Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

തിരുവനന്തപുരം നഗരസഭയിലെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച ചെയ്യുമെന്ന് മേയർ വി.വി. രാജേഷ്. നഗരസഭയിലെ 50 ബിജെപി കൗൺസിലർമാർക്കൊപ്പമുള്ള ഡൽഹി യാത്രയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹി സന്ദർശനത്തിന്റെ ഗുണഫലങ്ങൾ വരാനിരിക്കുന്ന ബജറ്റിലുൾപ്പെടെ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചല്ല ഡൽഹി യാത്രയെന്നും കൗൺസിലർമാർ സ്വന്തം നിലയിലാണ് പോകുന്നതെന്നും മേയർ വ്യക്തമാക്കി. മേയറും കൗൺസിലർമാരും ഡൽഹിക്ക് പോയതിലൂടെ ഭരണസ്തംഭനമുണ്ടാകില്ലെന്നും ഇതിനായി രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് പിന്തുണ നൽകിയ നഗരാസൂത്രണ സ്ഥിരസമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ ഒഴികെയുള്ള കൗൺസിലർമാരാണ് കേരള എക്സ്പ്രസിൽ ഡൽഹിയിലേക്ക് തിരിച്ചത്.
ഈ മാസം 13-നാണ് സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമെ കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ എന്നിവരെയും സന്ദർശിച്ച് നഗരവികസന കാര്യങ്ങൾ ചർച്ച ചെയ്യും. യാത്രയിലുടനീളം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൗൺസിലർമാർക്ക് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി.

