Home LATEST NEWS malyalam പുതിയ വാർത്ത മണിപ്പൂര്‍ വീണ്ടും കത്തുന്നു

മണിപ്പൂര്‍ വീണ്ടും കത്തുന്നു

12
0

Source :- SIRAJLIVE NEWS

ഒരു ഇടവേളക്ക് ശേഷം മണിപ്പൂര്‍ വീണ്ടും കത്തുകയാണ്. മദ്യപാനത്തിനിടെ ഇരു ഗോത്രവര്‍ഗത്തില്‍പ്പെട്ട യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് വംശീയ കലാപമായി മാറിയതെന്നാണ് റിപോര്‍ട്ട്. ശനിയാഴ്ച ലിതാന്‍ ഗ്രാമത്തില്‍ മദ്യപാനത്തിനിടെ നാഗാ വംശജനായ ഒരു യുവാവിനെ കുകി ഗോത്രത്തിലെ ചിലര്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 25 വീടുകളും നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും ഇതിനകം അഗ്നിക്കിരയായി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ലിതാന്‍, മങ്കോട്ട് ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിനു പേര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.

സാധാരണഗതിയില്‍ വ്യക്തികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ നാട്ടുകാരുടെയോ പോലീസിന്റെയോ ഇടപെടലില്‍ പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍ വ്യക്തി എന്നതിനേക്കാള്‍ ഗോത്രത്തിനാണ് മണിപ്പൂരില്‍ പ്രാമുഖ്യം. നിസ്സാര തര്‍ക്കങ്ങള്‍ പോലും വംശീയമായാണ് കാണപ്പെടുന്നത്. കുകി വിഭാഗക്കാരനും നാഗ വിഭാഗക്കാരനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഏത് വിഷയത്തിലും ഗോത്രപരമായ വികാരങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കം. ഒരാള്‍ക്ക് നേരെ അതിക്രമം നടന്നാൽ “അയാള്‍ ആക്രമിക്കപ്പെട്ടു’വെന്നതിനു പകരം “നമ്മള്‍ ആക്രമിക്കപ്പെട്ടു’ എന്ന ചിന്ത പടരുകയും അത് സംഘടിത പ്രതികാര നടപടികളിലേക്ക് നയിക്കുകയും ചെയ്യുന്നു.

മണിപ്പൂരിന്റെ സാമൂഹിക ഘടന തന്നെ വിഭജിതമാണ്. താഴ്‌വാരങ്ങളില്‍ പ്രധാനമായും മെയ്‌തെയ് വിഭാഗവും മലമുകളില്‍ കുകി, നാഗ വിഭാഗങ്ങളും താമസിക്കുന്നു. ഭൂമിയുടമസ്ഥാവകാശം, ഭരണഘടനാപരമായ സംവരണാവകാശം എന്നിവയെ പറ്റി ആശങ്കകള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. മെയ്‌തെയ് വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ട് രംഗത്തു വന്നപ്പോള്‍, മലനിരകളിലെ ഗോത്ര വിഭാഗങ്ങള്‍ക്കത് നിലനില്‍പ്പിനുള്ള ഭീഷണിയായി തോന്നി. മറുവശത്ത് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന വികാരവും വളര്‍ന്നു. നേരത്തേ ഉറ്റ സൗഹൃദത്തില്‍ കഴിഞ്ഞിരുന്നവര്‍ പോലും ഇന്ന് പരസ്പരം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഈ പരസ്പര അവിശ്വാസവും ഭയവുമാണ് സംഘര്‍ഷത്തിന്റെയും കലാപങ്ങളുടെയും അടിത്തറ.

സാമൂഹിക മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട് മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍. യുവാക്കള്‍ക്കിടയില്‍ മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ “മറുവിഭാഗം നടത്തിയ ആസൂത്രിതമായ ആക്രമണ’മെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്. നിമിഷങ്ങള്‍ക്കകം ഈ വാര്‍ത്ത പരക്കുകയും ജനക്കൂട്ടം അക്രമാസക്തരായി തെരുവിലിറങ്ങുകയുമായിരുന്നു. പഴയ സംഭവങ്ങളുടെ വീഡിയോകള്‍ പുതിയ സംഭവമെന്ന വ്യാജേന പ്രചരിപ്പിക്കലും വ്യാജവാര്‍ത്തകളും ചിലരുടെ സ്ഥിരം ശൈലിയാണ്. ഇന്റര്‍നെറ്റ് നിരോധനം താത്കാലിക നിയന്ത്രണം സാധ്യമാക്കിയാലും ഗോത്രങ്ങള്‍ക്കിടയിലെ വിശ്വാസക്കുറവ് പരിഹരിച്ചെങ്കില്‍ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകുകയുള്ളൂ. സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകളുടെയും വാര്‍ത്തകളുടെയും സത്യാവസ്ഥ പരിശോധിക്കാതെ പ്രതികരണം ഉയരുമ്പോള്‍, ഒരു ചെറിയ തര്‍ക്കം സംഘടിത അക്രമമായി വളരാന്‍ അധിക സമയം വേണ്ടിവരില്ല.

