Source :- SIRAJLIVE NEWS
വത്തിക്കാന്‍ സിറ്റി| അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട പറയാന്‍ ലോകം. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം മാര്‍പ്പാപ്പയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്.
ഒരു പതിറ്റാണ്ടിലേറെ ആഗോള കത്തോലിക്കാ സഭയെ നയിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങിയത്. അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബര്‍ ഏഴിനായിരുന്നു ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു യഥാര്‍ഥ പേര്. 1958 ലാണ് ഈശോ സഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. സെമിനാരിയില്‍ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ഇന്ത്യന്‍ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാര്‍പ്പാപ്പയുടെ വിയോഗം. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
പൊതുവെ ലളിത ജീവിതം നയിച്ചിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം. പൊതുഗതാഗതസംവിധാനത്തില്‍ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസില്‍ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. സാധാരണക്കാരായ ജനങ്ങളുമായിട്ടു അടുത്തിടപഴകാന്‍ താല്പര്യപെടുന്ന പോപ് ഫ്രാന്‍സിസ്, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്‌സ് പട്ടികയില്‍ 4-ആം സ്ഥാനം അടുത്തയിടെ നേടിയിരുന്നു.യുഎഇ സന്ദര്‍ശിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് രാജ്യം സന്ദര്‍ശിച്ച മാര്‍പാപ്പയായിരുന്നു അദ്ദേഹം. അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റേയും യു.എ.ഇയിലെ കത്തോലിക്കാ വിശ്വാസികളുടേയും ക്ഷണപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. അബൂദബി (എമിറേറ്റ്) യിലെ ഷെയ്ഖ് സായിദ് മോസ്‌ക് സന്ദര്‍ശിച്ച മാര്‍പാപ്പ മാനവസാഹോദര്യ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.