Source :- SIRAJLIVE NEWS
പാലക്കാട് | സി പി എം പുറത്താക്കിയ മുന്‍ പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം പി കെ ശശി ഒറ്റപ്പാലത്ത് മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തില്‍. സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന അദ്ദേഹം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
സ്വതന്ത്ര ചിഹ്നത്തില്‍ കോണ്‍ഗ്രസ് വോട്ട് കിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി കെ ശശികൈപ്പത്തില്‍ ചിഹ്നത്തില്‍ മത്സരിക്കാമെന്ന നിര്‍ദ്ദേശം അംഗീകരിച്ചത്. നിലവില്‍ മണ്ഡലത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ഥി എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റോഡ് ഷോയില്‍ ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നില്ല.
ഇനിയുള്ള പ്രചരണ ബോര്‍ഡുകളില്‍ ചിഹ്നം ഉണ്ടാവും. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ രംഗത്തിറങ്ങുമെന്നും മത്സരം കടുക്കുമെന്നുമാണ് യു ഡി എഫ് നേതാക്കളുടെ കണക്കുകൂട്ടല്‍.



