Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഇറാൻ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര ഇടപെടൽ വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
നിലവിലെ യുദ്ധസമാനമായ സാഹചര്യം പ്രവാസി ഇന്ത്യക്കാർക്കിടയിൽ, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ പൗരന്മാരുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
വിവിധ തൊഴിൽ മേഖലകളിലായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്നത്. സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ, പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്ന് അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ യാത്രാ സൗകര്യങ്ങൾ ഒരുക്കണമെന്നും ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും അതീവ ജാഗ്രത പാലിക്കണമെന്നും പൗരന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും വേണുഗോപാൽ നിർദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്ക് കൃത്യമായ സഹായവും മാർഗനിർദ്ദേശങ്ങളും നൽകാൻ എംബസികൾ സജ്ജമാകണം. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്നും പ്രവാസി കുടുംബങ്ങളുടെ ഭീതി അകറ്റാൻ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
