Source :- SIRAJLIVE NEWS
തിരുവല്ല | തിരുവല്ലയിലെ പൊടിയാടിയില്‍ മദ്യപിച്ചെത്തിയ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്. പൊടിയാടി രുഗ്മിണി ഭവനത്തില്‍ രുഗ്മിണിയമ്മ(72)ക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചക്ക് മൂന്നോടെയായിരുന്നു സംഭവം. പൊടിയാടി കരയേഴത്ത് മാലിയില്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
വാഹനത്തില്‍ എത്തിയ ഗോപകുമാറും സംഘവും വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടി തുറന്ന് അകത്തുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗൃഹോപകരണങ്ങള്‍ അടക്കമുള്ള സംഘം തകര്‍ത്തു. ആക്രമണത്തില്‍ പരുക്കേറ്റ രുഗ്മിണിയമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപകുമാറിന്റെ 20കാരനായ മകനെ രുഗ്മിണിയമ്മയുടെ മകന്‍ രാജീവും സംഘവും ചേര്‍ന്ന് ആറുമാസം മുമ്പ് മര്‍ദ്ദിച്ചിരുന്നു.
വിദേശത്ത് ജോലിയിലായിരുന്ന ഗോപകുമാര്‍ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ എത്തിയത്. ഇതിനു പിന്നാലെ മകനെ മര്‍ദ്ദിച്ചതിന്റെ കാരണം അന്വേഷിച്ച് ഗോപകുമാറും സംഘവും രുക്മണിയമ്മയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഉണ്ടായ വാക്കേറ്റം ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിനുപിന്നാലെ രുക്മണിയമ്മയുടെ മകന്‍ രാജീവിന്റെ സുഹൃത്തുക്കള്‍ അടങ്ങുന്ന സംഘം ഗോപകുമാറിന്റെ വീട്ടില്‍ എത്തി ആക്രമണം നടത്തിയിരുന്നു. ഈ സമയം ഗോപകുമാറിന്റെ സഹോദരന്റെ മകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരു കൂട്ടരുടെയും പരാതിയും പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.