Home LATEST NEWS malyalam പുതിയ വാർത്ത ട്രംപ് തോറ്റന്പിയോ?

ട്രംപ് തോറ്റന്പിയോ?

4
0

Source :- SIRAJLIVE NEWS

വാക്കിന് വിലയില്ലാത്തയാളാണ് ട്രംപെന്ന് ലോകത്തിന് എന്നേ ബോധ്യപ്പെട്ടതാണ്. ആര്‍ക്കും വ്യാഖ്യാനിച്ച് വഷളാക്കാവുന്ന ഒറ്റവരി പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തും. അടുത്ത നിമിഷം മാറ്റിപ്പറയും. ഇറാന്‍ ഭരണകൂടത്തെ തകര്‍ത്ത് പുതിയ സംവിധാനം സ്ഥാപിക്കാനാണ് ആക്രമണമെന്നാണ് തുടക്കത്തില്‍ പറഞ്ഞത്. പിന്നെ പറഞ്ഞു, ഇറാനെ നിരായുധീകരിക്കാനും ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണെന്ന്. തന്നോട് ഇറാന്റെ പരമോന്നത പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന തമാശയും അദ്ദേഹം എഴുന്നള്ളിച്ചു. ഹോര്‍മുസ് കടലിടുക്ക് താനും ആയത്തുല്ലയും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന് പറയുന്നതും കേട്ടു. അതു പറഞ്ഞതിന്റെ പിറ്റേന്ന് കേട്ടത് ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന കിടിലന്‍ ഭീഷണിയാണ്. അന്ത്യശാസനാ സമയം തീരാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ അഞ്ച് ദിവസത്തെ ഇളവുമായെത്തി. പിന്നെയത് ഏപ്രില്‍ ആറ് വരെയാക്കി. ഹോര്‍മുസ് തുറക്കുന്നില്ലെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്ന് ട്രംപ് പറഞ്ഞുവെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഒടുവില്‍ റിപോര്‍ട്ട് ചെയ്തത്. ഈ ഒരൊറ്റ വാചകത്തെ ആസ്പദമാക്കി, ട്രംപ് വന്നുപെട്ട ഊരാക്കുടുക്കിനെ കുറിച്ചൊക്കെ വിശകലന വിദഗ്ധര്‍ സംസാരിക്കുകയും അദ്ദേഹം ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇപ്പറഞ്ഞതൊന്നും തൊണ്ട തൊടാതെ വിഴുങ്ങാനാകില്ല. ഒരാളുടെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ പിന്നെ അയാള്‍ക്ക് എന്തും പറയാം. പാലിക്കേണ്ട ബാധ്യതയുണ്ടാകില്ലല്ലോ. സമാധാനത്തിലേക്ക് എന്ന് തലക്കെട്ട് അച്ചടിച്ചു തീരും മുമ്പേ ഇസ്‌റാഈലിനെ വെച്ച് ക്രൂരമായ ആക്രമണം നടത്തിയ ചോരക്കൊതിയനാണ് ട്രംപ്. ഏറ്റവും വലിയ ശുഭാപ്തിവിശ്വാസിക്ക് പോലും പശ്ചിമേഷ്യയിലെ സാഹചര്യം മെച്ചപ്പെടുന്നുവെന്ന് പറയാന്‍ ആത്മവിശ്വാസമില്ലാത്ത സ്ഥിതിയാണ്.

