Home LATEST NEWS malyalam പുതിയ വാർത്ത ഇളമണ്ണൂരില്‍ കാല്‍നടയാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടം: തമിഴ്നാട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഇളമണ്ണൂരില്‍ കാല്‍നടയാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടം: തമിഴ്നാട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

22
0

Source :- SIRAJLIVE NEWS

അടൂര്‍ | അടൂര്‍ ഇളമണ്ണൂരിന് സമീപം കെ പി റോഡില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കി കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട കാറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാറോടിച്ച തമിഴ്നാട് മധുര രാജഗോപാല്‍ നഗര്‍കോവില്‍ പെട്ടിയില്‍ സൂര്യ (24), മധുര മാവട്ടം രാജഗോപാല്‍ നഗറില്‍ ശക്തി (20), തെങ്കാശി കോട്ടപ്പുറം ആലുംമൂട് സ്വദേശി സതീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

ഇന്നലെ വൈകീട്ടുണ്ടായ അപകടത്തില്‍ ഇളമണ്ണൂര്‍ കുന്നുവിള കിഴക്കേതില്‍ ഉഷ (65) മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ശാന്ത എന്നയാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ശാന്തയുടെ കൂടെയുണ്ടായിരുന്ന ചെറുമകന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇളമണ്ണൂര്‍ ക്ഷേത്ര ഉത്സവത്തിനായി പോകുമ്പോഴാണ് ഇവര്‍ അപകടത്തിനിരയായത്. അടൂര്‍ ഭാഗത്തുനിന്ന് പത്തനാപുരം ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ കെ എല്‍-07 എ ജി 1431 മാരുതി 800 കാറാണ് വഴിയാത്രികരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെ പോലീസ് പുനലൂരില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൂന്നുപേരും മദ്യലഹരിയില്‍ ആയിരുന്നു.

മദ്യലഹരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതിനും, വാഹനം നിര്‍ത്താതെ പോയതിനും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത നിയമലംഘനം ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കും, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു.