Home LATEST NEWS malyalam പുതിയ വാർത്ത ജനജീവിതം സാധാരണ നിലയില്‍; ഏത് വെല്ലുവിളിയും നേരിടാന്‍ പൂര്‍ണ സജ്ജം: യു എ ഇ

ജനജീവിതം സാധാരണ നിലയില്‍; ഏത് വെല്ലുവിളിയും നേരിടാന്‍ പൂര്‍ണ സജ്ജം: യു എ ഇ

2
0

Source :- SIRAJLIVE NEWS

അബൂദബി | മേഖലയിലെ നിലവിലെ സൈനിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ യു എ ഇ സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമ സമ്മേളനം നടത്തി. രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധത, പ്രതിരോധ ശേഷി, സാമ്പത്തിക സ്ഥിരത, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ വിവിധ മന്ത്രാലയ വക്താക്കള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും യു എ ഇയിലെ ജനജീവിതം സാധാരണ നിലയിലാണെന്നും ഏത് വെല്ലുവിളിയും നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം തുടങ്ങിയ സുപ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. രാജ്യത്തെ സുപ്രധാന സേവനങ്ങളെല്ലാം തടസ്സമില്ലാതെ തുടരുമെന്നും എല്ലാ മേഖലകളിലും ബിസിനസ് തുടര്‍ച്ചാ പദ്ധതികള്‍ സജീവമാണെന്നും അവര്‍ അറിയിച്ചു.

വിമാന ഗതാഗതത്തിന് സുരക്ഷിത പാതകള്‍; മണിക്കൂറില്‍ 48 സര്‍വീസുകള്‍
മേഖലയിലെ അസാധാരണ സാഹചര്യങ്ങള്‍ക്കിടയിലും വിനോദസഞ്ചാര, സാമ്പത്തിക മേഖലകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ യു എ ഇ സുരക്ഷിത വ്യോമപാതകള്‍ തുറന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ഏകോപിപ്പിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതുവഴി മണിക്കൂറില്‍ 48 വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് സാമ്പത്തിക വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്കിടയിലും യു എ ഇ സമ്പദ് വ്യവസ്ഥ ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം ‘റെഡ് ലൈന്‍’ ആണെന്നും ഇതില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. അത്യാവശ്യ സാധനങ്ങളുടെ മതിയായ ശേഖരം രാജ്യത്തുണ്ട്. പ്രധാന ഉത്പന്നങ്ങളുടെ തന്ത്രപരമായ കരുതല്‍ ശേഖരം നാല് മുതല്‍ ആറ് മാസത്തെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. ഇറക്കുമതിയും വിതരണ ശൃംഖലകളും തടസ്സമില്ലാതെ തുടരുന്നുണ്ട്. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ വിതരണക്കാരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ദിവസേന സ്റ്റോക്ക് നില പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ബദല്‍ വിപണികള്‍ കണ്ടെത്താന്‍ രാജ്യത്തിന് സാധിക്കും. സാമ്പത്തിക സ്ഥിരത തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഏത് ബാഹ്യ പ്രത്യാഘാതങ്ങളെയും അതിജീവിക്കാന്‍ സജ്ജമാണെന്നും അല്‍ മര്‍റി പറഞ്ഞു.

വ്യോമപാത പ്രതിസന്ധിയെ തുടര്‍ന്ന് യു എ ഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ 17,980 യാത്രക്കാരെ ഇതുവരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചതായി മന്ത്രി അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ നിലവിലുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്ത് നടത്തിയ പ്രത്യേക ഇടപെടലിലൂടെയാണ് ഇത്രയും പേരുടെ യാത്ര സാധ്യമാക്കിയത്.

യാത്രാപ്രതിസന്ധി പരിഹരിക്കുന്നതിനായി 27,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 80ല്‍ അധികം വിമാനങ്ങള്‍ കൂടി ഉടന്‍ സര്‍വീസ് നടത്തുമെന്നും നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന സ്വദേശികളെയും താമസക്കാരെയും സുരക്ഷിതമായി മടങ്ങാന്‍ സഹായിക്കുന്നതിനായി പരിമിതമായ തോതില്‍ പ്രത്യേക വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3,200 സജ്ജീകരണ വാഹനങ്ങളുമായി ആഭ്യന്തര മന്ത്രാലയം
യു എ ഇയിലുടനീളം സുരക്ഷാ സാഹചര്യം ശാന്തമാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡ് അബ്ദുല്‍ അസീസ് അല്‍ അഹ്മദ് വ്യക്തമാക്കി. 25ല്‍ അധികം ദേശീയ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഇത് സുരക്ഷാ ഏജന്‍സികളുടെ പ്രതികരണ വേഗത വര്‍ധിപ്പിക്കാനും വേഗത്തില്‍ തീരുമാനങ്ങളെടുക്കാനും സഹായിക്കുന്നു. കൃത്യമായ ഇടവേളകളില്‍ നടത്തുന്ന വിലയിരുത്തലുകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് സമഗ്രമായ സുരക്ഷാ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഫീല്‍ഡ് വിന്യാസത്തിന്റെ ഭാഗമായി 3,200-ലധികം സജ്ജീകരണ വാഹനങ്ങളാണ് മന്ത്രാലയം രംഗത്തിറക്കിയിട്ടുള്ളത്. കൂടാതെ 4,100-ലധികം ട്രാഫിക്, സുരക്ഷാ പട്രോളിംഗ് യൂണിറ്റുകളെയും സായുധ പ്രതികരണ വിഭാഗങ്ങളെയും വിന്യസിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അബ്ദുല്‍ അസീസ് അല്‍ അഹ്മദ് പറഞ്ഞു

അടിസ്ഥാന സേവനങ്ങളെല്ലാം സുരക്ഷിതം
രാജ്യത്തെ ജനജീവിതം സാധാരണ നിലയിലാണെന്നും എല്ലാവിധ അടിസ്ഥാന സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമാണെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ സി ഇ എം എ) വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. ഊര്‍ജം, കുടിവെള്ളം, ടെലികോം, ഗതാഗതം, ആരോഗ്യ സേവനങ്ങള്‍, നിത്യോപയോഗ സാധനങ്ങളുടെ വിതരണം എന്നിവയെല്ലാം കൃത്യമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ബിസിനസ് തുടര്‍ച്ചാ പദ്ധതികള്‍ സജീവമാക്കിയിട്ടുണ്ട്. ഇത് എല്ലാ മേഖലകളിലെയും പ്രവര്‍ത്തന സന്നദ്ധത ഉറപ്പുവരുത്തുകയും സാമ്പത്തിക മേഖലയെയും സമൂഹത്തെയും സുരക്ഷിതമാക്കുകയും ചെയ്യുന്നു.

വിവിധ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ സജ്ജമാണെന്നും പരിഭ്രാന്തിക്കിടയാക്കുന്ന യാതൊരു സാഹചര്യവും നിലവിലില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷക്കും അവശ്യ സേവനങ്ങളുടെ ലഭ്യതക്കും പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും ഡോ. സൈഫ് അല്‍ ദാഹിരി കൂട്ടിച്ചേര്‍ത്തു.