Home LATEST NEWS malyalam പുതിയ വാർത്ത ആ പെരുന്നാള്‍ പെരുമകള്‍

ആ പെരുന്നാള്‍ പെരുമകള്‍

10
0

Source :- SIRAJLIVE NEWS

നോമ്പ് പതിനേഴിന് വല്യകുളത്തുള്ള ചെറിയ നിസ്‌കാരപ്പള്ളിയുടെ നായകൻ ഇബ്്റാഹിം മുസ്്ലിയാർ തറാവീഹ് നിസ്‌കാരത്തിന് ശേഷം നവയ്ത്തു എന്നു തുടങ്ങുന്ന പതിനെട്ടാമത്തെ നോമ്പിനുള്ള നിയ്യത്ത് വെച്ചതിനു ശേഷം ഞങ്ങൾ പള്ളിയിൽ നിന്നും ഇറങ്ങി. ബദരീങ്ങളുടെ ആണ്ടിന്റെ ചീര്ണി കൊടുക്കാൻ വേണ്ടിയാണ് വേലായുധേട്ടനേയും കൂട്ടി ഉമ്മ എന്നെ പള്ളിയിലേക്ക് പറഞ്ഞയച്ചത്. വലിയ വട്ട്ളത്തിൽ നിറയെ തരിക്കഞ്ഞിയായിരുന്നു. ബദരീങ്ങളുടെ ആണ്ടിനുള്ള പ്രത്യേക ഒജീനമാണ് തരിക്കഞ്ഞി. തലയിലെ തെരികയിൽ നിന്നും ചൂടുള്ള തരിക്കഞ്ഞി ഇറക്കിവെച്ചതിന് ശേഷം വേലായുധേട്ടൻ പുറത്തേക്ക് മാറിനിന്നു. ചെറ്റാറയിൽ മൊയ്തുണ്ണിയുടെ മകൻ സഊദിന് അന്ന് പള്ളിയിൽ ഇബ്്റാഹിം മുസ്്ലിയാരുടെ വക പ്രത്യേക പരിഗണനയായിരുന്നു.

കുടിയിൽ നിന്നും നോമ്പ് പിറന്നതിനു ശേഷം മഗ്്രിബ് നിസ്‌കരിച്ചതിന് പിന്നാലെയാണ് വിശുദ്ധ തരിക്കഞ്ഞിയുമായുള്ള എന്റെ വരവ്. വട്ടളത്തിന്റെ മൂടി തുറന്നതും തൂമിച്ച ഉള്ളിയുടെ മണം പള്ളിയിലാകെ പരന്നു. അത് ഇശാക്ക് വേണ്ടി കാത്തിരിക്കുകയാണ് “ഇശാ നിസ്‌കാരവും തറാവീഹ് നിസ്കാരവും കഴിഞ്ഞിട്ടേ ഇജ്ജി ഇനി പോകേണ്ടതുള്ളു’ എന്ന് ഇബ്റാഹിം മുസ്്ലിയാർ എനിക്ക് ആജ്ഞ നൽകിയിരുന്നു. ഇരുപത് റകഅത്തുള്ള തറാവീഹിന്റെ ഓരോ നിറുത്തത്തിലും പള്ളിയിലെ ജനാലക്ക് സമീപം വന്നിരുന്ന് വേലായുധേട്ടൻ എന്നെ നോക്കി എന്തോ പറയുന്നുണ്ട്. തരിക്കഞ്ഞിയുടെ വട്ടച്ചെമ്പും മൂടിയും കഴുകി വൃത്തിയാക്കി അദ്ദേഹത്തിന്റെ അടുത്ത് തന്നെയുണ്ട്.

നിസ്‌കാരം നീണ്ടു നീണ്ടു പോകുകയാണ്. ഫാത്തിഹക്ക് ശേഷമുള്ള നീളമുള്ള ദുആയാണ് ഇബ്്റാഹിം മുസ്‌ലിയാർ ഓതുന്നത്. ഒന്നാം സെഫിൽ മീശക്കാരൻ കുഞ്ഞയ്മുക്കക്കും ബീരാവു ഹാജിയുടെ മധ്യേയുള്ള ചെറിയ വിടവിലാണ് എട്ടാം ക്ലാസ്സുകാരനായ ഈ മിസ്‌കീനെ ഇസ്സത്തുൽ ഇസ്്ലാം എന്ന ഓത്തുപള്ളിയുടേയും അങ്ങാടിയിലെ ചെറിയ നിസ്‌കാരപ്പള്ളിയുടേയും അമീർ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. അവസാനത്തെ റകഅത്തിലെ ഫാത്തിഹയായി. ഹാവൂ ആശ്വാസമായല്ലോ.

