Home LATEST NEWS malyalam പുതിയ വാർത്ത കൊല്ലപ്പെട്ട മൂന്നുവയസുകാരിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ച് പിതാവിന്റെ അടുത്ത ബന്ധു

കൊല്ലപ്പെട്ട മൂന്നുവയസുകാരിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ച് പിതാവിന്റെ അടുത്ത ബന്ധു

3
0

Source :- SIRAJLIVE NEWS

കൊച്ചി| എറണാകുളം മൂഴിക്കുളത്ത് മാതാവ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ച് പിതാവിന്റെ അടുത്ത ബന്ധു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലായിരുന്നു കുറ്റം സമ്മതിച്ചത്. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പുകള്‍ ചുമത്തി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തുകയായിരുന്നു. പോക്‌സോ കൂടി ചുമത്തിയതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഫോറന്‍സിക് ഉദ്യോഗസ്ഥരെയും ടീമില്‍ ഉള്‍പെടുത്തും.

അതേസമയം കുട്ടിയുടെ മാതാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. മാതാവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പിതാവിന്റെ മൂന്ന് ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രണ്ടുപേരെ പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പീഡനവുമായി ബന്ധപ്പെട്ടാണോ കൊലപാതകം നടത്തിയതെന്നാണ് പോലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അംഗണ്‍വാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ കൊലപാതകം നടത്തിയെന്ന് അമ്മ സമ്മതിച്ചെങ്കിലും എന്തിന് കൊന്നു എന്നത് ഇതുവരെ പറഞ്ഞിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പ്രതി വിട്ടുപറയുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.