Home LATEST NEWS malyalam പുതിയ വാർത്ത ഉത്തരമില്ലാത്ത പല്ലികള്‍

ഉത്തരമില്ലാത്ത പല്ലികള്‍

2
0

Source :- SIRAJLIVE NEWS

നമ്മുടെ നട്ടെല്ലുകള്‍ പണിത, മുമ്പേ നടന്നവരെ ഓര്‍ക്കുക എന്നതിനര്‍ഥം ചരിത്രത്തെ ഓര്‍ക്കുകയെന്നാണ്. അതിന് തയ്യാറല്ലാത്തവര്‍ എല്ലായ്‌പ്പോഴും അസഹിഷ്ണുതയുടെ കോമ്പല്ലുകളുമായി ഉറഞ്ഞുതുള്ളും. യാദൃച്ഛിക പ്രസ്താവനകളിലെ പിശകുകള്‍ തിരിച്ചറിയുന്ന നിമിഷം തിരുത്തുകയാണ് കാലബോധമുള്ളവരുടെ രീതി. എന്നാല്‍ ചിലര്‍ പുതിയ ഭാഷ്യം ചമച്ച് വീണ്ടും അക്രമാസക്തമാകുന്നു. അതില്‍ കുപ്രസിദ്ധനാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇസ്‌ലാമോഫോബിയയുടെ ചേരുവകള്‍ പിന്നെന്താണ് തെളിയിക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരല്ല ലീഗിനെയാണ് ലക്ഷ്യമാക്കിയതെന്നുള്ള അദ്ദേഹത്തിന്റെ ന്യായീകരണം പൊളിക്കാന്‍ ഒറ്റക്കാര്യം മതി. കോഴിക്കോട് അസം സ്വദേശികളായ ശുചീകരണ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ഓട്ടോ തൊഴിലാളി നൗശാദിനും ജീവന്‍ നഷ്ടമായി. കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപക്കെതിരെ ശകാരമുയര്‍ത്തിയതിനുള്ള ന്യായീകരണമെന്ത്. അദ്ദേഹം ധനാഢ്യനോ തീവ്രവാദിയോ ആയിരുന്നില്ലല്ലോ.

വര്‍ഗീയ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് ഓര്‍മിപ്പിച്ചതിന് സി പി ഐയെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും കടന്നാക്രമിച്ചത് ഹീന ലക്ഷ്യങ്ങള്‍ മനസ്സില്‍ വെച്ചാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ മൂന്ന് ലക്ഷം രൂപ സംബന്ധിച്ച് നടേശന്‍ സൂചിപ്പിച്ചത് നല്ല ഉദ്ദേശത്തോടെയല്ല. തന്റെ കൈയില്‍ നിന്ന് കാശ് വാങ്ങിയവരാണ് കുറ്റപ്പെടുത്തുന്നതെന്നത് കുത്തുവാക്ക് തന്നെ. കാശ് വാങ്ങി മുങ്ങുന്ന പാര്‍ട്ടിയല്ല സി പി ഐ. തിരഞ്ഞെടുപ്പിനും സമ്മേളനത്തിനും പിരിക്കാറുണ്ട്. അതിന് കൃത്യമായ കണക്കും വെക്കും. അതാരും വിഴുങ്ങുകയും തോന്ന്യാസം ചെയ്യുകയുമില്ല എന്നും ബിനോയ് വ്യക്തമാക്കുകയുണ്ടായി.

ഹിന്ദുത്വ അറവുശാലയിലെ “നവോത്ഥാന’ നാട്യം
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമാണിയാകാന്‍ ഒരുങ്ങിനില്‍ക്കുന്ന തുഷാറിനെ ഹിന്ദുത്വ അറവുശാലയില്‍ കെട്ടിയിട്ട് നവോത്ഥാന വെളിച്ചമായി നടേശന്‍ സ്വയം അവരോധിക്കുന്നത് കാപട്യമാണ്. കേരളത്തിന്റെ ചുമതലയുള്ള ബി ജെ പിയുടെ നേതാവ് പ്രകാശ് ജാവദേക്കര്‍ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനെ ഇരട്ടത്താപ്പ് എന്ന് വിശേഷിപ്പിച്ചാലും മതിയാകില്ല. സന്ദീപ് വാചസ്പതി ഉള്‍പ്പെടെ നേതാക്കളും ഒപ്പമുണ്ടായി. മലപ്പുറം ജില്ലയെ ചൂണ്ടി നടേശന്‍ ലീഗിനെതിരെ തുടര്‍ച്ചയായി അഴിച്ചുവിടുന്ന ആക്രോശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയുള്ള കൂടിക്കാഴ്ചയും ചര്‍ച്ചകളും ഗൗരവതരമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടേശനെ ഒപ്പം കൂട്ടാനാണ് ബി ജെ പി പദ്ധതി. വംശീയ, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ പ്രതിരോധിച്ച് കവചം ഒരുക്കാന്‍ ബി ജെ പി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചതും പ്രധാനം.