നിസ്‌കാരത്തിന് ശേഷം വലിയ ജുമുഅത്ത് പള്ളിയിലെ ഉണ്ണീൻ കുട്ടി മുസ്്ലിയാർ ബദറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു ലഘു വയള് നടത്തി. തരിക്കഞ്ഞിയുടെ ഊർജത്തിന് പിന്നാലെ പഴംപൊരിയും ചീർണിയായി കാര്യസ്ഥൻ മാമുക്ക കൊണ്ടു വന്നിരുന്നു. പത്തോ പതിനൊന്നോ ദിവസം കൂടിയുണ്ടത്രേ പെരുന്നാളിന്. നിലാചന്ദ്രിക പള്ളിയിലും അങ്ങാടിയിലും പരന്നു കിടക്കുകയാണ്. പള്ളിയിൽ കറന്റില്ല. അകത്തേ പള്ളിയിലുള്ള മൂന്നു കമ്പി റാന്തലും ഒരു ചിമ്മിനി വിളക്കും പുറത്തുള്ള രണ്ട് പതിനാലാം നമ്പർ വിളക്കുമാണ് പള്ളിയിലെ വെളിച്ചക്കാർ.

നോമ്പിന് നിയ്യത്ത് വെച്ചു പള്ളി പിരിഞ്ഞു. പള്ളി ഹൗളിൽ വെള്ളം മുക്കി ഒഴിക്കുന്നുണ്ട് മദ്റസയിലെ മേപ്പാഠക്കാർ. രണ്ട് കട്ടയുള്ള ഒരു എവറെഡി ടോർച്ചുമായി വേലായുധേട്ടൻ നിലാവുള്ള ചെമ്പത്തെങ്ങിന് ചോട്ടിൽ എന്നെ കാത്തു നിൽക്കുന്നു. രാത്രി ബാധിച്ച് അങ്ങാടിയെ നക്കി വെളുപ്പിക്കുകയാണ് മുകളിൽ പകുതി വട്ടത്തിലുള്ള നിലാചന്ദ്രിക.

കോന്തലയിൽ പൊതിഞ്ഞ രണ്ട് രൂപ

സുബ്ഹി നിസ്‌കാരത്തിന് ശേഷം ഉമ്മ ദുആ ഇരക്കുന്നത് അവശേഷിച്ച ഉറക്കത്തിന്റെ പുതപ്പിൻവിടവിലൂടെ ഞാൻ കേട്ടു. പിന്നെ ഉറക്കച്ചടവുള്ള കണ്ണിറുമ്മി നോക്കി. കുടുംബത്തെ അദാബുകളാണ് ഉമ്മ പടച്ച തമ്പുരാനോട് പറയുന്നത്. വല്യക്കാക്ക് സത്ബുദ്ധി തോന്നാൻ , ചെറ്യക്കാടെ ഗൾഫിലെ അലച്ചിൽ മാറ്റി പണി കിട്ടാൻ , ചെറിയതാത്തക്ക് പെരയുണ്ടാകാൻ എന്നിങ്ങനെ കുടുംബത്തെ നാനാവിധ പായാരങ്ങൾ ഈ പ്രാർഥനക്ക് പ്രതിഫലം കിട്ടുന്ന മാസത്തിൽ അതിലെ തന്നെ ഏറ്റവും പ്രതിഫലമുള്ള ഇരുപത്തിയേഴാം രാവിൽ ഉമ്മ നിരത്തിവെക്കുകയാണ്. പകൽ വെളിച്ചം പരക്കുന്നേയുള്ളൂ. മുറ്റത്ത് ആരൊക്കെയോ വന്നിരിക്കുന്നു. എല്ലാവരും സ്വദഖ കിട്ടാൻ വേണ്ടി വന്നവരാണ്. ഉമ്മ വെറ്റിലപ്പാത്രത്തിന്റെ ചെറിയ കള്ളി തുറന്ന് ചില്ലറക്കാശുകൾ അവർക്കൊക്കെ കൊടുത്തു. വടക്കിനിയിൽ ചെന്ന് പാളയിൽ നിന്നും ഉമിക്കരിയെടുത്ത് പല്ലുതേക്കാൻ കിണറ്റിൻ കരയിലേക്കു പോകുന്ന എന്നെ തടഞ്ഞുനിർത്തി ഉമ്മ കോന്തല അഴിച്ച് രണ്ട് രൂപ തന്നു.

