Home LATEST NEWS malyalam പുതിയ വാർത്ത ദുബൈയില്‍ ടാക്സി മേഖലയില്‍ വന്‍ കുതിപ്പ്; യാത്രക്കാരില്‍ വര്‍ധന

ദുബൈയില്‍ ടാക്സി മേഖലയില്‍ വന്‍ കുതിപ്പ്; യാത്രക്കാരില്‍ വര്‍ധന

13
0

Source :- SIRAJLIVE NEWS

ദുബൈ | ദുബൈയിലെ ടാക്സി, ലിമോസിന്‍ മേഖലകള്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി ആര്‍ ടി എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ യഥാക്രമം 13 ശതമാനവും 25 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ പുതുതായി 35 കമ്പനികള്‍ കൂടി സേവനം ആരംഭിച്ചു. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ 4.2 ശതമാനം വര്‍ധനയുണ്ടായി. ഈ വര്‍ഷം ടാക്സി മേഖലയില്‍ മാത്രം 14,476 വാഹനങ്ങളിലായി 20.9 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ സാധിച്ചു.

നഗരത്തിലെ ടാക്സി ട്രിപ്പുകളില്‍ 45 ശതമാനവും ഹെയില്‍ വഴിയാണ് നടക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 13 ശതമാനം വര്‍ധനയുണ്ടായി. പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഡിജിറ്റല്‍ ബുക്കിംഗ് ചാനലുകളിലേക്ക് മാറാനുള്ള ദുബൈയുടെ തന്ത്രപരമായ വിജയത്തെയാണ് ഈ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 200.65 ദശലക്ഷം യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം അത് 209.02 ദശലക്ഷമായി ഉയര്‍ന്നു. ടാക്സി യാത്രകളുടെ എണ്ണത്തിലും 4.2 ശതമാനം വര്‍ധനയുണ്ടായി.

ദുബൈയിലെ ടാക്സികളില്‍ 90 ശതമാനവും നിലവില്‍ ഹൈബ്രിഡ് അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളാണ്. 2040 ഓടെ 100 ശതമാനം ഇലക്ട്രിക് ടാക്സികള്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള വ്യക്തമായ മാര്‍ഗരേഖ ആര്‍ ടി എ തയ്യാറാക്കിയിട്ടുണ്ട്. ദുബൈയുടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സ്ട്രാറ്റജിക്ക് കരുത്തുപകരുന്നതാണ് ഈ മാറ്റം. കാര്യക്ഷമവും സുസ്ഥിരവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ ഗതാഗത സൗകര്യങ്ങളാണ് നഗരം ലക്ഷ്യമിടുന്നത്.