Source :- SIRAJLIVE NEWS
മലപ്പുറം : മങ്കടയില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിക്കെതിരെ മുന്‍ മുസ്ലീം ലീഗ് നേതാവിനെ രംഗത്തിറക്കി എല്‍ ഡി എഫ്. മുസ്ലീംലീഗ് മുന്‍ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും.
മഞ്ഞളാംകുഴി അലിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കുന്നത്ത് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയുണ്ടാകും. നിലവില്‍ പ്രഖ്യാപിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവിയെ മാറ്റും. കഴിഞ്ഞ ഞായറാഴ്ചയാണ് സി പി എം മങ്കട ഏരിയ കമ്മിറ്റി അംഗവും കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗവുമായ എം പി അലവിയെ മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
എന്നാല്‍ സ്ഥാനാര്‍ഥി പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് സ്വതന്ത്രനെ കളത്തിലിറക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. അതിനിടയിലാണ് ലീഗില്‍ നിന്നു തന്നെ അലിക്കെതിരെ സ്ഥാനാര്‍ഥിയെ കിട്ടിയിരിക്കുന്നത്. നേരത്തെ ഇടത് എം എല്‍ എ ആയിരുന്ന മഞ്ഞളാംകുഴി അലി പിന്നീട് ലീഗില്‍ ചേക്കേറുകയായിരുന്നു.



