Home LATEST NEWS malyalam പുതിയ വാർത്ത തൊഴിലാളികളുടെ അശ്രദ്ധ, പെട്രോള്‍ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ഗ്യാസ് ലൈനില്‍; 63,380 സിലിണ്ടര്‍ പാചകവാതകം...

തൊഴിലാളികളുടെ അശ്രദ്ധ, പെട്രോള്‍ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ഗ്യാസ് ലൈനില്‍; 63,380 സിലിണ്ടര്‍ പാചകവാതകം നഷ്ടമായി

27
0

Source :- SIRAJLIVE NEWS

തൃശൂര്‍| രാജ്യം പാചകവാതകക്ഷാമം നേരിടുന്നതിനിടെ തൊഴിലാളികളുടെ അശ്രദ്ധയെത്തുടര്‍ന്ന് വന്‍ വാതക ചോര്‍ച്ച. മണലി-മടവാക്കര റോഡിനുസമീപം കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനിലാണ് ചോര്‍ച്ചയുണ്ടായത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബിപിസിഎല്‍) പെട്രോള്‍ പൈപ്പ് ലൈനില്‍ പണിക്കെത്തിയ തൊഴിലാളികളാണ് എട്ടുമീറ്റര്‍ അപ്പുറത്തുള്ള ഗ്യാസ് പൈപ്പ് ലൈനില്‍ ഡ്രില്ല് ഉപയോഗിച്ച് തുളച്ചത്. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോയുടെ 63,380 സിലിണ്ടറിലുള്ളതിന് തുല്യമായ വാതകമാണ് നഷ്ടമാകുന്നത്.

സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്താണ് വാതകം പരക്കുന്നത് നിയന്ത്രിച്ചത്. പൈപ്പിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു വാല്‍വുകളും അടച്ചെങ്കിലും അതിനിടയിലെ വാതകം ചോര്‍ന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇത് മുഴുവന്‍ പുറത്തുപോയശേഷമേ ചോര്‍ച്ചയുണ്ടായ ഭാഗം അറ്റകുറ്റപ്പണി ചെയ്യാനാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. പാലക്കാട്ടുനിന്ന് സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി.

വാതക ചോര്‍ച്ചയെത്തുടര്‍ന്ന് സമീപത്തെ വീടുകളില്‍ തീ കത്തിക്കുന്നതിനും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. പെട്രോള്‍ പൈപ്പ് ലൈന്‍ ഉദ്യോഗസ്ഥര്‍ തെറ്റായി ലൊക്കേഷന്‍ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളയ്ക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.