Home LATEST NEWS malyalam പുതിയ വാർത്ത ഇറാൻ മുൾമുനയിൽ; യുദ്ധഭീതിയൊഴിയാതെ തെരുവുകൾ, കൂട്ടപ്പലായനവും ഭക്ഷ്യശേഖരണവും തുടരുന്നു

ഇറാൻ മുൾമുനയിൽ; യുദ്ധഭീതിയൊഴിയാതെ തെരുവുകൾ, കൂട്ടപ്പലായനവും ഭക്ഷ്യശേഖരണവും തുടരുന്നു

2
0

Source :- SIRAJLIVE NEWS

ടെഹ്‌റാൻ | ഇറാന് മേൽ അമേരിക്കൻ സൈനിക ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ രാജ്യം അതീവ ജാഗ്രതയിൽ. ഉറക്കമില്ലാത്ത രാത്രികളും ആശങ്ക നിറഞ്ഞ പകലുകളുമാണ് ഇറാനിലെ പ്രധാന നഗരങ്ങളിലെല്ലാം കടന്നുപോകുന്നത്. ജനീവയിൽ നടന്ന ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞതും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളും ഇറാൻ ജനതയെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

യുദ്ധം അനിവാര്യമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായതോടെ ജനങ്ങൾ അത്യാവശ്യ സാധനങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ടിന്നിലടച്ച ഭക്ഷണങ്ങൾ, ടോർച്ചുകൾ, കുടിവെള്ളം എന്നിവ വാങ്ങി സൂക്ഷിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യത്തിൽ രക്ഷപ്പെടാനുള്ള ബാഗുകളും പലരും തയ്യാറാക്കി കഴിഞ്ഞു. എന്നാൽ കടുത്ത ഉപരോധവും 62 ശതമാനത്തിന് മുകളിലുള്ള പണപ്പെരുപ്പവും കാരണം വിപണികൾ നിശ്ചലമാണ്. പേർഷ്യൻ പുതുവർഷമായ നൗറൂസ് ആഘോഷങ്ങൾക്കായുള്ള തിരക്ക് അനുഭവപ്പെടേണ്ട സമയമാണെങ്കിലും യുദ്ധഭീതിയിൽ വ്യാപാര മേഖല തകർന്നിരിക്കുകയാണ്.

അതേസമയം, ഇറാനിലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വലിയ വൈരുധ്യം തുടരുന്നു. 3,117 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതെങ്കിലും 7,007 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ എച്ച് ആർ എ എ അറിയിച്ചു. ഇന്റർനെറ്റ് നിയന്ത്രണങ്ങളും വ്യാപകമായ അറസ്റ്റുകളും കാരണം യഥാർത്ഥ കണക്കുകൾ പുറത്തുകൊണ്ടുവരുന്നത് അസാധ്യമാണെന്ന് യു എൻ വിദഗ്ധ മായ് സാറ്റോ വ്യക്തമാക്കി.

ആക്രമിക്കപ്പെട്ടാൽ മേഖലയിൽ വലിയ യുദ്ധം ഉണ്ടാകുമെന്നും തരിശുഭൂമി മാത്രമേ ബാക്കിയുണ്ടാകൂ എന്നുമുള്ള ‘ഭ്രാന്തൻ നിലപാട്’ ഇറാൻ സ്വീകരിച്ചേക്കുമെന്ന് ഇന്റലിജൻസ് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇറാഖ് യുദ്ധത്തിന്റെയും ഇസ്റാഈലുമായുണ്ടായ 12 ദിവസത്തെ സംഘർഷത്തിന്റെയും ഓർമ്മകൾ ജനങ്ങളെ വേട്ടയാടുകയാണ്. സമാധാന ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന ഒമാന്റെ വെളിപ്പെടുത്തലിലാണ് ഇപ്പോൾ ലോകത്തിന്റെ പ്രതീക്ഷ. വരും ആഴ്ചകളിൽ നടക്കുന്ന അടുത്ത ഘട്ട ചർച്ചകൾ ഇറാന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

Summary

The atmosphere in Iran has become increasingly tense as residents stockpile food and essentials in anticipation of potential US military strikes. Despite reports of slight progress in diplomatic talks, soaring inflation and the trauma of past conflicts have left the public in a state of hyper-vigilance. International observers remain concerned over the humanitarian situation and the possibility of a wider regional conflict if diplomacy fails in the upcoming negotiations.