Home LATEST NEWS malyalam പുതിയ വാർത്ത എം ബി ബി എസ്: ഇനി 4.5 വർഷത്തെ ഫീസേ ഈടാക്കാവൂ

എം ബി ബി എസ്: ഇനി 4.5 വർഷത്തെ ഫീസേ ഈടാക്കാവൂ

4
0

Source :- SIRAJLIVE NEWS

എം ബി ബി എസ് കോഴ്‌സിന്റെ നിശ്ചിത പഠനകാലയളവായ 4.5 വർഷത്തേക്ക് മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്ന് നാഷനൽ മെഡിക്കൽ കമ്മീഷൻ ഉത്തരവ്. രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളജുകൾക്കും സർവകലാശാലകൾക്കുമായാണ് കമ്മീഷൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ചില സ്ഥാപനങ്ങൾ അഞ്ച് മുതൽ അഞ്ചര വർഷം വരെ ഫീസ് ഈടാക്കുന്നു എന്ന പരാതികളെത്തുടർന്നാണ് നടപടി.

കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എജ്യൂക്കേഷൻ (സി ബി എം ഇ) 2024 മാർഗനിർദേശങ്ങൾ പ്രകാരം എം ബി ബി എസ് കോഴ്‌സിൽ 4.5 വർഷത്തെ അക്കാദമിക് പഠനവും തുടർന്ന് ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും (സി ആർ എം ഐ) ആണുള്ളത്. ഈ കാലയളവ് മാത്രമേ കണക്കിലെടുക്കാവു. ഇന്റേൺഷിപ്പ് കാലയളവിൽ ക്ലാസ്സ് മുറികളിലെ അക്കാദമിക് അധ്യാപനം നടക്കാത്തതിനാൽ ഈ കാലയളവ് കൂടി ഉൾപ്പെടുത്തി അഞ്ച് വർഷത്തേക്കോ അഞ്ചര വർഷത്തേക്കോ ഫീസ് ഈടാക്കുന്നത് തെറ്റായ നടപടിയാണെന്ന് എൻ എം സി വ്യക്തമാക്കി.
അഭിഷേക് യാദവ് വേഴ്‌സസ് യൂനിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീം കോടതി നൽകിയ

ഇടക്കാല ഉത്തരവും എൻ എം സി ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർഥികൾക്ക് സ്‌റ്റൈപെൻഡ് നൽകാതിരിക്കുന്നതും അവരിൽ നിന്ന് ഇന്റേൺഷിപ്പ് ഫീസുകൾ ഈടാക്കുന്നതും ഗൗരവകരമായ കാര്യമാണെന്ന് കമ്മീഷൻ ഓർമിപ്പിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന മെഡിക്കൽ കോളജുകൾക്കെതിരെ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് എൻ എം സി അറിയിച്ചു. ഫീസ് ഘടനയിൽ കൃത്യത വരുത്താനും വിദ്യാർഥികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനുമാണ് പുതിയ നടപടി.