Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം പൂർണ്ണമായും തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ, കേരളത്തിലെ 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പത്രിക പിൻവലിക്കലിന് ശേഷം ഓരോ മണ്ഡലത്തിലും മത്സരരംഗത്തുള്ളവരുടെ അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.
പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ ഇന്ന് വിവിധ മണ്ഡലങ്ങളിൽ നിന്നായി നിരവധി സ്വതന്ത്ര സ്ഥാനാർത്ഥികളും ഡമ്മി സ്ഥാനാർത്ഥികളും പത്രികകൾ പിൻവലിച്ചു. ഇതോടെ മുന്നണി പോരാട്ടങ്ങൾക്കൊപ്പം ശക്തരായ വിമതർ ആരൊക്കെ എന്നതിലും വ്യക്തത വന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് കൊടുവള്ളി മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്. മൂന്ന് സ്ഥാനാർഥികൾ മാത്രം മത്സരിക്കുന്ന കൊല്ലം ജില്ലയിലെ ചവറ, ആലപ്പുഴയിലെ കായംകുളം, തൃശൂർ നാട്ടിക, പാലക്കാട് കോങ്ങാട്, കോഴിക്കോട് സൗത്ത്, വയനാട് മാനന്തവാടി മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്. 11 സ്ഥാനാർഥിൾ വീതമുള്ള കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കണ്ണൂർ പേരാവൂർ മണ്ഡലങ്ങളാണ് പത്തിൽ അധികം സ്ഥാനാർഥികൾ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങൾ.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന പല മണ്ഡലങ്ങളിലും അപരന്മാരുടെ സാന്നിധ്യം മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. വോട്ടെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വോട്ടർമാരെ നേരിൽ കാണുന്നതിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും.
Summary
The final list of candidates for the 2026 Kerala Assembly Election has been released following the deadline for withdrawal of nominations. A total of 890 candidates are competing across 140 constituencies in the state. Koduvally constituency sees the highest competition with 13 candidates.



