Source :- SIRAJLIVE NEWS
കോഴിക്കോട് | കോഴിക്കോട് കോടഞ്ചേരിയില്‍ മീന്‍ പിടിക്കാന്‍ തോട്ടിലിറങ്ങിയ രണ്ട് കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സഹോദരങ്ങളായ ചന്ദ്രന്‍കുന്നേല്‍ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. ഇരുവരും മീന്‍ പിടിക്കുന്നതിന് തോട്ടിലിറങ്ങിയപ്പോൾ പൊട്ടി വീണ ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം. കാറ്റിൽ മരത്തിൻ്റെ ചില്ല വീണ് വൈദ്യുതി ലൈൻ തോട്ടിലേക്ക് പതിച്ചിരുന്നു.
ഇന്ന് മാത്രം സംസ്ഥാനത്ത് നാല് ജീവനുകളാണ് മഴയില്‍ പൊലിഞ്ഞത്. കോഴിക്കോടും ഇടുക്കിയിലും മരം വീണ് ഉച്ചയോടെ രണ്ട് പേരാണ് മരിച്ചത്. നാളെയും ശക്തമായ മഴ തുടരമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 11 ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.