Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പ്രീ-പോൾ സർവേകൾ പെയ്ഡ് ആണെന്നും യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവെക്കാനാണ് ഇവ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലുകൾ പുറത്തുവിടുന്ന സർവേകൾ വെറും തട്ടിക്കൂട്ടാണെന്നും അവയ്ക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് സ്ഥാപിക്കാനാണ് ഈ സർവേകൾ ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ഇത്തവണയും സർവേ ഫലങ്ങൾ തെറ്റുമെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യഥാർത്ഥ ജനവികാരം സർവേകളിൽ പ്രതിഫലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, നിലവിലെ സർക്കാരിനെതിരായ വികാരം അതീവ ശക്തമാണെന്ന് വ്യക്തമാക്കി. പരാജയപ്പെട്ട ഭരണത്തിന് പകരമായി സമഗ്രമായ ബദൽ പദ്ധതികളുമായാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ഇതിനായി കൃത്യമായ തയ്യാറെടുപ്പുകൾ മുന്നണി നടത്തുന്നുണ്ട്. തോൽവി ഉറപ്പായ സാഹചര്യത്തിൽ സിപിഐഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും എന്നാൽ അക്രമം കൊണ്ട് യുഡിഎഫിനെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ കാപട്യത്തെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. മുൻപ് വെൽഫെയർ പാർട്ടിയുടെ പിന്തുണയെ ചൊല്ലി ബഹളം വച്ച മുഖ്യമന്ത്രി ഇപ്പോൾ എസ്ഡിപിഐ, പിഡിപി എന്നിവരുടെ പിന്തുണ ആഗ്രഹിക്കുകയാണ്. സ്വന്തം പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ പോലും നടപ്പാക്കാൻ സിപിഐഎമ്മിന് സാധിക്കുന്നില്ല. രാഷ്ട്രീയ നേട്ടത്തിനായി ആരുമായും കൈകോർക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