മ്യാന്മറുമായുള്ള അതിര്‍ത്തി ബന്ധം, ആയുധങ്ങളുടെ അനായസ ലഭ്യത തുടങ്ങി മണിപ്പൂരിന്റെ ഭൗമിക, രാഷ്ട്രീയ സാഹചര്യങ്ങളും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. കലാപത്തിന്റെ തുടക്കത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ആയുധപ്പുരകളില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട തോക്കുകളും വെടിയുണ്ടകളും ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ട്. മുന്‍കാലങ്ങളില്‍ സജീവമായിരുന്ന സായുധ സംഘടനകളുടെ അവശിഷ്ടങ്ങളും സ്വാധീനവും പൂര്‍ണമായി അപ്രത്യക്ഷമായിട്ടുമില്ല. 35 ലക്ഷം മാത്രം ജനസംഖ്യയുള്ള സംസ്ഥാനത്ത് മണിപ്പൂര്‍ ലിബറേഷന്‍ ഫ്രണ്ട്, നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട്, ചൈനയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന പീപ്പിള്‍സ് റവല്യൂഷനറി പാര്‍ട്ടി എന്നിങ്ങനെ മുപ്പതിലധികം സായുധ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു 1970കളില്‍. ഒരു ചെറിയ തര്‍ക്കം ഉടലെടുക്കുമ്പോള്‍ സംഭാഷണങ്ങള്‍ക്കു പകരം തോക്കുകള്‍ ഗര്‍ജിക്കുന്ന അവസ്ഥയാണിവിടെ.

തോക്കുകള്‍ താഴെ വെച്ച് മനുഷ്യര്‍ തമ്മില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ മണിപ്പൂരില്‍ സമാധാനം കൈവരികയുള്ളൂ. രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് മനുഷ്യത്വത്തിനു മുന്‍ഗണന നല്‍കുന്ന ഒരു സര്‍ക്കാറിന്റെ നിയന്ത്രണവും വേണം. ഗോത്രങ്ങളും സമൂഹങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അവിശ്വാസവും സംശയങ്ങളും അവസാനിപ്പിക്കാനുള്ള നടപടികളാണ് പ്രഥമമായും വേണ്ടത്. യുവജന സംഘടനകള്‍, സാമൂഹിക പ്രസ്ഥാന നേതാക്കള്‍, മതനേതാക്കള്‍ എന്നിവരുടെ സഹകരണത്തോടെ സ്ഥിരം സംവാദ വേദികള്‍ സംഘടിപ്പിക്കുന്നത് ഇതിന് സഹായകമാകും. ഭൂമി അവകാശ പ്രശ്‌നങ്ങളില്‍ ന്യായമായ പരിഹാരവും കാണണം.

തൊഴിലില്ലായ്മയും മദ്യപാനവുമാണ് യുവാക്കളെ അക്രമത്തിലേക്കും സായുധ പ്രസ്ഥാനങ്ങളിലേക്കും എത്തിക്കുന്നത്. അവര്‍ക്ക് ശരിയായ ദിശാബോധം നല്‍കുകയും വിദ്യാഭ്യാസവും തൊഴിലും വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം. പോലീസിന്റെയും അര്‍ധസൈനികരുടെയും അടിച്ചമര്‍ത്തല്‍ താത്കാലിക സമാധാനം സൃഷ്ടിച്ചേക്കാമെങ്കിലും വിശ്വാസം, നീതി, സമത്വം എന്നിവയുടെ ഉറച്ച അടിത്തറയില്ലാതെ സ്ഥിരം ശാന്തി കൈവരികയില്ല. കലാപത്തിലേര്‍പ്പെട്ട കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയും “ഗോത്രസംരക്ഷണം’ എന്ന പേരില്‍ കുറ്റവാളികളെ സംരക്ഷിക്കപ്പെടുന്ന രീതി അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കിലേ “ഇടവേളക്കുശേഷം വീണ്ടും കലാപം’ എന്ന വാര്‍ത്തകള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.