Home LATEST NEWS malyalam പുതിയ വാർത്ത മഅ്ദിന്‍ റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം മറ്റന്നാള്‍; വിശ്വാസി സാഗരമാകാനൊരുങ്ങി സ്വലാത്ത് നഗര്‍

മഅ്ദിന്‍ റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം മറ്റന്നാള്‍; വിശ്വാസി സാഗരമാകാനൊരുങ്ങി സ്വലാത്ത് നഗര്‍

23
0

Source :- SIRAJLIVE NEWS

മലപ്പുറം | ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിക്കുന്ന റമളാന്‍ 27-ാം രാവായ തിങ്കളാഴ്ച വിശ്വാസി ജനലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി സ്വലാത്ത് നഗര്‍. രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥനാ സമ്മേളനത്തിനാണ് സ്വലാത്ത് നഗര്‍ വേദിയാവുക. തിങ്കളാഴ്ച പുലര്‍ച്ചെ 4 മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3 വരെ നീണ്ട് നില്‍ക്കും.

പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഉദ്ഘാടന സംഗമം നാളെ (ഞായര്‍) രാവിലെ 8.30ന് മഅദിന്‍ കാമ്പസില്‍ നടക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മിന്‍ഹാജ് പണ്ഡിത ദര്‍സ്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ എന്നിവയുടെ സമാപന ചടങ്ങും സംഗമത്തില്‍ നടക്കും.

രാവിലെ 10ന് വനിതകള്‍ക്കായി വിജ്ഞാനവേദിയും പ്രാര്‍ഥനാ സംഗമവും നടക്കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി പ്രഭാഷണം നടത്തും. ഉച്ചക്ക് 1ന് പ്രശസ്ത ചരിത്രകാരന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസിയുടെ ചരിത്രപഠനവും വൈകുന്നേരം നാലിന് സമസ്ത ജില്ലാ സെക്രട്ടറിയായിരുന്ന സി കെ മുഹമ്മദ് ബാഖവി അനുസ്മരണ സംഗമവും പ്രാര്‍ഥനാ സദസ്സും നടക്കും.

പ്രാര്‍ഥനാ ദിനമായ നാളെ പുലര്‍ച്ചെ 4ന് ഇഅ്തികാഫ് സംഗമത്തോടെ പ്രത്യേക ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഇസ്തിഗ്ഫാര്‍ മജ്‌ലിസ് നടക്കും. ശേഷം സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹിം ബാഖവി മേല്‍മുറിയുടെ നേതൃത്വത്തില്‍ ഹദീസ് പഠന ക്ലാസ് നടക്കും.

രാവിലെ 6:30ന് ഖാരിഅ് അസ്ലം സഖാഫി മൂന്നിയൂരിന്റെ നേതൃത്വത്തില്‍ തജ്വീദ് പഠന ക്ലാസ് നടക്കും. 10:30ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസിന് സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി നേതൃത്വം നല്‍കും.

ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്‌ലിസ് നടക്കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ശേഷം അസ്മാഉല്‍ ഹുസ്നാ മജ്ലിസും വിര്‍ദുല്ലത്തീഫ് സദസ്സും നടക്കും.

തുടര്‍ന്ന് ഒരു ലക്ഷം പേര്‍ സംബന്ധിക്കുന്ന സമൂഹ ഇഫ്താര്‍ നടക്കും. നോമ്പ് തുറക്ക് ശേഷം മഗ്രിബ് നിസ്‌കാരം, മയ്യിത്ത് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം, ഇശാ നിസ്‌കാരം, തറാവീഹ്, വിത്റ് നിസ്‌കാരങ്ങള്‍ ജമാഅത്തായി മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്, മഅ്ദിന്‍ ഓള്‍ഡ് മസ്ജിദ്, മഅ്ദിന്‍ മെയിന്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.

രാത്രി ഒമ്പതിന് പ്രധാന വേദിയില്‍ പ്രധാന ചടങ്ങുകള്‍ക്ക് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ തുടക്കമാകും. വേദിയില്‍ ഹദ്ദാദ് റാത്തീബും ആയിരം തഹ്ലീലും നടക്കും. തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളന സമാപന വേദി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മുഹിയുസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തും. ശേഷം സ്വലാത്ത്, യാസീന്‍ പാരായണം, തൗബ, ലഹരിക്കെതിരായുള്ള പ്രതിജ്ഞ, ലോക സമാധാനത്തിനായുള്ള പ്രാര്‍ത്ഥന എന്നിവ നടക്കും. കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. സമ്മേളനത്തിന് സമസ്ത, കേരള മുസ്ലിം ജമാഅത്, എസ്. വൈ. എസ്, എസ്. ജെ. എം, എസ്. എം. എ, എസ്. എസ്. എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ ലക്ഷക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വിശാലമായ ഇരിപ്പിടങ്ങളും അത്യാധുനിക സൗണ്ട് സിസ്റ്റങ്ങളും ഡിജിറ്റല്‍ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് വിശ്വാസികള്‍ക്ക് തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാക്കാനും മറ്റ് പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ആയിരക്കണക്കിന് സന്നദ്ധ സേവകരെയാണ് നഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. ട്രാഫിക് നിയന്ത്രണത്തിനും വിശ്വാസികളുടെ സുരക്ഷയ്ക്കുമായി വിപുലമായ വളണ്ടിയര്‍ വിംഗും മെഡിക്കല്‍, ഫയര്‍ഫോഴ്സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മഅദിന്‍ അക്കാദമിക്ക് ഭക്ഷ്യവിഭവങ്ങളുമായി മലപ്പുറം സോണ്‍ പ്രാസ്ഥാനിക കുടുംബം

മലപ്പുറം| മഅദിന്‍ അക്കാദമിക് കൈത്താങ്ങായി വിഭവ സമാഹരണമൊരുക്കി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എം എ, എസ് ജെ എം, എസ് എസ് എഫ് മലപ്പുറം സോണ്‍ കമ്മിറ്റി.സോണിലെ എട്ട് സര്‍ക്കിളുകളിലെ 69 യൂണിറ്റുകളില്‍ നിന്നാണ് വിഭവങ്ങളുമായി വാഹനങ്ങളെത്തിയത്.
അരി, പഞ്ചസാര, ചായപ്പൊടി, തേങ്ങ, പച്ചക്കറികള്‍ തുടങ്ങിയ വിഭവങ്ങളാണ് സുന്നി സംഘ കുടുംബത്തിന്റെ നേതൃത്വത്തില്‍ സ്വലാത്ത് നഗറിലെത്തിച്ചത്.പ്രവര്‍ത്തകരുടെ ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണ് അരിയും മറ്റു വിഭവങ്ങളും യൂണിറ്റുകളില്‍ നിന്നും സമാഹരിച്ചത്.

വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രാര്‍ഥനാ സമ്മേളനത്തിനായി എത്തുന്നവര്‍ക്ക് ഗ്രാന്റ് ഇഫ്താര്‍, അത്താഴം തുടങ്ങിയവ ഒരുക്കുന്നതിന് വലിയ ആശ്വാസമാണ് ഇത്തരം വിഭവ സമാഹാരങ്ങള്‍. വിഭവങ്ങളുമായെത്തിയ സോണിലെ മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് സംഘടനാ പ്രവര്‍ത്തകരെ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കേരള മുസ് ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി പി മുജീബുറഹ്മാന്‍, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എം ദുല്‍ഫുഖാര്‍ അലി സഖാഫി, ബദ്റുദ്ധീന്‍ കോഡൂര്‍, എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, ഫഖ്റുദ്ധീന്‍ താണിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.