അത് ഇരുപത്തിയേഴാം രാവിന്റെ പൈസയാണ്. സ്‌കൂളിൽ പോകാൻ പുസ്തകങ്ങൾ കറുത്ത റബറിട്ട് കെട്ടി പുറത്തേക്കിറങ്ങി. പുറത്ത് നെറച്ചും 27ാം രാവിന്റെ തിരക്കാണ്. എരമംഗലത്തുള്ള ബീരാവു ഹാജിയുടെ പലചരക്ക് കടയിൽ നിൽക്കുന്ന കുഞ്ഞിക്ക എന്ന് ഞങ്ങൾ വിളിക്കുന്ന അമ്മാവനെ കണ്ടു. ഞാൻ അദ്ദേഹത്തിന്റെ പച്ച അരപ്പട്ടക്ക് സമീപം ചെന്നുനിന്നു .

“മയമുണ്ണ്യാ മരുമോനല്ലെ നിന്ന് പരുങ്ങുന്നത്, ഓൻക്ക് 27ാം രാവിന്റെ പൈസ കൊടുക്ക്. ” സദാ കണ്ണടച്ച് ഉറക്കം തുങ്ങുന്ന പി കുഞ്ഞിരാമൻ നായരെ പോലെ ദീർഘ കായനായ അമ്മാവൻ പച്ച അരപ്പട്ടയുടെ ഖജനാവ് തുറന്ന് അന്പത് പൈസയുടെ തുട്ട് കൈയിൽ വെച്ച് തന്നു. കെ പി ജി സ്കൂളിൽ അസംബ്ലി തുടങ്ങിയിരുന്നു . സ്‌കൂൾ ലീഡറായ എന്റെ അസംബ്ലിയിലെ അറ്റൻഷൻ സറ്റാൻഡ് അറ്റ് ഈസ് ഓർഡറുകൾ തെറ്റി. പൂട്ടിയ പറമ്പിൽ 27ാം രാവിലെ നോമ്പുകാരൻ ബാലൻസ് തെറ്റി വീണു. വീണിടത്തു നിന്നും ഉയർത്തെഴുന്നേൽപ്പിച്ചു.”
അസംബ്ലിക്ക് ശേഷം ഹെഡ്മാസ്റ്റർ ഗോദവർമ കുഞുണ്ണിയേട്ടൻ വഴി എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു.
” നെനക്ക് എന്താ ഒരു വയ്യായ ‘
നോമ്പുണ്ടോ? മാഹാളി പിടിച്ച പുഞ്ചക്കണ്ടത്തിലെ നെല്ലിൻ താളു പോലെയായല്ലോ?
കുട്ടികളെ ഉപമകൾ കൊണ്ട് പ്രാകി പ്രാകി ചിരിപ്പിച്ച് ചിരിപ്പിച്ച് മണ്ണ് കപ്പിക്കുന്ന മഹാ കാവ്യക്കാരനായിരുന്നു ഗോദവർമ. എന്റെ മുഖത്ത് കരുണയോടെ നോക്കിയിട്ട് പുനത്തിൽ കുഞ്ഞബ്ദുല്ലയെപ്പോലെ മാഷ് ചിരിക്കാൻ തുടങ്ങി.
” സ്‌കൂൾ ലീഡർ വീട്ടിൽ പൊയ്ക്കോ?’
നോമ്പുകാർക്ക് വീട്ടിൽ പോകാം എന്ന ഉത്തരവും കൊണ്ട് പ്യൂൺ കുഞ്ഞുണ്ണിയേട്ടൻ ക്ലാസ്സുകളിലേക്ക് കയറിപ്പോകുന്നുണ്ട്.