നിയന്ത്രിത വെടിനിര്‍ത്തല്‍ എന്നൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ച താത്കാലിക ആക്രമണവിരാമം തന്നെ നോക്കിയാല്‍ കള്ളത്തരം ബോധ്യമാകും. ഇസ്റാഈല്‍ ഇറാനിലെ ഇസ്ഫഹാന്‍ ആണവ നിലയം വരെ ആക്രമിക്കുമ്പോള്‍ അതെങ്ങനെയാണ് വെടിനിര്‍ത്തലാകുക. ഇസ്റാഈല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ വരെ ആക്രമിച്ചും ഇറാന്‍ നഗരങ്ങളെയും നേതാക്കളെയും ലക്ഷ്യം വെച്ചും ലബനാനില്‍ അധിനിവേശം വ്യാപിപ്പിച്ചും വെസ്റ്റ് ബാങ്കിലും ഗസ്സയിലും ആക്രമണങ്ങള്‍ തുടര്‍ന്നും മുന്നോട്ടുപോകുമ്പോള്‍ ട്രംപ് നല്‍കുന്ന ഇളവുകള്‍ക്ക് എന്തര്‍ഥമാണുള്ളത്? ഇറാന്റെ അതിശക്തമായ പ്രത്യാക്രമണത്തില്‍ താറുമാറായ സൈനിക സംവിധാനങ്ങള്‍ പുനഃക്രമീകരിക്കാനും കൂടുതല്‍ സന്നാഹങ്ങളെത്തിക്കാനുമുള്ള സാവകാശമായി മാത്രമേ ഈ ഇടവേള പ്രഖ്യാപനങ്ങളെ കാണാനാകൂ. ഒരു വശത്ത് ഇസ്റാഈലിനെ കയറൂരി വിടുക. മറുവശത്ത് നയതന്ത്ര ശ്രമങ്ങള്‍ നടക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുക. ഇതാണ് ട്രംപിന്റെ തന്ത്രം. വിപണിക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ കൂടിയാണിത്. ആഗോള ഓഹരി വിപണിയില്‍ ട്രംപിന്റെ ഇടവേള പ്രഖ്യാപനമുണ്ടാക്കിയ ഉണര്‍വ് നോക്കിയാല്‍ ഇത് മനസ്സിലാകും. ഇത് തിരിച്ചറിയുന്നതുകൊണ്ടു തന്നെയാണ് ഇറാന്‍ ഈ നീക്കങ്ങളെ അത്ര ഗൗരവത്തിലെടുക്കാതിരുന്നത്. ഇറാന്‍ ഒരു ഘട്ടത്തിലും ചര്‍ച്ച നടന്നതായി സമ്മതിച്ചിട്ടില്ല. ഒരു നീക്കുപോക്കിനുമില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. ഇതോടെയാണ് ട്രംപ് 15 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. നയതന്ത്ര യുദ്ധത്തിലും ഇറാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതാണ് പിന്നെ കണ്ടത്. ട്രംപിന്റെ പതിനഞ്ചിനങ്ങള്‍ക്ക് ഇറാന്റെ മറുപടി അഞ്ച് നിബന്ധനകള്‍ മാത്രമായിരുന്നു. ഒന്ന്, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനില്‍ നിക്ഷിപ്തമാക്കണം, രണ്ട്, ആക്രമണം നിര്‍ത്തണം. മൂന്ന്, തങ്ങളെ ഭാവിയില്‍ ആക്രമിക്കില്ലെന്ന് ദീര്‍ഘകാല ഉറപ്പ് ലഭിക്കണം. നാല്, സഖ്യ കക്ഷികളെയും ആക്രമിക്കരുത്. അഞ്ച്, ഇപ്പോള്‍ നടത്തിയ കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നഷ്ടപരിഹാരം വേണം. ചര്‍ച്ചക്ക് വിളിച്ചുകൊണ്ടുപോയി കൊല്ലാന്‍ മടിക്കാത്ത മൊസ്സാദിന്റെ മടയിലേക്ക് വെറുംകൈയോടെ ചെല്ലാന്‍ ഒരുക്കമല്ലെന്ന് തന്നെയാണ് ഇറാന്‍ ഈ നിര്‍ദേശങ്ങളിലൂടെ പറയുന്നത്. ചര്‍ച്ചക്കുള്ള മണ്ണൊരുക്കാന്‍ ട്രംപും കൂട്ടരും വല്ലാതെ വിയര്‍ക്കേണ്ടി വരും.

