Home LATEST NEWS malyalam പുതിയ വാർത്ത നയതന്ത്രനീക്കമോ, യുദ്ധതന്ത്രമോ?

നയതന്ത്രനീക്കമോ, യുദ്ധതന്ത്രമോ?

4
0

Source :- SIRAJLIVE NEWS

അ പ്രതീക്ഷിതമാണ് ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണത്തിനു അഞ്ച് ദിവസത്തെ ഇടവേള നൽകിയ ട്രംപിന്റെ പ്രഖ്യാപനം. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നിടു ന്നില്ലെങ്കിൽ ഇറാന്റെ എല്ലാ ഊർജ പ്ലാന്റുകളും തകർക്കുമെന്ന് ശനിയാഴ്ച രാത്രി ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഈ അന്ത്യശാസനത്തിന്റെ സമയം അവസാനിക്കാൻ കാത്തുനിൽക്കാതെയായിരുന്നു ട്രംപ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാനുമായി നടന്ന ചർച്ചകൾ ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വെടിനിർത്തലെന്നാണ് ട്രംപിന്റെ അവകാശവാദമെങ്കിലും അത്തരമൊരു ചർച്ചയും നടന്നിട്ടില്ലന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചു ആഗോള തലത്തിൽ ചർച്ച സജീവമാണ്. സൈനികരുടെ പുനഃക്രമീകരണം, കൂടുതൽ ആയുധങ്ങൾ എത്തിക്കൽ, പുതിയ ആക്രമണ പദ്ധതികൾ ആവിഷ്‌കരിക്കൽ, തന്ത്രപരമായ മാറ്റങ്ങൾ, ചർച്ചകൾക്ക് വഴിതുറക്കൽ, അന്താരാഷ്ട്ര സമ്മർദം തുടങ്ങിയവയാണ് യുദ്ധങ്ങളിൽ താത്കാലിക വെടിനിർത്തലിനു കാരണങ്ങൾ. സമാധാന നീക്കവും ചിലപ്പോൾ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനുളള തയ്യാറെടുപ്പ് വേളയുമാകാം വെടിനിർത്തൽ. എന്നാൽ എണ്ണ ഉത്പാദക രാജ്യങ്ങളുടെയും എണ്ണ ശുദ്ധീകരണ കമ്പനികളുടെയും കടുത്ത സമ്മർദമാണ് അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപനത്തിനു പിന്നിലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ ഗണ്യമായൊരു ഭാഗം കൈകാര്യം ചെയ്യുന്ന ‘ഒപെക്’ രാജ്യങ്ങളും റഷ്യയുൾപ്പെടെ സഖ്യകക്ഷികളും യുദ്ധം നീണ്ടുപോകുന്നതിലും പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുന്നതിലും കടുത്ത ആശങ്കയിലാണ്. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ സഊദി, യു എ ഇ തുടങ്ങിയ അമേരിക്കയുടെ സുഹൃദ് രാഷ്ട്രങ്ങളുടെ എണ്ണ ഉത്പാദക കേന്ദ്രങ്ങളിലേക്ക് ആക്രമണം നീളുമെന്നു ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അങ്ങനെ സംഭവിച്ചാൽ ആഗോള വിപണിയിൽ എണ്ണ ലഭ്യത കുത്തനെ കുറയുകയും വില കുതിച്ചുയരുകയും ചെയ്യും. എണ്ണ വിതരണ ശൃംഖലയും താറുമാറാകും. ആഗോള നിക്ഷേപ ബേങ്കുകളുടെയും സാമ്പത്തിക ഏജൻസികളുടെയും നിരീക്ഷണ പ്രകാരം ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്കു നേരെയുള്ള ചെറിയൊരു ആക്രമണം പോലും ക്രൂഡ് ഓയിൽ വിലയിൽ പത്ത് മുതൽ ഇരുപത് ശതമാനം വരെ വിലവർധന സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടാതിരി ക്കാൻ ഒപെക് രാജ്യങ്ങൾ ട്രംപിനു മേൽ കടുത്ത സമ്മർദം ചെലുത്തിയിരുന്നു.
അമേരിക്കയിലെയും യൂറോപ്പിലെയും എണ്ണ ശുദ്ധീകരണ ശാലകൾ പ്രവർത്തിക്കുന്നത് ക്രൂഡ് ഓയിൽ വിലയിലെ സ്ഥിരതയെ ആശ്രയിച്ചാണ്. അമേരിക്ക ഇറാന്റെ ഊർജ കേന്ദ്രങ്ങളെ കൂടി ലക്ഷ്യം വെച്ചാൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ വൻതോതിൽ വർധനയും ശുദ്ധീകരണ ശാലകളുടെ ലാഭത്തിൽ ഇടിവും സംഭവിക്കും. യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് പാടേ അടച്ചിടുന്ന സാഹചര്യമുണ്ടായാൽ റിഫൈനറികൾക്ക് ആവശ്യമായ അസംസ്‌കൃത എണ്ണ കൃത്യസമയത്ത് എത്തിക്കാനും സാധിക്കില്ല. ഹോർമുസ് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥയെ അത് തകർക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐ ഇ എ) മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എണ്ണ പ്രതിസന്ധി മാത്രമല്ല, ലോകം ഗുരുതരമായ ഭക്ഷ്യക്ഷാമവും നേരിടേണ്ടി വരുമെന്ന് യു എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എണ്ണ വിലവർധന പണപ്പെരുപ്പത്തിനും ഇടയാക്കും. അമേരിക്കയിൽ നിലവിൽ തന്നെ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. എണ്ണമേഖലയിലെ പ്രതിസന്ധിക്കു പുറമെ യുദ്ധച്ചെലവ് വൻതോതിൽ വർധിക്കുന്നത് ഇത് പിന്നെയും സാന്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് വരുത്തുകയും ചെയ്യും. എണ്ണ ഉത്പാദക രാജ്യങ്ങളും ശുദ്ധീകരണശാലകളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാതെ യുദ്ധം തുടരുന്നത് ലോകത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്. സൈനിക നീക്കത്തേക്കാളുപരി ‘സാമ്പത്തിക പ്രതിരോധ’മായാണ് ഈ ഇടവേള പ്രഖ്യാപനത്തെ ലോകം കാണുന്നത്.