പെരുന്നാൾ കോടി തേടി അങ്ങാടി യാത്ര

” ഇനി മൂന്ന് നോമ്പും കൂടിയല്ലേ ഉള്ളൂ ? പെരുന്നാളിനുള്ള സാധനങ്ങളൊക്കെ എടുക്കേണ്ടേ?
ഉമ്മ നിസ്‌കാരത്തിന്റെ ഇടക്കു വടിക്കിനിയിൽ നിന്ന് പറയുന്നത് കേട്ടു. അന്ന് വൈകിട്ട് ഇക്കാക്ക എന്നേയും ഇജാസിനേയും കൂട്ടി വല്യകുളത്തെത്തി. മൂന്ന് തുണിപ്പീടികകളാണ് എരമംഗലത്തുള്ളത്. ഗോപി ടെക്സ്റ്റയിൽസിലാണ് ഞങ്ങളുടെ യാത്ര അവസാനിച്ചത്. നരണപ്പുഴ റോഡിനോട് ചേർന്നതാണ് ഗോപി ടെക്സ്റ്റയിൽസ്. എരമംഗലത്ത് ലിയ ട്യൂഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ചെറിയ ഇക്കാക്ക.
പെരുന്നാളല്ലേ വരുന്നത് അനിയന്മാർക്ക് ഓരോ കുപ്പായത്തിന്റെ തുണി, ട്രൗസറിന്റെ ശീല, ആച്ചൂന്ന് തട്ടത്തിന്റെ തുണി, ഉമ്മാക്ക് പെങ്കുപ്പായതുണി, പെറ്റമ്മാക്ക് തുണിയും കുപ്പായത്തുണിയും എന്നിങ്ങനെ വാങ്ങാൻ പോകുന്ന തുണിത്തരങ്ങളുടെ വിവരം ഗോപിയേട്ടനോട് ചെറ്യക്കാക സവിസ്തരം പറഞ്ഞു. ടെയ്്ലർ അറമുഖേട്ടൻ ഒരു സിംഗർ തയ്യൽ മെഷീനുമായി ഗുസ്തിയിലാണ്. പെരുന്നാൾ തിരക്കിലാണ് അറമുഖേട്ടൻ കോണിച്ചുവടിന് സമീപമുള്ള ഒരു ചെറിയ ഈടാമുട്ക്കിലാണ് അറമുഖേട്ടന്റെ ഫാഷൻ ടെയ്‌ലേഴ്സ്. മുരുക്കിൻ പെട്ടിയിൽ നിറയെ പെരുന്നാളിന് അടിച്ചുകൊടുക്കാനുള്ള വസ്‌ത്രങ്ങളാണ്. അറമുഖേട്ടന്റെ രണ്ട് സഹായികൾ ബട്ടനിൽ തുളപിടിപ്പിച്ച് തുന്നിക്കൊണ്ടിരിക്കുന്നു . മെഷീനിന്റെ കടകടാ ശബ്‌ദം ഗോപി ടെക്സ്റ്റയിൽസിന്റെ തിരക്കിന്റെ താളമാണ് .
ഗോപിയേട്ടന്റെ ചെവിയിൽ ചെറിയ ഇക്ക എന്തോ സ്വകാര്യം പറഞ്ഞു. കാശില്ലാത്തതാണ്. കടം പറഞ്ഞതായിരിക്കും.

കുടിയിൽ അഞ്ചിന്റെ പൈസയില്ലെന്ന് ഉമ്മ ഇക്കാക്കയോട് പറയുന്നത് കേട്ടിരുന്നു. തേങ്ങാക്കാരൻ കുറുമണിയൻ ബാപ്പുട്ടിക്കയുടെ തേങ്ങാപ്പറ്റിൽ ഇരുനൂറ് രൂപ ചോദിച്ചെങ്കിലും കിട്ടിയ ലക്ഷണമില്ല. പറ്റ് കൂടുതലാണത്രേ ! ഉമ്മാക്ക് ഒരു വരായയുമില്ലാതായിരിക്കുന്നു . അയിലക്കാട്ടെ പുഞ്ച നെല്ല് വിറ്റ പൈസ ഇനിയും കിട്ടിയിട്ടില്ല. വീട്ടിനോട് ചേർന്ന കയ്യാലയിൽ അപ്പടിയും നെല്ലാണ്. നെല്ല് വിറ്റ പൈസ കിട്ടിയിരുന്നെങ്കിൽ പെരുന്നാൾ ജോറാക്കാമായിരുന്നു. ഒന്നും നടക്കുന്ന മട്ടില്ല. കിട്ടുന്ന പൈസ മുയ്മനായിട്ടും പാടത്തും പറമ്പിലും ചെലവാക്കുകയാണത്രേ? കന്നുപൂട്ടുന്ന പാറൻ കുഞ്ഞിമാനും വേലുവേട്ടനും എന്നും കായിക്ക് വരും. എത്ര കിട്ടിയാലും ചെലവ് ആണ് . “വർസം പോലെയാണ് കിർസി’ എന്ന് ഉമ്മ ചെലവ് ചുരുക്കുന്നതിനുള്ള ന്യായീകരണ വാചകം പറയുന്നത് കേൾക്കാം. തുണിസാധനങ്ങൾ വാങ്ങി അവ അടിക്കാൻ അവിടെ തന്നെ കൊടുത്തു. പെരുന്നാളിന്റെ തലേന്ന് കിട്ടുന്ന കാര്യം സംശയമാണ്. അറമുഖേട്ടൻ അറത്ത് മുറിച്ചു പറഞ്ഞു. ഇക്കാക്ക സാധനങ്ങൾ തിരിച്ചുവാങ്ങി. മൂന്നാം ക്ലാസ്സുകാരനായ ഇക്കാക്ക ഓനെ കണ്ണുരുട്ടി പേടിപ്പിച്ചു. ചെറ്യ ഇക്കാക്ക എന്റെയും ഇജാസിന്റെയും കൈപിടിച്ച് തയ്യൽക്കട തേടി കുമാർ ടെയ്്ലേഴ്‌സിലെത്തി. ഇസ്തിരിയിടുന്ന കുഞ്ചു നായരുടെ അടുത്ത കടയാണ് കുമാർ ടെയ്്ലേഴ്‌സ്.

