Home LATEST NEWS malyalam പുതിയ വാർത്ത പ്രചാരണ കാലത്ത് സംസ്ഥാനത്ത് പിടികൂടിയത് 58 കോടി

പ്രചാരണ കാലത്ത് സംസ്ഥാനത്ത് പിടികൂടിയത് 58 കോടി

15
0

Source :- SIRAJLIVE NEWS

പാലക്കാട് | വോട്ടിന് പണം വിതരണം ചെയ്യുന്നുവെന്ന് ആരോപണം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് 58 കോടി അനധികൃത പണം. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വന്‍തോതില്‍ പണം പിടിച്ചെടുത്തതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളില്‍ 319 കോടിയും തമിഴ്നാട്ടില്‍ 170 കോടിയും പുതുച്ചേരിയില്‍ ഏഴ് കോടിയും പിടികൂടിയിരുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി അനധികൃത പണമിടപാടുകള്‍ നടക്കുന്നുവെന്ന സംശയം ഇതോടെ കൂടുതല്‍ ശക്തമായി. പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലുള്‍പ്പെടെ പണവും സാരിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തെന്നാരോപണം ഉയര്‍ന്നിട്ടുണ്ട്. ബി ജെ പിക്ക് സാധ്യത കണക്കാക്കുന്ന ചില മണ്ഡലങ്ങളില്‍ സമാനമായ രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമങ്ങളുണ്ടെന്ന സൂചനകളും പുറത്തുവരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാതൃക കേരളത്തിലും പരീക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്ക് അനുവദനീയമായ ചെലവ് പരമാവധി 40 ലക്ഷം മാത്രമാണ്. വാഹനങ്ങള്‍, പ്രചാരണ സാമഗ്രികള്‍ തുടങ്ങിയ ഔദ്യോഗിക ചെലവുകള്‍ക്കായുള്ള പരിധിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെ ചെലവഴിക്കുന്നുണ്ടെന്നാണ് സൂചന. ചില മണ്ഡലങ്ങളില്‍ ഇത് 30 കോടി വരെ എത്തുന്നുവെന്ന ആരോപണവും ഉയരുന്നു. ഇത്തരത്തിലുള്ള അനധികൃത ചെലവുകള്‍ കണക്കില്‍പ്പെടാതിരിക്കാനാണ് പണം കടത്തുന്നതെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനതലത്തില്‍ പരിശോധന ശക്തമാക്കിയതിലൂടെ അനധികൃത പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

2021ലെ തിരഞ്ഞെടുപ്പ് വേളയില്‍ 3.5 കോടിയുടെ ഹവാല പണം പിടികൂടിയത് വിവാദമായിരുന്നു. ഈ പണമിടപാടുമായി ബി ജെ പി നേതാവിന് ബന്ധമുണ്ടെന്നാരോപണം ഉയര്‍ന്നിരുന്നെങ്കിലും കേസ് അട്ടിമറിക്കപ്പെട്ടു. ഈയൊരു പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന ശക്തമാക്കിയതെന്നും കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.