Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം. വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക നല്‍കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ആര്‍ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക സമര്‍പ്പിക്കുക.
അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന്‍ തുടങ്ങിയവരും ഇന്ന് പത്രിക നല്‍കും. ധര്‍മടം മണ്ഡലം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. വിമത ശല്യം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കുന്നത് വൈകിപ്പിച്ചു. ഇതു സ്ഥാനാര്‍ഥികളുടെ പ്രചാരണം ആരംഭിക്കുന്നതിനെ ബാധിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നിര്‍വഹിച്ച് സി പി എമ്മും സി പി ഐയും പ്രചാരണത്തിനിറങ്ങിയതിനാല്‍ ഇടതു മുന്നണി പ്രചാരണത്തില്‍ ഏറെ മുന്നിലെത്തി.
റോഡ് ഷോയും വാദ്യമേളങ്ങളുമായി ശക്തിപ്രകടനം നടത്തിയാണ് പലരും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഒരുങ്ങുന്നത്. മാര്‍ച്ച് 23 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്. മാര്‍ച്ച് 24 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 നാണ്. ഏപ്രില്‍ 9 നാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.
ഏതാനും സീറ്റില്‍ തന്ത്രപരമായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ എല്‍ ഡി എഫ് ഒഴിച്ചിട്ടിരുന്നു. മങ്കടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗ് മങ്കട നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ സിപിഎം പിന്തുണക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നേരത്തെ പ്രഖ്യാപിച്ച എം പി അലവിയെ മാറ്റിയാണ് കുന്നത്ത് മുഹമ്മദിനെ പിന്തുണക്കുക. മഞ്ഞളാം കുഴി അലിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്ന് ലീഗില്‍ നിന്ന് നടപടി നേരിട്ടതിന് പിന്നാലെയാണ് വിമതനായി മത്സരിക്കാന്‍ മുഹമ്മദ് തീരുമാനിച്ചത്.



