Home LATEST NEWS malyalam പുതിയ വാർത്ത കേരളത്തിന്റെ മലയോര ഹൈവേയില്‍ ഓടാന്‍ മിലിന്ദ് സോമന്‍ എത്തുന്നു; ‘എന്നാല്‍ വാ’ ആഹ്വാനം ഏറ്റെടുത്ത് കേരളം

കേരളത്തിന്റെ മലയോര ഹൈവേയില്‍ ഓടാന്‍ മിലിന്ദ് സോമന്‍ എത്തുന്നു; ‘എന്നാല്‍ വാ’ ആഹ്വാനം ഏറ്റെടുത്ത് കേരളം

4
0

Source :- SIRAJLIVE NEWS

കൊച്ചി |  ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്‍ കേരളത്തിന്റെ മലയോര ഹൈവേയില്‍ ഓടാന്‍ എത്തുന്നു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറ – കാഞ്ചിയാര്‍ മലയോര ഹൈവേയിലാണ് മിലിന്ദ് സോമന്‍ ഓടുന്നത്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുംബൈ ഹൈവേയില്‍ നടത്തിയ 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഐതിഹാസിക ഓട്ടത്തിന് ശേഷം മിലിന്ദ് പങ്കെടുക്കുന്ന ഹൈവേ റണ്‍ ആണിത്.

ഏലപ്പാറ മുതല്‍ ചപ്പാത്ത് വഴി കാഞ്ചിയാര്‍ ടൗണ്‍ വരെയുള്ള 22 കിലോമീറ്റര്‍ ദൂരത്തിലാണ് ‘ഹില്‍ ഹൈവേ റണ്‍’ സംഘടിപ്പിക്കുന്നത്. കിഫ്ബിയുടെ നേതൃത്വത്തില്‍ ഏകദേശം 134.4 കോടി രൂപ ചെലവഴിച്ച് അത്യാധുനിക എന്‍ജിനീയറിങ് മികവോടെ ഇടുക്കിയിലെ മലയോര ഹൈവേ പണി പൂര്‍ത്തീകരിച്ചിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിലധികമാണ് മലയോര ഹൈവേയുടെ ആകെ ദൈര്‍ഘ്യം. അത്യന്തം ആധുനികവും അപൂര്‍വ്വവുമായ സാങ്കേതികവിദ്യ കിഫ്ബി മലയോര പാത നിര്‍മ്മാണരീതിക്കായി ഉപയോഗിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ ഈ നിര്‍മ്മാണ രീതി പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതും റോഡിന് ദീര്‍ഘകാലം ഈട് നല്‍കുന്നതുമാണ്.

കേരളത്തിലെ 13 ജില്ലകളെയും പശ്ചിമഘട്ടത്തിന്റെ അതിരുകളിലൂടെ ബന്ധിപ്പിക്കുന്ന ഈ പാതയില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് കേബിളുകള്‍ എന്നിവയ്ക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുകളും മികച്ച ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്കായി ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങളും മനോഹരമായ വ്യൂ പോയിന്റുകളും സജ്ജീകരിച്ചിട്ടുള്ള ഈ ഹൈവേ, ‘സ്‌പൈസ് റൂട്ട്’ (Spice Route) എന്ന നിലയില്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ്.

അറുപതാം വയസ്സിലും സ്‌പെയിനില്‍ നടന്ന കഠിനമായ ‘അയണ്‍മാന്‍ ട്രയാത്ലണ്‍’ പൂര്‍ത്തിയാക്കിയും, മുംബൈയില്‍ നിന്ന് ഗോവ വരെ 558 കിലോമീറ്റര്‍ സൈക്ലിംഗിലൂടെയും ഓട്ടത്തിലൂടെയും പിന്നിട്ട് ‘ദ ഫിറ്റ് ഇന്ത്യന്‍ റണ്‍’ വിജയകരമായി പൂര്‍ത്തീകരിച്ചും മിലിന്ദ് സോമന്‍ ലോകശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങള്‍ ‘അയണ്‍ മാന്‍’ എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹം, ‘Age is just a number’ എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ബോളിവുഡിന്റെ ഫിറ്റ്നസ് അംബാസഡറാണ്.

‘എന്നാല്‍ വാ…’ എന്ന ആഹ്വാനവുമായി മിലിന്ദ് സോമന്‍ പങ്കുവെച്ച ഹില്‍ ഹൈവേ റണ്‍ പ്രഖ്യാപന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.kiifb.org വഴിയും കിഫ്ബിയുടെ വാട്ട്‌സാപ്പ് ബോട്ട് ( +91 9072000430 ) വഴിയും ‘ഹില്‍ ഹൈവേ റണ്ണി’നായി രജിസ്റ്റര്‍ ചെയ്യാം, മിലിന്ദിന്റെ ഒപ്പം ഓടാം.