എരമംഗലം എൽ പി സ്‌കൂളിൽ ഉപ്പുമാവ് വെക്കുന്ന അമ്മാളുവേടത്തിയുടെ മകനാണ് കുമാരൻ. അളക്കുന്ന ടേപ്പ് കഴുത്തിൽ നീട്ടിയിട്ട് തുണി വെട്ടുകയാണ് കുമാരൻ. നാട്ടിലെ പേരുള്ള ടെയ്്്ലർമാരിൽ മുമ്പൻ കുമാരൻ. ഈ ടെയ്്ലർ എപ്പോഴും സിഗററ്റ് വലിക്കുന്നത് കാണാം. പെരുന്നാൾത്തലേന്ന് എല്ലാം കിട്ടുമെന്ന ഒരു നേരിയ ഉറപ്പിൻമേൽ ഇജാസിന്റെയും എന്റെയും അളവ് രേഖപ്പെടുത്തി കുമാർ ടെയ്‌ലേഴ്‌സിൽ നിന്നുമിറങ്ങി. റോഡിൽ കൊപ്രച്ചാക്കുകൾ നിരത്തി വെച്ചിരിക്കുന്നു. പഴഞ്ഞി വഴി പോകുന്ന ബസ്സിൽ കയറ്റാൻ അവ റെഡിയാക്കി വെക്കുകയാണ് യൂണിയൻകാർ. സാമ്പത്തികം കുഞ്ഞഹമ്മദ് അവിടെയിരുന്ന് രാഷ്ട്രീയം പറയുന്നു. ചെമ്പട്ടി കുഞ്ഞരക്കാർ ദേശാഭിമാനി നിരപ്പലകയിൽ നീട്ടിവെച്ച് വായിക്കുകയാണ്. ഓട് പിച്ചള പാത്രങ്ങൾ ഈയം പൂശലാണ് മൂപ്പരുടെ പണി. ഇക്കാക്ക ഞങ്ങളെ അപ്പുവേട്ടന്റെ ബാർബർ ഷാപ്പിലേക്ക് നയിച്ചു. പെരുന്നാളിന് മുടി വെട്ടിക്കാൻ വേണ്ടി വന്ന കുട്ടികളും മുതിർന്നവരുമുണ്ട് അവിടെ. ചുമരിൽ നിറയെ ചിത്രങ്ങളാണ് . ഇവിടെ രാഷ്ട്രീയം പറയരുതെന്ന് പ്രത്യേകം എഴുതിവെച്ചിട്ടുണ്ട്.

പാറൻ കുഞ്ഞിമാനും കിളക്കാരൻ ചന്തുവും കന്ന് പൂട്ടിയതിന്റെ പൈസക്ക് വീട്ടിൽ വന്നും പോയുമിരുന്നു. അവരെയൊക്കെ പഴുത്ത മൂവാണ്ടൻ മാങ്ങയും വരിക്കച്ചക്കയും നൽകി ഉമ്മ മടക്കിയയച്ചു.
പെരുന്നാളിന്റെ സാധനങ്ങൾ വാങ്ങാനും വാഴക്കുല നോക്കി പഴുപ്പിന് വെപ്പിക്കാനുമായി അങ്ങാടിയിൽ വീണ്ടും വീണ്ടും പോയിക്കൊണ്ടിരുന്നു. ഇതിനിടയിൽ ടെയ്്ലർ കുമാരേട്ടന്റെ കുമാർ ടെയ്്ലേഴ്സിലും പോയി നോക്കിക്കൊണ്ടേയിരുന്നു. ഒന്നും അടിച്ചിട്ടില്ല വെട്ടിവെച്ചിട്ടേ ഉള്ളൂ എന്നായി കുമാരേട്ടൻ.