യുദ്ധം സായുധ ഏറ്റുമുട്ടല്‍ മാത്രമല്ല, അത് സാമ്പത്തികവും മനശ്ശാസ്ത്രപരവും ആഖ്യാനപരവുമാണ്. ആക്രമണത്തില്‍ യു എസും ഇസ്‌റാഈലും ഏറെ മുന്നേറിയിട്ടുണ്ടെന്ന് വേണമെങ്കില്‍ കണക്കുകള്‍ വെച്ച് വാദിക്കാം. അറബ്, ഗള്‍ഫ് മേഖലയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ ധാര്‍മികശക്തിയില്‍ ഇടിച്ചിലുണ്ടാക്കിയെന്നത് വസ്തുതയാണ്. തങ്ങള്‍ ആക്രമിച്ചത് യു എസ് സൈനിക കേന്ദ്രങ്ങള്‍ മാത്രമാണെന്ന ന്യായം നിലനില്‍ക്കുന്നതല്ല. എന്നാല്‍ ഇറാന്‍ ഇസ്‌റാഈലിലേക്ക് നടത്തിയ എണ്ണം പറഞ്ഞ പ്രത്യാക്രമണങ്ങള്‍ അവര്‍ക്ക് സൈനിക മേല്‍ക്കൈ സമ്മാനിക്കുന്നുണ്ട്.

മാനസിക യുദ്ധത്തില്‍ ഇറാന്‍ ഏറെ മുന്നിലാണ്. യു എസ് ശരിക്കും തോറ്റമ്പിയത് ഈ മേഖലയിലാണ്. പരമോന്നത നേതാവിനെ കൊന്നുതള്ളി അടുത്ത ദിവസം തന്നെ ഭരണമാറ്റം സാധ്യമാകുമെന്ന യു എസ് – ഇസ്‌റാഈല്‍ കണക്കുകൂട്ടല്‍ തീര്‍ത്തും പൊളിഞ്ഞുപോയി. കൂടുതല്‍ ആന്തരിക ശക്തി ഇറാന്‍ കൈവരിക്കുകയാണ് ചെയ്തത്. രാജ്യത്തിനകത്ത് ഇടഞ്ഞു നിന്നവര്‍ക്കാര്‍ക്കും തലപൊക്കാന്‍ പറ്റാത്ത വിധത്തില്‍ ദേശീയ വികാരം ഏറ്റവും പാരമ്യത്തിലെത്തുകയായിരുന്നു. രാജ്യം അപകടത്തിലെന്ന വികാരം മഹാഭൂരിപക്ഷം പൗരന്മാരെയും ഭരണകര്‍ത്താക്കള്‍ക്ക് പിന്നില്‍ അതിശക്തമായി നിലയുറപ്പിച്ചു. പരമോന്നത നേതൃപദവിയില്‍ പിന്തുടര്‍ച്ചയില്ലെന്ന പാരമ്പര്യം പോലും മാറ്റിവെച്ച്, ഖാംനഈയുടെ മകന്‍ മുജ്തബാ ഖാംനഈയെ പുതിയ നേതാവായി പ്രഖ്യാപിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇറാന്റെ സൈനിക ശക്തി സംബന്ധിച്ചും യു എസ്- ഇസ്‌റാഈല്‍ കൂട്ടുകെട്ടിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ആണവായുധം വരെ ഇറാന്‍ നേടിക്കഴിഞ്ഞുവെന്ന ഭീതിയിലാണ് ഇന്നവര്‍. എത്രയെടുത്തിട്ടും തീരാത്ത ആയുധക്കലവറ ഇറാനുണ്ടെന്ന ധാരണ സൃഷ്ടിക്കാന്‍ ഇത്രയും ദിവസം നീണ്ട പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

