Source :- SIRAJLIVE NEWS
ന്യൂഡൽഹി | പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് മറച്ചുവെച്ച ജവാനെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിആർപിഎഫിന്റെ 41-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ/ജനറൽ ഡ്യൂട്ടി മുനീർ അഹമ്മദിന് എതിരെയാണ് നടപടി. ഒരു പാകിസ്താനി പൗരയെ വിവാഹം കഴിച്ചത് മറച്ചുവെച്ചതിനും, വിസയുടെ കാലാവധി കഴിഞ്ഞിട്ടും അവളെ താമസിപ്പിച്ചതിനുമാണ് നടപടിയെന്ന് സിആർപിഎഫ് പ്രസ്താവനയിൽ അറിയിച്ചു.
അദ്ദേഹത്തിന്റെ പ്രവൃത്തികൾ സേവന പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്ക് ദോഷകരമാണെന്നും കണ്ടെത്തിയെന്നും പ്രസ്താവനയിൽ പറയുന്നു. മുനീർ അഹമ്മദിനെ ജമ്മു കാശ്മീർ മേഖലയിൽ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് തൊട്ടടുത്ത ദിവസമാണ് സിആർപിഎഫിന്റെ ഈ നടപടി.
പാകിസ്താനിലെ സിയാൽകോട്ടിൽ നിന്നുള്ള മിനാൽ ഖാനെ വിവാഹം കഴിക്കാൻ അനുമതി തേടി 2023 ൽ അഹമ്മദ് സിആർപിഎഫിനെ സമീപിച്ചിരുന്നു. എന്നാൽ, വകുപ്പ് അദ്ദേഹത്തിന്റെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ്, 2024 മെയ് 24 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഇരുവരും വിവാഹിതരാവുകയായിരുന്നു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനി പൗരന്മാരുടെ വിസകൾ ഇന്ത്യ റദ്ദാക്കിയതിനെത്തുടർന്ന് മിനാൽ ഖാനെ നാടുകടത്താനായി ജമ്മുവിൽ നിന്ന് തിരിച്ചയച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഏപ്രിൽ 30 ന് ജമ്മു കാശ്മീർ ഹൈക്കോടതി അവസാന നിമിഷം നാടുകടത്തൽ തടഞ്ഞു. കോടതിയുടെ തീരുമാനം അഭിഭാഷകൻ അറിയിച്ചപ്പോൾ മിനാൽ അത്താരി അതിർത്തിയിലേക്ക് പോകുകയായിരുന്നു.