ഇക്കാക്കയുടെ കാശും പെരുന്നാൾ കത്തും

വീട്ടിൽ തിരിച്ചെത്തിയ ഞങ്ങളെ ഏതിരേറ്റത് ഉമ്മ പെറ്റമ്മ പെങ്ങമ്മാരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളാണ്. കുഞ്ഞിമോന്റെ കത്തും കാശും വന്നിട്ടുണ്ട് . പെരുന്നാൾ ചെലവിനുള്ളതാണ്.
ഇക്കാക്ക കത്തെടുത്ത് വായിച്ചു, ആച്ചു കത്തെടുത്ത് വായിച്ചു . ഞാനും കത്തെടുത്തു വായിച്ചു. ആ നേരത്ത് അവിടെ കൃത്യമായി ഇറ്റി വീണ വേലായുധേട്ടനും കത്ത് വായിച്ചു.
അന്നു തന്നെ നെടുങ്ങാടി ബേങ്കിൽ പോയി ഡ്രാഫ്്റ്റ് മാറി. ഉമ്മ പെരുന്നാളിന് വന്ന കുഞ്ഞിമോന്റെ കത്തിന്റെ കാര്യം എല്ലാവരോടും പറഞ്ഞുകൊണ്ടേയിരുന്നു. അഞ്ച് രൂപയുടെ നൂറ് നോട്ടുകളും പത്ത് രൂപയുടെ അന്പത് നോട്ടുകളുമായി ഞങ്ങൾ മൂന്ന് മണിയോടെ വീട്ടിൽ തിരിച്ചെത്തി.
നാളെ മാസം കാണുമോ? വൈകിയാൽ മുപ്പത് നോമ്പിന്റെ പൂർണത പറഞ്ഞുകൊണ്ടേയിരുന്നു ഉമ്മയും പെറ്റമ്മയും. ഇതിനിടയിൽ ശവ്വാൽ പിറ പോലെ മറ്റൊരു വെളിച്ചവും പെരയിലെത്തി. പുഞ്ച നെല്ല് വിറ്റതിന്റെ പൈസയുമായി അയിലക്കാട് നിന്ന് ബാവക്കയും എത്തിച്ചേർന്നിരിക്കുന്നു .
ചെറ്യ ഇക്കാക്ക വേലായുധേട്ടനേയും കുട്ടി എരമംഗലത്തേക്ക് ചെല്ലാൻ പറഞ്ഞയച്ചിരിക്കുന്നു. പെരുന്നാളിന്റെ കാര്യങ്ങൾക്ക് ഇടക്കിടക്ക് പോയി നോക്കുന്നതിനും നെല്ല് കുത്തിച്ചു കൊണ്ടു വരുന്നതിനുമായി സൈക്കിൾ മൊയ്തുട്ടിക്കയുടെ കടയിൽ നിന്നെടുത്ത കാരിയറുള്ള സൈക്കിൾ മുറ്റത്തിരിക്കുന്നുണ്ട്. കാപ്പിക്കാരൻ ആലുക്കയുടെ കടയിൽ പഴുപ്പിന് വെച്ച കുലകൾ ഒരു ബന്തവസ്തിൽ വെച്ചിരിക്കുകയാണ്. വൈക്കോൽ വെച്ചാണ് പഴുപ്പിക്കുന്നത്. വേലായുധേട്ടൻ ചെത്തിയ ഭാഗം പരിശോധിച്ചു. അതാ ഇന്നലെ പച്ചച്ച് നിന്നിരുന്ന എല്ലാ പടലയിലേക്കും മഞ്ഞ കയറിയിരിക്കുന്നു. ഇനി ഏഴ് പെരുന്നാളിനും ഈ സുന്ദരമായ വാഴക്കൂല തന്നെ വേണം. പൈസ കൊടുത്ത് സൈക്കിളിന്റെ കരിയറിൽ വാഴക്കുല വേലയുധേട്ടൻ സാവധാനം സൈക്കിൾ ചവിട്ടാൻ തുടങ്ങി. പിന്നാലെ ഞാനും.
മാസം കാണാത്ത കാരണം പെരുന്നാൾ നാളെയല്ലത്രേ! അങ്ങാടിയിൽ നിന്ന് അറക്കാൻ തയ്യാറായ പോത്തിൻ കുട്ടികൾ അമറാൻ തുടങ്ങി. എല്ലാവരും നല്ല സന്തോഷത്തിലാണ്. മുപ്പത് നോമ്പ് തികച്ചു കിട്ടിയല്ലോ? പള്ളിയിൽ തറാവീഹ് നിസ്‌കാരം തുടങ്ങിയിരിക്കുന്നു.
പതിനാല് പടലയുള്ള നീണ്ട് മഞ്ഞ വാഴക്കുല മണ്ടകത്തെ വിട്ടത്തിൽ വേലായുധേട്ടൻ കെട്ടിത്തൂക്കി. പെരുന്നാൾ ചോറ് തിന്ന് കഴിഞ്ഞാൽ പഴവും പഞ്ചസാരയും ഒരു പിടി ചോറും കൂട്ടിക്കുഴച്ച് ഒരു പിടുത്തമുണ്ട്. ഒരു വട്ടിക്കൊട്ട നിറയെ സാധനങ്ങളുമായി പിന്നെയും വാടക സൈക്കിൾ വന്ന് ബെല്ലടിച്ചു . വാസന സോപ്പ് ഉണ്ട്. നാളെ രാവിലെ വാസന സോപ്പ് തേച്ച് കുളത്തിൽ ഒന്നു മുങ്ങി മറിയണം. പെരുന്നാൾ തലേന്നാണ്; ഉറക്കം വരുന്നില്ല. മുപ്പത് നോമ്പ് കിട്ടിയ സന്തോഷത്തിലാണ് നാടും വീടും. എല്ലാവരും പ്രാർഥനയിലാണ്. വ്രതശുദ്ധിയുടെ മുപ്പത് ദിനരാത്രങ്ങൾ തീരുകയാണ്. വലിയ നിസ്കാരപ്പള്ളിയിലും ചെറിയ നിസ്‌കാരപ്പള്ളിയിലും ഒത്തുകൂടിയ വലിയ സംഘക്കാർ വഴിപിരിയുകയാണ്. പരസ്പരം കെട്ടിപ്പിടിച്ച് അവരൊക്ക സലാം പറഞ്ഞു. അങ്ങാടിയിൽ തിരക്ക് കൂടി. പപ്പടം വാങ്ങുന്നവർ പഴവും പച്ചക്കറിയും വാങ്ങുന്നവർ ഇറച്ചി വാങ്ങുന്നുന്നവർ. അടിച്ചുകിട്ടിയ പെരുന്നാൾക്കോടി വാങ്ങി തിരിച്ചു പോകുന്നവർ. നുറുക്ക് മീൻ വാങ്ങാനെത്തിയവർ.
ഫിത്വർ സക്കാത്തിന്റെ അരിക്ക് വേണ്ടി തട്ടമിട്ട നോമ്പുകാരികൾ പുറത്തിറങ്ങിക്കഴിഞ്ഞു. പല വീടുകളിലും ഉമ്മമാർ ഫിത്വറിന്റെ അരി അവരുടെ വേണ്ടപ്പെട്ടവരുടെ സന്ധിബന്ധങ്ങൾക്ക് സഞ്ചിയിലാക്കി കൊടുത്തയക്കുന്നു. വാങ്ങുന്നവരും കൊടുക്കുന്നവരുടെ ശബ്ദ കോലാഹലങ്ങളും നടന്നുപോക്കുകളിൽ ഈ പെരുന്നാൾ രാവ് തക്ബീർ ധ്വനികളോടു കൂടി സാന്ദ്രമാകുകയാണ്. നാളെയാണല്ലോ പെരുന്നാൾ. നേർത്ത് നേർത്ത അമ്പിളിയുടെ പൊന്നരിവാൾ ചുണ്ട് നീലവാനിൽ പ്രത്യക്ഷമായിരിക്കുന്നു.

