Home LATEST NEWS malyalam പുതിയ വാർത്ത ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ

3
0

Source :- SIRAJLIVE NEWS

അബൂദബി | യു എ ഇ ഭരണാധികാരികൾ പോപ്പ് ഫ്രാൻസിസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.പ്രസിഡന്റ് ശെെഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് തന്റെ അനുശോചനം അറിയിക്കുന്നുവെന്ന് എക്‌സിൽ കുറിച്ചു.

സമാധാനപൂർണമായ സഹവർത്തിത്വത്തിന്റെയും പരസ്പര ധാരണയുടെയും തത്വങ്ങൾ പ്രോത്സാഹിപ്പിക്കാൻ തന്റെ ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അനുശോചനത്തിൽ പറഞ്ഞു.യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പോപ്പ് ഫ്രാൻസിസിന്റെ വിയോഗവാർത്ത ഞങ്ങളെ ഏറെ ദുഃഖിതരാക്കിയെന്ന് വ്യക്തമാക്കി.

അനുകമ്പയും സമാധാനത്തോടുള്ള പ്രതിബദ്ധതയും കൊണ്ട് അസംഖ്യം ജീവിതങ്ങളെ സ്പർശിച്ച മഹാനായ നേതാവായിരുന്നു അദ്ദേഹം. വിനയത്തിന്റെയും മതസൗഹാർദ ഐക്യത്തിന്റെയും അദ്ദേഹത്തിന്റെ പൈതൃകം ലോകമെമ്പാടുമുള്ള നിരവധി സമൂഹങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയും യു എ ഇയും തമ്മിൽ ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന, ഊഷ്മളവും സൗഹാർദപരവുമായ ബന്ധം ഉണ്ടായിരുന്നു. 2019 ഫെബ്രുവരി ഒമ്പതിന് അറേബ്യൻ ഉപദ്വീപിലെ ആദ്യത്തെ മാർപ്പാപ്പ കുർബാനക്ക് അബൂദബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിച്ചിരുന്നു.

യു എ ഇയിൽ നിന്നും അയൽ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള വ്യത്യസ്ത ദേശക്കാരായ 180,000-ത്തിലധികം ആളുകൾ കുർബാനയിൽ പങ്കെടുത്തു. ചരിത്രപരമായ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വത്തിക്കാനിൽ നിന്ന് യു എ ഇയിലേക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ നിരവധി ആളുകൾ തെരുവിലിറങ്ങി.

പ്രസിഡന്റ്ശൈഖ് മുഹമ്മദ്, അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്ന സമയത്ത് 2016 സെപ്റ്റംബർ 15ന് വത്തിക്കാൻ സന്ദർശിക്കുകയും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.2023 ഡിസംബറിൽ ദുബൈയിൽ നടന്ന കോപ് 28നെ അഭിസംബോധന ചെയ്യാൻ അദ്ദേഹം എത്തേണ്ടതായിരുന്നു, എന്നാൽ പനിയും ശ്വാസകോശ വീക്കവും മൂലം യാത്ര റദ്ദാക്കാൻ ഡോക്ടർമാർ ഉപദേശിച്ചത് പ്രകാരം എത്തിയില്ല.

ഫ്രാൻസിസ് മാർപാപ്പക്കായി യു എ ഇയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രത്യേക ദിവ്യബലി അർപ്പിക്കും. യു എ ഇ, ഒമാൻ, യെമൻ എന്നിവിടങ്ങളിലെ കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വികാരിയായ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയുടെ നിർദേശ പ്രകാരമാണിത്.