സാമ്പത്തിക രംഗത്തും ഇറാനാണ് യുദ്ധത്തിന്റെ ഗതി നിര്‍ണയിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ സുഗമമായി നടന്നിരുന്ന കപ്പല്‍ ഗതാഗതം ലോകത്തിന്റെയാകെ ആശങ്കയാക്കി മാറ്റാന്‍ ഇറാന് സാധിച്ചു. വലിയ ഊര്‍ജ പ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തി. യു എസ് ഉപരോധം കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന റഷ്യ സ്വന്തം എണ്ണ യു എസ് അനുമതിയോടെ തന്നെ വിറ്റഴിക്കുന്ന സ്ഥിതിയുണ്ടായി. എണ്ണ വില കുതിച്ചുയരുന്നതിന്റെ കെടുതിയില്‍ നിന്ന് രക്ഷ തേടി ഇറാന്റെ എണ്ണയും ആഗോള കമ്പോളത്തില്‍ വില്‍ക്കാന്‍ യു എസ് അനുമതി നല്‍കി. എല്ലാം കണ്ടുനില്‍ക്കുന്ന ചൈനയും നേട്ടമുണ്ടാക്കി. ഇന്ത്യയെപ്പോലെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇളവ് നല്‍കി ഇറാന്‍ അവരുടെ ബന്ധുബലം ഊട്ടിയുറപ്പിച്ചു. യു എസ് ഡോളര്‍ കൂപ്പുകുത്തി. അമേരിക്കയിലും യൂറോപ്പിലും ജനങ്ങള്‍ നോ കിംഗ്‌സ് എന്ന് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി. അറേബ്യന്‍ എണ്ണക്കായി കസ്റ്റമൈസ് ചെയ്യപ്പെട്ട ശുദ്ധീകരണ ശാലകള്‍ പണിത് കാത്തിരിക്കുന്ന യു എസ് എണ്ണക്കമ്പനികള്‍ ട്രംപിനെ പ്രാകാന്‍ തുടങ്ങി. വല്ലാത്തൊരു ഒറ്റപ്പെടലാണ് ഈ സാമ്പത്തിക യുദ്ധം ഇസ്‌റാഈലിനും യു എസിനുമുണ്ടാക്കിയത്. വമ്പന്‍ കമ്പനികളുടെ സി ഇ ഒമാര്‍ മുതല്‍ അടുക്കളയില്‍ പാചകം ചെയ്യുന്ന വീട്ടമ്മമാര്‍ വരെ ട്രംപിനെയും നെതന്യാഹുവിനെയും ശപിച്ചു. ഇറാനെ തിന്മയുടെ അച്ചുതണ്ടെന്ന് വിളിച്ചവര്‍ പോലും ചെറുത്തുനില്‍പ്പിന്റെ ഉജ്ജ്വല പ്രതീകമായി അവരെ വാഴ്ത്താന്‍ തുടങ്ങി.

ഹോര്‍മുസ് കടലിടുക്ക് മോചിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളെല്ലാം സൈന്യത്തെ അയക്കണമെന്ന ട്രംപിന്റെ ആഹ്വാനം ഏറ്റെടുക്കാന്‍ ഒരാളും തയ്യാറായില്ല എന്നതും തിരിച്ചടിയുടെ ആക്കം കൂട്ടി. നാറ്റോയെ ഭീരുക്കളെന്ന് വിളിച്ചും അവര്‍ക്ക് നല്‍കിയ ധനസഹായം മുഴുവന്‍ എടുത്തുപറഞ്ഞ് അപമാനിച്ചും ട്രംപ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും “നിങ്ങളുണ്ടാക്കിയ പ്രശ്‌നം നിങ്ങള്‍ തന്നെ പരിഹരിക്കൂ’ എന്ന നിലപാടില്‍ നാറ്റോ ഉറച്ച് നിന്നു. യൂറോപ്യന്‍ യൂനിയനും അതേ നിലപാടെടുത്തു. സ്വാഭാവികമായും ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും ട്രംപിന്റെ ചൂണ്ടയില്‍ കൊത്തിയില്ല. അങ്ങനെ ആഗോള യുദ്ധമാക്കി മാറ്റാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് ഹോര്‍മുസിനെ മുന്‍നിര്‍ത്തി വലിയ ഭീഷണികള്‍ ട്രംപ് നടത്തിയത്. എന്നിട്ടും ചര്‍ച്ചക്ക് വഴങ്ങാതെ മാരകമായ അഞ്ചിന നിര്‍ദേശങ്ങള്‍ വെച്ച ഇറാനെ ഇനിയെങ്ങനെ നേരിടുമെന്ന അങ്കലാപ്പ് ട്രംപിനും നെതന്യാഹുവിനുമുണ്ട്. പ്രതിസന്ധി പരിഹരിക്കാനായി അറബ് രാജ്യങ്ങള്‍ നടത്തുന്ന കടുത്ത സമ്മര്‍ദം മറികടക്കാനും ട്രംപിന് സാധിക്കുന്നില്ല. ഇറാനെ തകര്‍ത്തെറിയാനുള്ള നീക്കത്തില്‍ അറബ് രാജ്യങ്ങള്‍ പ്രത്യക്ഷമായി ഇറങ്ങുമെന്ന ട്രംപിന്റെ കണക്കുകൂട്ടല്‍ പിഴച്ചുവെന്ന് മാത്രമല്ല, ഇസ്‌റാഈലിന്റെ ചരടുവലിയില്‍ ആടുന്ന പ്രസിഡന്റ് മാത്രമാണ് ട്രംപെന്ന വികാരം ആ നാടുകളിലെ പൗരന്മാരിലും ഭരണാധികാരികളിലും ഒരുപോലെ ശക്തമാകുകയും ചെയ്യുന്നുണ്ട്.