വന്നെത്തി പെരുന്നാൾ കുരുവികൾ

രാവിലെ നേരത്തെ എഴുന്നേറ്റു. എണീറ്റപാടെ എണ്ണക്കുപ്പികൾ വന്നു. പെരുന്നാൾ കുളി എണ്ണ തേച്ചു കുളിയുടേത് കൂടിയാണ്. മുറ്റത്ത് നെല്ലുമണി തിന്നുന്നുണ്ട് അടക്കക്കിളികൾ. ചെലാട്ടിക്കിളികൾ എന്നും അവക്ക് മറുപേരുണ്ട്. കൂട്ടുകാർ പെരുന്നാൾ കുളിക്കായി നീർ കോട്ടേലെ കുളഞ്ഞിലെത്തിയിരിക്കുന്നു. എല്ലാവരും എണ്ണ തേച്ച് കളരിയഭ്യാസികളെപ്പോലെ കസർത്തു കാണിക്കുകയാണ്. എല്ലാവരുടെ കൈയിലും വാസനസ്സോപ്പ് കിടന്നു ലങ്കി മറിയുന്നു.

സാബൂൻ കൊണ്ട് തേച്ച് കുളിച്ചിരുന്നവരൊക്കെ പെരുന്നാളിന് വാസനസ്സോപ്പിന്റെ തിളങ്ങുന്ന കവർ അടർത്തി മാറ്റി സോപ്പ് മണപ്പിച്ചു നീർക്കോട്ടേലെ കുളത്തിന്റെ നിറഞ്ഞ ജലസമൃദ്ധിയിലേക്ക് എടുത്തു ചാടി. ഒരു പടക്കുള്ള ആളുകളുണ്ടായിരുന്നു കുളത്തിന്റെ കരയിൽ. അതുവരെ ശാന്തമായ കുളം പെരുന്നാൾക്കാരുടെ ജല നിരാട്ടിൽ ആനന്ദ ഭരിതമായി.

