Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി പരാതി. ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ് പ്രവർത്തകർ തടയുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിക്കുകയും വിതരണത്തിനായി തയ്യാറാക്കിവെച്ച അമ്പതോളം കിറ്റുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
മണ്ഡലത്തിൽ ബിജെപി വ്യാപകമായി കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്യുകയാണെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു. സ്വർണ്ണവ്യാപാരികളും ബാറുടമകളും ബിജെപിക്ക് ഇതിനായി സഹായം നൽകുന്നുണ്ടെന്നും ചില ബാറുകൾ വഴി മദ്യം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ചപ്പോൾ പണം വിതരണം ചെയ്തതിന് സമാനമായ രീതിയിലുള്ള വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.
അതേസമയം, രാധാകൃഷ്ണൻ എന്നൊരാളാണ് 75 കിറ്റുകൾക്കായി ഓർഡർ നൽകിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ വെളിപ്പെടുത്തി. കിറ്റുകളുടെ തുക ഇയാൾ മുൻകൂറായി അടച്ചിരുന്നതായും ഇയാൾ നിർദ്ദേശിക്കുന്നവർ വന്ന് കിറ്റുകൾ കൊണ്ടുപോവുകയുമായിരുന്നുവെന്നുമാണ് ഉടമയുടെ വിശദീകരണം. എന്നാൽ ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