ഒരേസമയം സമാധാനത്തെ കുറിച്ച് സംസാരിക്കുകയും ആക്രമണ സന്നാഹം ഒരുക്കുകയും ചെയ്യുകയാണ് ട്രംപും നെതന്യാഹുവും. ഇപ്പോള്‍ ആക്രമണം നിര്‍ത്തിയാലും ഭാവിയില്‍ തുടങ്ങാന്‍ തന്നെയാണ് നീക്കം. ഹോര്‍മുസ് കടലിടുക്കിനെ ഇപ്പോള്‍ വെറുതെവിട്ടാലും ഭാവിയില്‍ ഇടപെടുക തന്നെ ചെയ്യും. പെട്രോ ഡോളര്‍ സിസ്റ്റത്തെ ചോദ്യം ചെയ്യാന്‍ ആരൊക്കെ ശ്രമിച്ചോ അവരെയൊക്കെ ശിഥിലമാക്കിയേ അമേരിക്ക അടങ്ങൂ. ഇറാഖിന്റെ കാര്യമെടുക്കൂ. സദ്ദാം ഹുസൈന്‍ തന്റെ രാജ്യത്തെ എണ്ണ സമ്പത്ത് സമ്പൂര്‍ണമായി ദേശസാത്കരിച്ചു. എണ്ണ വിപണനം യൂറോയില്‍ നടത്താന്‍ തീരുമാനിച്ചു. യു എസ് ഉപരോധം മറികടക്കാന്‍ യു എന്നിന്റെ ഓയില്‍ ഫോര്‍ ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി യൂറോ അധിഷ്ഠിത വ്യാപാരത്തിലേക്ക് സദ്ദാം മാറുകയായിരുന്നു. ഒരുപാട് തടസ്സങ്ങള്‍ അദ്ദേഹം അനുഭവിച്ചെങ്കിലും വിപ്ലവകരമായ ആ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ഫലമെന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. പെരുന്നാള്‍ തലേന്ന് സദ്ദാമിനെ തൂക്കിക്കൊല്ലുന്നതിലാണ് ചോരക്കളി അവസാനിച്ചത്. ഇന്ന് ഇറാഖ് തകര്‍ന്നടിഞ്ഞ രാജ്യമാണ്. അവിടെ നിന്നാണ് ഇസില്‍ രൂപം കൊണ്ടത്. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫി മുഴുവന്‍ പാശ്ചാത്യ എണ്ണക്കമ്പനികളെയും പുറത്താക്കി. എണ്ണയടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ സ്വന്തം ജനതയുടെ ഉന്നതിക്കായി വിനിയോഗിച്ചു. നാഷനല്‍ ഓയില്‍ കോര്‍പറേഷന്‍ രൂപവത്കരിച്ചു. ഡോളര്‍ ആശ്രിതത്വം കുറയ്ക്കാന്‍ വ്യാപാരം ഗോള്‍ഡ് അധിഷ്ഠിത ആഫ്രിക്കന്‍ ദീനാറിലേക്ക് മാറ്റി. സായുധ വിമത പ്രക്ഷോഭം ഇളക്കിവിടുകയും അതിന്റെ ചുവടുപിടിച്ച് സൈനിക ഇടപെടല്‍ നടത്തിയും അമേരിക്ക ഗദ്ദാഫിയെ വീഴ്ത്തി. ഇന്നവിടെ ഒന്നിലേറെ സൈന്യമുണ്ട്. ഒന്നിലേറെ പാര്‍ലിമെന്റുണ്ട്. പരസ്പരം പോരടിക്കുന്ന മിലീഷ്യകള്‍. കൈയൂക്കുള്ളവര്‍ മുഴുവന്‍ കൊള്ളയടിക്കുന്ന എണ്ണ സമ്പത്ത്. ഇതാണ് ഇന്നത്തെ ലിബിയ.