കുളത്തിന്റെ വക്കത്തെ കൈതക്കൂട്ടിൽ നിന്നും ഒരു തവളയും നീർക്കോലിയും എത്തിനോക്കി. പെരുന്നാൾക്കുളി കഴിഞ്ഞ കുളത്തിന്റെ നിശ്ചലമായ ജലപ്പരപ്പിൽ എണ്ണയുടെ പാട കാണാം. കൈതപ്പൂവിന്റെ മണം നീർക്കോട്ടേൽ കുളത്തിന്റെ അന്തരീക്ഷത്തിൽ വാസനസ്സോപ്പിന്റെ ഗന്ധത്തെ മായ്ചു കളഞ്ഞു. കുളിച്ചുവന്നപാടേ കുമാർ ടെയ്്ലേഴ്സിൽ നിന്നും തയ്ച്ചു കൊണ്ടുവന്ന പുത്തൻ കുപ്പായവും ട്രൗസറുമിട്ടു. അതിന്റെ മുകളിൽ ചെറിയ ഇക്കാക്ക ഒരു മുണ്ടുടുപ്പിച്ചു.

“പള്ളിയിലേക്ക് പൊയ്ക്കോളീൻ മരിച്ചുപോയ നിങ്ങടെ ഉപ്പയുടെ ഖബറിങ്ങൽ ഒരു യാസീൻ ഓതാൻ മറക്കണ്ട’
ഉമ്മ മുമ്പാരത്ത് വന്ന് എണ്ണിപ്പറയാൻ തുടങ്ങി. വലിയ നിസ്‌കാരപ്പള്ളിയിൽ നല്ല തിരക്കായിരുന്നു. പെരുന്നാൾ നിസ്‌കാരത്തിന് വന്നവർ സലാം പറഞ്ഞു കെട്ടിപ്പിടിക്കുന്നു. പെരു ന്നാൾ നിസ്‌കാരം കഴിഞ്ഞു, ഉണ്ണീൻ കുട്ടി മുസ്്ലിയാരുടെ പെരുന്നാൾ പ്രഭാഷണമുണ്ടായിരുന്നു. ഇബ്്റാഹിം മുസ്്ലിയാർ തുർക്കിത്തൊപ്പി വെച്ച് കോട്ടും മുണ്ടും ധരിച്ചു കണ്ണടച്ച് ധ്യാനനിരതനായി ദസ്ബി മണികൾ നീക്കി ദിക്ർ ചൊല്ലുകയാണ്. പെരുന്നാൾ നിസ്‌കാരം കഴിഞ്ഞ് എല്ലാവരും അവരവരുടെ വേണ്ടപ്പെട്ടവരുടെ ഖബറിങ്ങൽ ചെന്ന് ദുആ ഇരക്കുന്നു. ഇക്ക എന്നെ കരിമ്പനച്ചുവട്ടിലുള്ള ഉപ്പയുടെ ഖബറിന്റെ അടുത്തേക്ക് കൊണ്ടുപോയി. കാടും പടലും പിടിച്ച ഖബർ വകഞ്ഞുമാറ്റി മീസാൻ കല്ല് കാണിച്ചുതന്നു. ഇക്കാ യാസീൻ ഓതി ദുആ ഇരന്നു.

സുപ്ര വിരിച്ചു പെരുന്നാൾ ചോറ് തിന്നാനിരുന്നു. ആദ്യം വന്നത് പ്ലെയ്റ്റുകളായിരുന്നു. കാബേജിന്റെ ഉപ്പേരി വന്നു, മുളക് കറിവന്നു, പപ്പടം വന്നു, മീൻ കറിവന്നു മോര് വന്നു. അവസാനം വന്നത് പഴമായിരുന്നു. മൂന്ന് പടല വയറ് നിറച്ചു ചോറ് തിന്നതിനു ശേഷം വാഴക്കയിൽ പപ്പടവും പഞ്ചസാര ഒരു പിടി വറ്റും കുട്ടി കുഴച്ച് തിന്നതിനു ശേഷം എല്ലാവരും എഴുന്നേറ്റു. പെരുന്നാളിന്റെ വെയിലാറി. വാടക സൈക്കിളിൽ കയറി ബന്ധുവീടുകളും ചങ്ങായിമാരുടെ വീടുകളും സന്ദർശിച്ചു. തിരിച്ചു വീട്ടിൽ വന്നു. നിഴലുകളെ നോക്കി തനിച്ചിരുന്നു. അസറിന്റെ നേരമായി. നീണ്ട നിഴലളന്ന് ഉമ്മാക്ക് കണക്ക് പറഞ്ഞുകൊടുത്തു. പെരുന്നാൾ കിളികൾ ദൂരെ എവിടേയോ ഇരുന്നു കരയുന്നത് കേട്ടു. അത് രാവിലത്തെ സന്തോഷ സ്വരമല്ല; വിലാപത്തിന്റെ നഷ്ടപ്പെട്ട എന്തിന്റെയോ സങ്കടക്കരച്ചിലാണ്.

.