Home LATEST NEWS malyalam പുതിയ വാർത്ത തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയ കേസ്: ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയ കേസ്: ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| 1989ലെ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പോലീസ് ഇന്ന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയേക്കും. ആലപ്പുഴ സൗത്ത് പോലീസാണ് ജില്ലാ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ ജി സുധാകരനെതിരെ കേസെടുത്തത്. ബൂത്ത് പിടിച്ചെടുത്തത് മുതല്‍ വ്യാജരേഖ ചമച്ചത് വരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍. അതേസമയം വിഷയത്തില്‍ പാര്‍ട്ടി നേതാക്കളാരും സുധാകരനെ ബന്ധപ്പെട്ടിട്ടില്ല. കേസെടുത്തതിനുശേഷം ജി സുധാകരന്‍ പ്രതികരിച്ചിട്ടില്ല.

1989ലെ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലാണ് മുന്‍ മന്ത്രി ജി സുധാകരന്‍ നടത്തിയത്. ഇതിനെതിരെ ഇന്നലെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഐ പി സി, ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് കേസ്. വിവാദ പ്രസംഗത്തിന്റെ വീഡിയോ പ്രധാന തെളിവായി പോലീസ് ശേഖരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 36 വര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ രേഖകള്‍ നഷ്ടപ്പെട്ടത് അന്വേഷണത്തെ ബാധിച്ചേക്കുമെന്നാണ് സൂചന. വിവാദ പരാമര്‍ശത്തില്‍ വീട്ടിലെത്തി സുധാകരന്റെ മൊഴിയെടുപ്പ് നടത്തിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ്അന്വേഷണം ദ്രുതഗതിയിലാക്കിയത്.

സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി തഹസില്‍ദാറാണ് മൊഴിയെടുത്തത്.കേരള എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം. ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് ചെയ്യുമ്പോള്‍ ഞങ്ങളത് പൊട്ടിക്കും എന്ന് സുധാകരന്‍ പറയുന്ന വീഡിയോ ഭാഗമാണ് പുറത്തുവന്നത്. 1989ല്‍ കെ വി ദേവദാസ് മത്സരിച്ചു. അന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി. ചില എന്‍ ജി ഒ യൂനിയന്‍കാര്‍ എതിര്‍സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നവരുണ്ട്. അന്ന് 15% സ്ഥാനാര്‍ഥികളും വോട്ട് ചെയ്തത് എതിര്‍ സ്ഥാനാര്‍ഥിക്കായിരുന്നു എന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. മൊഴിയെടുപ്പിന് പിന്നാലെ ലേശം ഭാവനകലര്‍ത്തി പറഞ്ഞതാണെന്ന് സുധാകരന്‍ മാറ്റിപ്പറഞ്ഞിരുന്നു.