Home LATEST NEWS malyalam പുതിയ വാർത്ത ദീപക് ‘മുഹബ്ബത്ത് കി ദുകാനിലെ’ പോരാളി; കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ദീപക് ‘മുഹബ്ബത്ത് കി ദുകാനിലെ’ പോരാളി; കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

5
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | വിദ്വേഷത്തിനെതിരെ ധീരമായ നിലപാടെടുത്ത ഉത്തരാഖണ്ഡ് കോട്ദ്വാറിലെ ജിം ഉടമ ദീപക് കുമാറുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കടയുടെ പേരിനെച്ചൊല്ലി ബജ്‌റംഗ് ദൾ പ്രവർത്തകർ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനായ മുസ്‌ലിം വ്യാപാരിക്ക് പിന്തുണയുമായി രംഗത്തെത്തിയ ദീപക്കിനെ രാഹുൽ അഭിനന്ദിച്ചു. ‘മുഹമ്മദ് ദീപക്’ എന്നാണ് ഇദ്ദേഹത്തെ കോൺഗ്രസ് വിശേഷിപ്പിച്ചത്.

ദീപക് ഉയർത്തിപ്പിടിക്കുന്ന ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ധീരതയുടെയും മാതൃക അനീതിക്കും വിദ്വേഷത്തിനുമെതിരെ പോരാടാൻ രാജ്യത്തെ ഓരോ യുവാവിനും പ്രചോദനമാകുമെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് എക്സിൽ കുറിച്ചു. ദീപക് ‘മുഹബ്ബത്ത് കി ദുകാനിലെ’ പോരാളിയാണെന്നും അദ്ദേഹത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പാർട്ടി വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിൽ കോട്ദ്വാറിലെ പട്ടേൽ മാർഗിലുള്ള ‘ബാബ’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കടയുടെ ഉടമയായ എഴുപതുകാരൻ വക്കീൽ അഹമ്മദ് തന്റെ സ്ഥാപനത്തിന് നൽകിയ പേരിൽ ‘ബാബ’ എന്നത് ഹിന്ദു പദമാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ സമയത്താണ് വക്കീൽ അഹമ്മദിന്റെ മകന്റെ സുഹൃത്തായ ദീപക് കുമാർ പ്രതിഷേധക്കാരെ പ്രതിരോധിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ഇടപെടുകയും മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ദീപക്കിനെതിരെ ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.