Source :- SIRAJLIVE NEWS
അബൂദബി | ഇറാനില്‍ നിന്ന് വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും യു എ ഇ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. ഇന്നലെയുണ്ടായ ആക്രമണമാണ് പ്രതിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ അതിശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ ഇറാനില്‍ നിന്ന് തൊടുത്തുവിട്ട 298 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,606 ഡ്രോണുകളുമാണ് യു എ ഇ വ്യോമ പ്രതിരോധ സേന തകര്‍ത്തത്.
റുവൈസ് വ്യവസായ കേന്ദ്രത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി
അബൂദബി അബൂദബി റുവൈസ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിലെ സ്ഥാപനത്തിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം തീ പൂര്‍ണമായി അണയ്ക്കുകയും നിലവില്‍ കൂളിംഗ് നടപടികള്‍ തുടരുകയുമാണെന്ന് അബൂദബി മീഡിയ ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ ആളപായമോ പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
ഫുജൈറയില്‍ ഒരാള്‍ക്ക് പരുക്കേറ്റു
ഫുജൈറ ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടിത്തത്തില്‍ ജോര്‍ദാന്‍ സ്വദേശിയായ ഒരാള്‍ക്ക് നിസ്സാര പരുക്കേറ്റതായി അധികൃതര്‍ സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് അവശിഷ്ടങ്ങള്‍ എണ്ണ സംഭരണ കേന്ദ്രത്തിന് മുകളില്‍ വീണത്.
25 പേര്‍ അറസ്റ്റില്‍
അബൂദബി യു എ ഇയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ഇറാന്റെ ആക്രമണങ്ങളെ മഹത്വവത്കരിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 25 പേരെ അറസ്റ്റ് ചെയ്തു. ഇവരെ അടിയന്തര വിചാരണക്കായി കോടതിയിലേക്ക് മാറ്റാന്‍ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി ഉത്തരവിട്ടു.
വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇത്തരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശൈഖ് അബ്ദുല്ലയും ജയ്ശങ്കറും ചര്‍ച്ച നടത്തി
അബൂദബി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും തമ്മില്‍ ഫോണില്‍ സംസാരിച്ചു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തിയതായി ഡോ. എസ് ജയ്ശങ്കര്‍ അറിയിച്ചു. യു എ ഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ രാജ്യം കാണിക്കുന്ന പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു.
എമിറേറ്റ്സ് ടിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്താം
ദുബൈ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് വരെ യാത്രയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും റീബുക്കിംഗിനുമുള്ള സൗകര്യം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.



