Source :- SIRAJLIVE NEWS
ദുബൈ | ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനും ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്ന് സംഘടിപ്പിക്കുന്ന ദുബൈ എ ഐ വീക്ക് ആരംഭിച്ചു. ഈ മാസം 25 വരെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്‌സ് ടവേഴ്‌സിലെ ഏരിയ 2071-ലും നിരവധി പ്രധാന പരിപാടികൾ നടക്കും. ആഗോള എ ഐ വിദഗ്ധർ, ചിന്തകർ, നവീനർ, നയരൂപകർ എന്നിവരെ ആകർഷിക്കുന്ന പരിപാടി ദുബൈയുടെ എ ഐ ഭാവി വിഭാവനം ചെയ്യുന്നു.
മെഷീൻസ് കാൻ സീ എ ഐ ഉച്ചകോടി ദുബൈ എ ഐ വീക്കിന്റെ പ്രധാന ആകർഷണമായ മൂന്നാമത് “മെഷീൻസ് കാൻ സീ’ എ ഐ ഉച്ചകോടി നാളെയും മറ്റന്നാളും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ നടക്കും.
“നല്ല എ ഐ: ലോകത്തെ സുരക്ഷിതമാക്കൽ’ എന്ന പ്രമേയത്തിൽ 20 പ്രധാന പ്രസംഗങ്ങളും പാനൽ ചർച്ചകളും സംഘടിപ്പിക്കും. റോബോട്ടിക്‌സ്, ഓട്ടോണമസ് വാഹനങ്ങൾ, വ്യവസായം, കല, ഫാഷൻ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും.
മൂന്ന് ഭാഗങ്ങളുള്ള എക്‌സ് പോ സോണും സജ്ജീകരിക്കും. സ്റ്റാർട്ടപ്പ് ഏരിയയും യു എ ഇയിലെ സർവകലാശാലകളുടെ എ ഐ, റോബോട്ടിക്‌സ് മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവും ഉൾപ്പെടും. ദുബൈ എ ഐ വീക്കിൽ എ ഐ റിട്രീറ്റ്, ദുബൈ അസംബ്ലി ഫോർ എ ഐ, ഗ്ലോബൽ പ്രോംപ്റ്റ് എൻജിനീയറിംഗ് ചാമ്പ്യൻഷിപ്പ്, ഏജന്റിക് എ ഐ ഹാക്കത്തോൺ, ദുബൈ എ ഐ ഫെസ്റ്റിവൽ, സ്‌കൂളുകളിലെ എ ഐ വീക്ക് തുടങ്ങിയ പ്രധാന പരിപാടികളും നടക്കും.
സർക്കാർ, വിദ്യാഭ്യാസം, വ്യവസായം, സ്റ്റാർട്ടപ്പുകൾ, നിക്ഷേപം, നവീകരണം എന്നിവയിൽ വർധിച്ചുവരുന്ന എ ഐ സ്വാധീനം ഉയർത്തിക്കാട്ടാനാണ് ഈ പരിപാടികൾ ലക്ഷ്യമിടുന്നത്.
സൗജന്യ ഷട്ടിൽ ബസ് സേവനം ദുബൈ എ ഐ വീക്കിൽ പങ്കെടുക്കുന്നവർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാൻ ആർ ടി എ സൗജന്യ ഷട്ടിൽ ബസ് സേവനം പ്രഖ്യാപിച്ചു.25 വരെ നടക്കുന്ന പരിപാടിക്കായി അൽ വാസൽ ക്ലബ്ബിന്റെ നിയുക്ത പാർക്കിംഗ് ഏരിയയിൽ നിന്ന് എമിറേറ്റ്‌സ് ടവേഴ്‌സിലേക്ക് ബസുകൾ സർവീസ് നടത്തും.