Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ലാഹോറിൽ ജയിലിൽ കഴിയുന്ന മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാരിന് കത്ത്. മുൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള 14 പേരാണ് കത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ പാക് സർക്കാരിന് മേൽ രാജ്യാന്തര സമ്മർദ്ദം ശക്തമാക്കാനാണ് നീക്കം. പാകിസ്ഥാനിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്‍റെ വലതുകണ്ണിന്‍റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
കാഴ്ച കുറവ് ഉണ്ടാകുന്ന വിവരം ഇമ്രാൻ ജയിൽ അധികൃതരെ അറിയിച്ചെങ്കിലും മതിയായ ചികിത്സ നൽകാൻ അവർ തയ്യാറായില്ല. 15 ശതമാനം കാഴ്ച മാത്രമാണ് ഇമ്രാൻ ഖാന്‍റെ വലതു കണ്ണിന് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ പാക് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഇമ്രാൻ ഖാന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരിൽ നിന്ന് തുടർച്ചയായ ചികിത്സ ഉറപ്പാക്കുക. കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് സാഹചര്യങ്ങളും ഒരുക്കുക. മതിയായ നിയമസഹായം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സുനിൽ ഗാവസ്കർ, കപിൽ ദേവ്, ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോൺ റൈറ്റ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.