മലപ്പുറത്ത് ഹിന്ദുക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് നടേശന്‍ പറഞ്ഞതിലും അപ്പുറമാണ് വിവേചനം എന്ന പുതിയ വായ്ത്താരിയോടെയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ പി കെ ശശികല ഒരുപടി മുന്നോട്ട് പോയത്. അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും സത്യം പറഞ്ഞതിനാല്‍ ആരും ക്രൂശിക്കപ്പെടരുതെന്നുള്ളതിനാലാണ് ഹൈന്ദവ വേദിയുടെ അവിഭാജ്യ ഘടകമായ വെള്ളാപ്പള്ളിക്ക് പിന്തുണയുമായി വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മലപ്പുറം വേറെ രാജ്യമെന്നതാണ് സത്യം. മാപ്പിള ലഹളയെ അതിജീവിച്ചവര്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടില്ല. ഹൈന്ദവ സമൂഹത്തിന്റെ അവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ പക്ഷപാതം ഉണ്ടായിട്ടുണ്ടെന്നും ലീഗാണ് ആ വകുപ്പ് കൈകാര്യം ചെയ്തിരുന്നതെന്നുമുള്ള യാഥാര്‍ഥ്യം പുറത്ത് വരാതിരിക്കാന്‍ പുകമറ സൃഷ്ടിക്കുന്നുവെന്നും ശശികല ആരോപിച്ചിരുന്നു. മകനെ അധ്യക്ഷനാക്കി ബി ഡി ജെ എസ് രൂപവത്കരിച്ച് എന്‍ ഡി എ ഘടക കക്ഷിയാക്കിയതിനു പിന്നില്‍ നടേശന്റെ കുടില ബുദ്ധിയായിരുന്നു. എന്നാല്‍ സി ബി ഐ അന്വേഷണങ്ങള്‍ ഒഴിവാക്കിക്കിട്ടിയെങ്കിലും കേന്ദ്ര ഭരണത്തില്‍ നിന്ന് താക്കോല്‍ സ്ഥാനങ്ങള്‍ തരപ്പെടുത്താനാകാത്തത് അതൃപ്തിയുണ്ടാക്കി. ബി ഡി ജെ എസുമായി ബന്ധമില്ല എന്ന് ഇപ്പോള്‍ കള്ളം പറയുന്ന അദ്ദേഹം വിലപേശല്‍ പല നിലയില്‍ തുടരുന്നതില്‍ ആ വ്യക്തിത്വം മനസ്സിലാക്കുന്ന ആരിലും അത്ഭുതമുണ്ടാക്കില്ല.

ആധുനിക നാഗരികതക്ക് ഉള്‍ക്കൊള്ളാനാകാത്തവ
രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കാന്‍ ശക്തമായ രൂപകങ്ങള്‍ കേരളത്തിലെ പൊതുവ്യക്തിത്വങ്ങള്‍ പ്രയോഗിച്ചതിന് ബലിഷ്ടമായ ഉദാഹരണങ്ങളുണ്ട്. ഇ എം എസ്, ചടയന്‍ ഗോവിന്ദന്‍, ടി കെ രാമകൃഷ്ണന്‍, സി. അച്യുത മേനോന്‍, പി കെ വാസുദേവന്‍ നായര്‍, തായാട്ട് ശങ്കരന്‍, സുകുമാര്‍ അഴീക്കോട്, എം എന്‍ വിജയന്‍, പി ഗോവിന്ദപിള്ള, കണിയാപുരം രാമചന്ദ്രന്‍ തുടങ്ങിയ പേരുകളാണ് വേഗം മനസ്സിലെത്തുന്നത്. “അധികാരത്തിന്റെ ശീതളഛായ’ എന്ന തായാട്ടിന്റെ പ്രയോഗത്തെ വെല്ലുന്ന മറ്റൊന്ന് ചൂണ്ടിക്കാണിക്കാനാകില്ല. എന്നാലിപ്പോള്‍ പ്രസംഗ നിഘണ്ടുവില്‍ കയറിക്കൂടിയ വാക്കുകള്‍ ആധുനിക നാഗരികതക്ക് ഉള്‍ക്കൊള്ളാനാകാത്തതായി.

