Home LATEST NEWS malyalam പുതിയ വാർത്ത എ പത്മകുമാറിനെ പാര്‍ട്ടി പുറത്താക്കിയേക്കും; തപാലില്‍ വിശദീകരണം തേടി

എ പത്മകുമാറിനെ പാര്‍ട്ടി പുറത്താക്കിയേക്കും; തപാലില്‍ വിശദീകരണം തേടി

11
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ സി പി എം കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ജയിലില്‍ നിന്നു പുറത്തിറങ്ങിയ അദ്ദേഹത്തോട് പാര്‍ട്ടി വിശദീകരണം തേടി. സ്വര്‍ണക്കൊള്ള കേസില്‍ വിശദീകരണം തേടി തപാലില്‍ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നല്‍കിയത്.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം ലഭിച്ച ശേഷമായിരിക്കും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതടക്കം കടുത്ത നടപടിയുണ്ടാവുക. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി നോട്ടീസ് നല്‍കിയത്. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ നീക്കം ചെയ്തിരുന്നു.

ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനാല്‍ പത്മകുമാര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. വാതില്‍പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. സ്വര്‍ണപാളികള്‍ ചെമ്പാക്കി രേഖയുണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സംഘത്തിനും സ്വര്‍ണകൊള്ള നടത്താന്‍ പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാര്‍ അവസരമൊരുക്കിയെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ 90 ദിവസത്തിനകം രണ്ടു കേസിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തിനാല്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.

പത്മകുമാറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാത്തത് പ്രതിപക്ഷം വലിയ വിഷയമായി ഉയര്‍ത്തിയിരുന്നു. പത്മകുമാര്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തിയേക്കുമോ എന്നു ഭയന്നാണ് നടപടി സ്വീകരിക്കാത്തത് എന്നായിരുന്നു ആരോപണം. നിയമ സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത് എന്നാണ് വിവരം.