വെനസ്വേലയില്‍ ബൊളിവേറിയന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയം മുറുകെപ്പിടിച്ചതോടെയാണ് ഹ്യൂഗോ ഷാവേസ് അമേരിക്കയുടെ ശത്രുവായത്. ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ള വെനസ്വേലയിലെ പെട്രോ സമ്പത്ത് മുഴുവന്‍ കൈകാര്യം ചെയ്തിരുന്നത് അമേരിക്കന്‍ കമ്പനികളായിരുന്നു. ഷാവേസ് ആ ഏര്‍പ്പാടങ്ങ് അവസാനിപ്പിച്ചു. പിന്‍ഗാമിയായി വന്ന നിക്കോളാസ് മദുറോയും അതേ വഴിയില്‍ സഞ്ചരിച്ചു. അദ്ദേഹത്തിന്റെ ചില വീഴ്ചകള്‍ കൂടിയായതോടെ മദുറോയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ട്രംപിന് നിഷ്പ്രയാസം സാധിച്ചു. ഒരു രാഷ്ട്രത്തലവനെ വീട്ടില്‍ ചെന്ന് കൈയാമം വെച്ച് കൊണ്ടുപോകുന്നത് ലോകം നിസ്സംഗം നോക്കി നിന്നു. എണ്ണ വ്യാപാരം ഡീ ഡോളറൈസ് ചെയ്യാന്‍ ശ്രമിച്ചതിനാണ് മദുറോയെ കൈവിലങ്ങണിയിച്ചത്.

ഡോളര്‍ മേധാവിത്വത്തെ ചോദ്യം ചെയ്യുകയും യു എസിന്റെ തീട്ടൂരം കാക്കാതെ എണ്ണ വിപണനത്തിന്റെ മറ്റുവഴികള്‍ തേടുകയും ചെയ്തത് തന്നെയാണ് ഇറാനെ ലക്ഷ്യമിട്ടതിന്റെ സുപ്രധാന കാരണം. ഒപ്പം സയണിസത്തോടുള്ള ഇറാന്റെ പ്രഖ്യാപിത നിലപാടും. ഇറാനെ ആക്രമിക്കുക വഴി അറബ് രാജ്യങ്ങളെ ഭീതിയിലാഴ്ത്തുകയും സാമ്പത്തിക വളര്‍ച്ച തകര്‍ക്കുകയും ചെയ്യുകയെന്ന അനുബന്ധ ലക്ഷ്യവും ഇസ്‌റാഈലിനും യു എസിനുമുണ്ട്.

Summary

The shifting stance of Donald Trump regarding Iran is seen as a strategic move to buy time for Israel and the US military. While claiming to seek peace, military aggressions continue, highlighting a pattern of undermining nations that challenge the petrodollar system, similar to past interventions in Iraq, Libya, and Venezuela. Iran’s firm resistance and its strategic control over global energy routes through the Strait of Hormuz remain the biggest challenges for the US administration.