Source :- SIRAJLIVE NEWS
കോഴിക്കോട്|കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
അനൂസ് റോഷനെ തട്ടിക്കൊണ്ട് പോയ സംഘം കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ഫോട്ടോയാണ് പോലീസ് പുറത്തുവിട്ടത്. ഷബീര്‍, ജാഫര്‍, നിയാസ്, എന്നിവരുടെ ചിത്രങ്ങളാണ് കൊടുവള്ളി പോലീസ് പുറത്തു വിട്ടത്. KL-10-BA-9794 എന്ന വെള്ള മാരുതി സ്വിഫ്റ്റ് കാറിനെക്കുറിച്ചും KL-20-Q-8164 എന്ന സ്‌കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവര്‍ കൊടുവള്ളി പോലീസിനെ അറിയിക്കാനും നിര്‍ദേശം നല്‍കി.
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അനൂസ് റോഷനെ ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ബൈക്കില്‍ രണ്ടു പേരും കാറില്‍ അഞ്ചു പേരുമാണ് എത്തിയത്. ആദ്യം ബൈക്കില്‍ ഉള്ളവരാണ് വീട്ടില്‍ എത്തിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. ഇവരെ കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്തു വരികയാണ്. തട്ടിക്കൊണ്ട് പോയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍. വിദേശത്ത് നിന്ന് കടന്ന അജ്മല്‍ ഇതുവരെ നാട്ടില്‍ എത്തിയിട്ടുമില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാര്‍ക്ക് നേരെ ഭീഷണിയും ഒടുവില്‍ തട്ടിക്കൊണ്ടുപോകലും നടന്നത്.