Source :- SIRAJLIVE NEWS
ശ്രീകണ്ഠാപുരം|കല്യാണം ക്ഷണിക്കാനായി പോയ വീട്ടിലെ നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് കിണറ്റില്‍ വീണ 60കാരന് പരുക്ക്. വെമ്പുവയലിലെ കോയാടന്‍ രാജനാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലെ കിണറ്റില്‍ വീണത്. ഇയാളുടെ കൈക്ക് പരുക്കേറ്റു. കല്യാണം വിളിക്കാന്‍ പോയ വീട്ടിലെ നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് കാല്‍വഴുതി അടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ആള്‍മറയുള്ള കിണറായിരുന്നെങ്കിലും നായ കുരച്ച് ചാടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതുകയായിരുന്നു.
രാജന്‍ വീണ കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പയ്യാവൂര്‍ പോലീസും സ്ഥലത്തുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രാജനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേനാ ഉദ്യോഗസ്ഥരാണ് കയര്‍ കിണറ്റിലിറക്കി രാജനെ പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രാജനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