ഇറാൻ എന്ന കരുത്തനായ എതിരാളിയെ സൈനികമായി നേരിടുന്നതിലെ പരിമിതിയും അമേരിക്കൻ ജനതയുടെ യുദ്ധവിരുദ്ധ മനോഭാവവും ഇടവേള പ്രഖ്യാപനത്തിലെ പ്രേരകങ്ങളിൽ പ്രധാനമാണ്. ശക്തമായ സൈനിക സജ്ജീകരണങ്ങളും പ്രതിരോധ സംവിധാനങ്ങളുമുള്ള രാജ്യമാണ് ഇറാൻ. പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈ, അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി, ഇറാൻ ആംഡ് ഫോഴ്‌സ് ചീഫ് ജനറൽ അബ്ദുർറഹീം മൗസാവി, വ്യോമസേനാ കമാൻഡർ അസീസ് നസീർ സാദെ തുടങ്ങി നേതൃനിരയിലെ പ്രമുഖരും 6000ത്തോളം സൈനികരും വധിക്കപ്പെടുകയും വൻതോതിൽ ആയുധങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടും ഇറാൻ പിടിച്ചു നിൽക്കുന്നത് അവരുടെ സൈനിക ശക്തിയിലേക്കും യുദ്ധതന്ത്രത്തിലേക്കും വിരൽ ചൂണ്ടുന്നു. കൂടാതെ ഒരു വിദേശ സൈന്യത്തിനു പെട്ടെന്നു കീഴ്‌പ്പെടുത്താൻ സാധിക്കാത്ത വിധം വിശാലമായ പർവത നിരകളും കടൽതീരവും ചേർന്ന ഭൂപ്രകൃതിയാണ് ഇറാന്റേത്. പൂർണരൂപത്തിലുള്ള ഒരു യുദ്ധം ആരംഭിച്ചാൽ അത് വർഷങ്ങളോളം നീണ്ടുനിന്നേക്കുമെന്നും, അമേരിക്കക്ക് വൻതോതിലുളള സാമ്പത്തിക- മാനുഷിക വിഭവ നഷ്ടത്തിനിടയാക്കുമെന്നും പെന്റഗണിലെ സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപോർട്ടുണ്ട്.

ഇനി അഞ്ച് ദിവസത്തെ ഇടവേളക്കു ശേഷമുള്ള അമേരിക്കയുടെ നീക്കങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. സമാധാന ചർച്ചയിലൂടെ പരിഹാരം ഉരുത്തിരിയുമോ, മറ്റൊരു വലിയ സംഘർഷത്തിന്റെ ഇടവേള മാത്രമായി മാറുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.