Home LATEST NEWS malyalam പുതിയ വാർത്ത ഡോ. വന്ദനദാസ് വധക്കേസ്; ശിക്ഷാവിധി ഇന്ന്

ഡോ. വന്ദനദാസ് വധക്കേസ്; ശിക്ഷാവിധി ഇന്ന്

11
0

Source :- SIRAJLIVE NEWS

കൊല്ലം|കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസിലെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്. ശിക്ഷാവിധിയിന്മേല്‍ ഉള്ള വാദങ്ങള്‍ കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കുറ്റം ചെയ്തത് കരുതികൂട്ടി അല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണം എന്നും പ്രതിഭാഗവും വാദിച്ചു.  പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ മാതാവിനെ കാണാന്‍ അവസരം നല്‍കണമെന്ന് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങള്‍ മാത്രമാണ് പ്രതി സന്ദീപിന്റേതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

സെഷന്‍സ് ജഡ്ജ് പി. എന്‍ വിനോദ് ആണ് ശിക്ഷ വിധിക്കുന്നത്. വിധി കേള്‍ക്കാന്‍ വന്ദനയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കോടതിയില്‍ എത്തും. കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളില്‍ എല്ലാം പ്രതി കുറ്റക്കാരന്‍ എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കരുതികൂട്ടി ചെയ്തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അതിക്രമം നടത്തിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി പറഞ്ഞിരുന്നത്. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപിനെ പൂയപ്പള്ളി പോലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. പ്രതി വന്ദനയെ തടഞ്ഞ് നിര്‍ത്തി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു.വൈകാതെ വന്ദനയുടെ മരണം സംഭവിച്ചു. പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു.