന്റെ സാമൂഹിക പ്രസക്തി ബോധ്യപ്പെടുത്താനുമാണ് ഈ റമളാനിലൂടെ മര്‍കസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പ്രഭാഷണങ്ങളും സൗഹൃദ സംഭാഷണങ്ങളും ഗൃഹ സന്ദര്‍ശനങ്ങളും ക്യാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും.

വ്യത്യസ്ത ആത്മീയ, സാമൂഹികക്ഷേമ, പഠന പദ്ധതികളോടെ വിപുലമായി നടത്തുന്ന ക്യാമ്പയിന്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 30 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ മര്‍കസ് നടപ്പിലാക്കും. നഗരങ്ങളും ഗ്രാമങ്ങളും മസ്ജിദുകളും ആതുരാലയങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ഇഫ്താര്‍ സംഘടിപ്പിക്കും. ഭക്ഷ്യവിഭവങ്ങള്‍, വസ്ത്രങ്ങള്‍, പഠനോപാധികള്‍, നിത്യോപയോഗ വസ്തുക്കള്‍ ഇക്കാലയളവില്‍ സമ്മാനിക്കും. തെരുവുകളും അനാഥ-അഗതി സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് ക്യാമ്പസുകളും പൂര്‍വവിദ്യാര്‍ഥികളും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ യാത്രക്കാരും പൊതുജനങ്ങളും ഉള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേര്‍ക്ക് ദിവസവും വിപുലമായ നോമ്പുതുറ സൗകര്യവുമുണ്ടായിരിക്കും.

റമസാന്‍ 16 ന് മര്‍കസ് നോളജ് സിറ്റിയില്‍ ബദ്റുല്‍ കുബ്‌റ ആത്മീയ സംഗമവും അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍ മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ ശാദുലി ഹള്‌റ, ഖുതുബിയ്യത് മജ്ലിസ്, ഖാദിരിയ്യ ഹല്‍ഖ, ഖത്മുല്‍ ബുര്‍ദ തുടങ്ങി വിവിധ ആത്മീയ സദസ്സുകളും നടക്കും. ഹലാവതുല്‍ ഖുര്‍ആന്‍, തജ്വീദുല്‍ ഖുര്‍ആന്‍, റൗളത്തുല്‍ ഇല്‍മ്, നൂറുല്‍ വാഖിഅ, മജ്‌ലിസുല്‍ ഇസ്തിഗ്ഫാര്‍, നൂറുല്‍ വിത്രിയ്യ തുടങ്ങി ദൈനംദിന പഠന പരിശീലന ക്ലാസുകളും തിദ്കാറു സ്വാലിഹീന്‍, വനിതാ പഠന വേദി, പ്രഭാഷണങ്ങള്‍, ബദ്ര്‍ സ്മൃതി തുടങ്ങി വൈജ്ഞാനിക സദസ്സുകളും ക്യാമ്പയിന്‍ കാലയളവില്‍ നടക്കും.

എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം കേരളത്തിലെ പ്രമുഖരുടെ മതപ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. സകാത്ത്, നോമ്പുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര വിഷയങ്ങള്‍, ഈദ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രത്യേക ബോധവത്കരണ ക്ലാസുകളുമുണ്ടാകും. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും പാരായണ രീതിശാസ്ത്രമനുസരിച്ചുള്ള പരിശീലനത്തിനുമായി പ്രത്യേക കോഴ്സുകളും തയ്യാര്‍ ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ നിപുണരായ ഖാരിഉകളും ഹാഫിളുകളുമായിരിക്കും റമസാനിലെ പ്രത്യേക നിസ്‌കാരങ്ങള്‍ക്ക് മസ്ജിദുല്‍ ഹാമിലിയില്‍ നേതൃത്വം നല്‍കുക. സാമൂഹിക സ്വസ്ഥതക്ക് പ്രാധാന്യം നല്‍കിയും വിശ്വാസികളുടെ ആത്മീയ ജീവിതത്തെ ചിട്ടപ്പെടുത്തിയും പ്രയാസമനുഭവിക്കുന്ന ജനതയെ ചേര്‍ത്തുപിടിച്ചുമാണ് ഇത്തവണത്തെ മര്‍കസ് റമസാന്‍ ക്യാമ്പയിന്‍ പുരോഗമിക്കുക. ക്യാമ്പയിനിലും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കുചേരുന്നതിന്: 9072500406.