Source :- SIRAJLIVE NEWS
കൊച്ചി|കുവൈത്തിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് വന്‍തുക വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന കേസില്‍ 12 മലയാളികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഹൈകോടതിഉത്തരവിട്ടു. വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്ക് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിര്‍ദേശം.
61 ലക്ഷം മുതല്‍ 1.17 കോടി രൂപ വരെ കബളിപ്പിച്ചെന്നാണ് പരാതി. വായ്പയായി ലഭിച്ച തുക ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം പ്രതികള്‍ കുവൈത്ത് വിട്ടതായും ആരോപണമുണ്ട്. പലരും നിലവില്‍ മറ്റു വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതായാണ് വിവരം. വഞ്ചനാ കുറ്റം ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, അയര്‍ക്കുന്നം, വെള്ളൂര്‍, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ പോത്താനിക്കാട്, കോതമംഗലം, അങ്കമാലി, പുത്തന്‍കുരിശ് സ്റ്റേഷനുകളിലുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുമിത മേരി സാം, ജോജോ മാത്ത്യു, ടോണി പൂവേലില്‍ ലൂക്കോസ്, റോബി മാത്ത്യു, സിജോമോന്‍ ഫിലിപ്പ്, റെജിമോന്‍ ഫിലിപ്പ്, ജിഷ വര്‍ഗീസ്, പ്രിയദര്‍ശ് മാമ്പള്ളില്‍ വാസവന്‍, ബിബിന്‍ കുര്യാക്കോസ്, ലിസി ഷാജി, ടോണി പറോക്കാരന്‍ ജോണി, അനൂപ് ജോണ്‍ കാവനാല്‍ എന്നിവരാണ് പ്രതികള്‍.



