Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

3.1 ലക്ഷത്തിലധികം പുതിയ പൈപ്പ് ലൈൻ പ്രകൃതിവാതക കണക്ഷനുകൾ ചേർത്ത് കേന്ദ്ര സർക്കാർ. ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ വിതരണ തടസങ്ങൾക്കിടയിലും സർക്കാർ ശുദ്ധമായ ഇന്ധന ശൃംഖലകളുടെ വിപുലീകരണം ത്വരിതപ്പെടുത്തിയതോടെ 2.7 ലക്ഷം പുതിയ കണക്ഷനുകൾ കൂടി നൽകി. മാർച്ച് മാസത്തിൽ, ഗാർഹിക, വാണിജ്യ, ഹോസ്റ്റൽ മെസ്, കാൻ്റീൻ മുതലായവ ഉൾപ്പെടെ 3.1 ലക്ഷത്തിലധികം കണക്ഷനുകൾ ഗ്യാസ്ഫൈ ചെയ്‌തതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ഇവയ്‌ക്കു പുറമേ, 2.7 ലക്ഷത്തിലധികം പുതിയ കണക്ഷനുകൾ നൽകുകയും ഗ്യാസ്ഫൈ ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും പശ്ചിമേഷ്യയിലെ സംഭവങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്ക് വച്ച് കൊണ്ട് മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം പാചക വാതക എൽപിജി വിതരണത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം. എൽപിജി സിലിണ്ടറുകളേക്കാൾ സൗകര്യപ്രദമായി കണക്കാക്കപ്പെടുന്ന പിഎൻജി കൂടുതലായി വിതരണം ചെയ്യാന്‍ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിൽ എൽപിജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് ഉപഭോക്താക്കൾ മാറുന്നതിനായി അവരെ പ്രോത്സാഹിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് എൽപിജിയുടെ ഭൂരിഭാഗവും ലഭിച്ചിരുന്ന സമുദ്ര ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് യുദ്ധ സാഹചര്യത്തിൽ അടച്ചു. എൽപിജി വിതരണം തടസപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്ത് പ്രകൃതിവാതകത്തിൽ പകുതിയും പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്നു. ബാക്കിയുള്ളവയ്ക്ക് വിവിധ സ്രോതസുകൾ ലഭ്യമാണ്.
ഫെബ്രുവരി അവസാനം ഇന്ത്യയിൽ 1.64 കോടി ഗാർഹിക പിഎൻജി കണക്ഷനുകളും 48,568 വാണിജ്യ കണക്ഷനുകളും 21,512 വ്യാവസായിക കണക്ഷനുകളും ഉണ്ടായിരുന്നു. 3.1 ലക്ഷം ഗ്യാസ്ഫൈഡ് കണക്ഷനുകൾ മുൻ മാസങ്ങളിൽ അപേക്ഷിക്കുകയും ഗ്യാസ്ഫൈ ചെയ്‌തവയുമാണ്. മാർച്ചിൽ ഗ്യാസ് വിതരണം ആരംഭിച്ചു. കൂടാതെ ഈ മാസത്തിൽ 2.7 ലക്ഷം പുതിയ പിഎൻജി കണക്ഷനുകൾക്ക് അപേക്ഷ വന്നു. ഇതിനായി ഗ്യാസ് വിതരണം ആരംഭിക്കുന്ന പ്രക്രിയയിലാണിപ്പോൾ.
വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പിഎൻജി വിതരണം ചെയ്യുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ജൂൺ അവസാനം വരെ ദേശീയ വിപുലീകരണ ഡ്രൈവ് നീട്ടുന്നുണ്ടെന്നും ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കണക്ഷനുകൾ വേഗത്തിലാക്കാൻ നഗര ഗ്യാസ് വിതരണക്കാരെ നിർദേശിക്കുന്നുണ്ടെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി. എല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യത്തിന് ഇൻവെൻ്ററികളും രാജ്യവ്യാപകമായി ആവശ്യാനുസരണം പെട്രോളും ഡീസലും നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