ചെറ്റത്തരം, തറവേല, നാലാംകിട രാഷ്ട്രീയം, ഉത്തരം താങ്ങുന്ന പല്ലി, ഹീനജന്തു, ഈര്‍ക്കില്‍ പാര്‍ട്ടി നേതാവ്, ആരാന്റെ പത്തായം തുരന്ന് ജീവിക്കുന്നവര്‍, ചതിയന്‍ ചന്തു, പുകഞ്ഞ കൊള്ളി, സ്ഥാനമാനങ്ങളുടെ വീതംവെപ്പ്, തിണ്ണ നിരങ്ങല്‍, പേട് തേങ്ങ, പുതുമഴയില്‍ മുളച്ച തകര തുടങ്ങിയ പദാവലികള്‍ സ്വാഭാവികമായി സ്വീകരിക്കപ്പെടുന്നത് അതേക്കാള്‍ അപകടകരം. “ചതിയന്‍ ചന്തു തൊപ്പി നൂറുവട്ടം ആര്‍ക്കാണ് ഇണങ്ങുക’ എന്ന് ബിനോയ് വിശദീകരിച്ചിരുന്നു. ഒറ്റപ്പാലം മണ്ണൂരിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നുവെന്നും ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സി പി ഐക്കെന്നുമാണ് മുന്‍ പാര്‍ലിമെന്റംഗം അസ്ത്രമെയ്തത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശമനുസരിച്ചാണ് പിണറായി ഭരണം എന്ന് ഒരിക്കല്‍ തട്ടിവിട്ട നടേശന് സ്വന്തം കള്ളക്കച്ചവടത്തിനപ്പുറം കണ്ണുപായില്ല.

എന്നാല്‍ കാന്തപുരമാകട്ടെ അമേരിക്കയുടെ ഫലസ്തീന്‍, വെനസ്വേല അധിനിവേശം മുതല്‍ ആള്‍ക്കൂട്ട വധങ്ങള്‍ തൊട്ട് ദളിത്- മുസ്‌ലിം പീഡനം വരെ ഉന്നയിക്കാറുണ്ട്. മലപ്പുറത്തെയും കാസര്‍കോടിനെയും മിനി പാകിസ്താന്‍ എന്ന മട്ടില്‍ വിലയിരുത്തിയ പ്രസ്താവനക്കെതിരെ എങ്ങുനിന്നും വിമര്‍ശനമുയര്‍ന്നപ്പോള്‍ മന്ത്രി സജി ചെറിയാന്‍ ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനായി. അതിനെ പിന്തുണക്കാതിരുന്നത് നടേശന്‍ മാത്രം. മന്ത്രിയുടെ നടപടി തെറ്റാണ്; സത്യം പറഞ്ഞതില്‍ നിന്ന് പിന്‍വാങ്ങുന്നത് വോട്ട് മുന്നില്‍ കണ്ടാണെന്നും ആക്ഷേപിച്ചു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായുള്ള തുടര്‍ ചര്‍ച്ചക്ക് ബി ഡി ജെ എസിന്റെ സര്‍ സംഘ്ചാലക് തുഷാറിനെ ചുമതലപ്പെടുത്തിയത് ന്യായീകരിക്കാനാകുമോ.

അനര്‍ഹമായ ഒരാവശ്യവും ഉന്നയിക്കാത്ത മതന്യൂനപക്ഷങ്ങള്‍ എല്ലാ സമുദായങ്ങളുടെയും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടുവരുന്നത്. ആ ജനവിഭാഗങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് വിദ്വേഷം വമിപ്പിക്കുന്ന ശക്തികളെ തുറന്നുകാട്ടുക ജനാധിപത്യവാദികളുടെ കടമയാണ്. എന്നിട്ടും ചില നേതാക്കളുടെ ആശ്വാസം നടേശന്റേത് ലീഗ് വിരുദ്ധത മാത്രമാണെന്നും. ആ കൊലവിളികളുടെ നാള്‍വഴികള്‍ ഗവേഷണം നടത്തിയാല്‍ എല്ലാം വ്യക്തമാകും. മുഗളരും ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും നൂറ്റാണ്ടുകള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടും സംസ്‌കാരത്തിന്റെ വേര് അറുക്കാനായില്ല.

സ്വാതന്ത്ര്യലബ്ധി കഴിഞ്ഞ് അതിന്റെ വഴി മധുര വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടേതുമായി. “മുസ്‌ലിംകളുടെ ഹിതമനുസരിച്ചേ ഇതര മതസ്ഥര്‍ക്ക് മലപ്പുറത്ത് കഴിയാനാവൂ’ തുടങ്ങിയ കുറ്റപത്രം സാമൂഹിക സ്ഥിതി സംബന്ധിച്ച പഠനങ്ങള്‍ റദ്ദാക്കിയതാണ്. ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ മോദിയുടെ പ്രധാന ആരോപണം “മാവോവാദി- മുസ്‌ലിം ലീഗ്- കോണ്‍ഗ്രസ്സ്’ (എം എം സി) എന്ന ചുരുക്കപ്പേരായിരുന്നു. ചുരുക്കത്തില്‍, ഉത്തരം താങ്ങുന്ന പല്ലികള്‍ക്ക് ഉത്തരമില്ലാതാക്കിയ ധീരതകള്‍ മറന്നുകൂടാത്തതാണ്.